'ബി.ജെ.പി എന്ന് അധികാരത്തില്‍ വന്നോ, അന്ന് യു.പിയുടെ സമ്പദ്‌വ്യവസ്ഥയും കുതിച്ചുയര്‍ന്നു'; യോഗി ആദിത്യനാഥ്
national news
'ബി.ജെ.പി എന്ന് അധികാരത്തില്‍ വന്നോ, അന്ന് യു.പിയുടെ സമ്പദ്‌വ്യവസ്ഥയും കുതിച്ചുയര്‍ന്നു'; യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd May 2022, 11:44 pm

ലഖ്‌നൗ: ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയര്‍ന്നതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിസിനസ് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള സംസ്ഥാനങ്ങളില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് യു.പിയെന്നും യോഗി പറഞ്ഞു.

മികച്ച ജീവിതരീതി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ യു.പി ഒന്നാം സ്ഥാനത്താണ്. 70 വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നാലില്‍ ഒന്ന് മാത്രമായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് ഇത് രണ്ടിരട്ടിയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും യു.പി ഇന്ന് ‘എക്‌സ്പ്രസ് വേ’ ആയാണ് അറിയപ്പെടുന്നതെന്നും യോഗി പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തുണ്ടായ മാറ്റങ്ങള്‍ എണ്ണിപ്പറയുകയായിരുന്നു യോഗി. ‘ഈദ് ദിനത്തില്‍ റോഡിലുള്ള നമസ്‌കാരം നിര്‍ത്തി. പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്തു. ഇവ ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും കൈമാറുകയും ചെയ്തു,’ യോഗി പറഞ്ഞു.

ഏകദേശം ഒരു ലക്ഷത്തോളം ലൗഡ്സ്പീക്കറുകളുടെ ശബ്ദം കുറയ്ക്കുകയോ, എടുത്തുമാറ്റുകയോ ചെയ്തിട്ടുണ്ടെന്നും യോഗി അഭിപ്രായപ്പെട്ടിരുന്നു.

തെരുവിലലയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ കൂടുതല്‍ കന്നുകാലി സംരക്ഷണ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിര്‍മിച്ചതായും യോഗി പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് യു.പിയിലെ തെരുവുകളില്‍ കന്നുകാലികള്‍ അലഞ്ഞുതിരിയുന്നത് ജനജീവിതത്തെയും കൃഷിയേയും ബാധിക്കുന്നുണ്ടെന്ന പ്രശ്‌നം ചൂണ്ടിക്കാട്ടി കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Content Highlight: ‘When the BJP came to power, the UP economy started to grow’; Yogi Adityanath