ഇപ്പോള്‍ പോകുന്നു, അടുത്ത ചിത്രത്തെ പറ്റി പറയാന്‍ വരാം: ലോകേഷ് കനകരാജ്
Entertainment news
ഇപ്പോള്‍ പോകുന്നു, അടുത്ത ചിത്രത്തെ പറ്റി പറയാന്‍ വരാം: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st August 2022, 9:38 pm

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. കമല്‍ഹാസനെ നായകനാക്കി ഒടുവില്‍ പുറത്തുവന്ന വിക്രം റെക്കോഡ് കളക്ഷന്‍ നേടിയാണ് തിയേറ്റര്‍ വിട്ടത്.

ഇപ്പോഴിതാ തന്റെ എല്ലാ സാമുഹിക മാധ്യമങ്ങളില്‍ നിന്നും കുറച്ച് നാള്‍ ബ്രേക്ക് എടുക്കുകയാണ് എന്ന് പറഞ്ഞിരിക്കുകയാണ് ലോകേഷ്. പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പറയുവാനായി തിരികെ എത്താമെന്നും ലോകേഷ് പറയുന്നു.

‘ എന്റെ എല്ലാ സമുഹിക മാധ്യമങ്ങളില്‍ നിന്നും കുറച്ച് നാളത്തേക്ക് ഞാന്‍ ബ്രേക്കെടുക്കുകയാണ്. അടുത്ത ചിത്രത്തിന്റെ വിവരങ്ങള്‍ പങ്കുവെക്കാനായി ഞാന്‍ എത്തും അതുവരെ എല്ലാവരും നന്നായി ഇരിക്കൂ,’ ലോകേഷ് പറഞ്ഞു.

വിക്രം കഴിഞ്ഞ ദിവസമായിരുന്നു 400 കോടി ക്ലബ്ബില്‍ കയറി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഒ.ടി.ടി റിലീസ് ചെയ്ത ശേഷവും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. റെക്കോഡ് തുകക്കാണ് ഡിസ്നി ചിത്രം സ്വന്തമാക്കിയത്. വിക്രം വിജയിച്ചതിന്റെ സന്തോഷത്തില്‍ കമല്‍ഹാസന്‍ ലോകേഷിന് ആഡംബര കാര്‍ സമ്മാനിച്ചതും വാര്‍ത്തയായിരുന്നു.

അതേസമയം വിജയിനെ നായകനാക്കിയാവും ലോകേഷിന്റെ അടുത്ത ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയയിയുടെ മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാവും ചിത്രം പുറത്തുവരിക എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Content Highlight : Lokesh Kanakaraj says he take a break from all social media platforms and retrun back with new movie Announcement