പാപ്പന്‍ കഴിഞ്ഞു ഇനി മൂസ; സുരേഷ് ഗോപിയുടെ മേ ഹൂം മൂസ ഫസ്റ്റ് ലുക്ക്
Entertainment news
പാപ്പന്‍ കഴിഞ്ഞു ഇനി മൂസ; സുരേഷ് ഗോപിയുടെ മേ ഹൂം മൂസ ഫസ്റ്റ് ലുക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st August 2022, 7:51 pm

ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി എത്തിയ പാപ്പന്’ ശേഷം സുരേഷ് ഗോപിയുടെ അടുത്ത ചിത്രം മേ ഹൂം മൂസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

സുരേഷ് ഗോപി തന്നെയാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയായിട്ടാണ് എത്തുന്നത്. സെപ്റ്റംബര്‍ 30 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.

ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയായ മൂസയുടെ ഡബ്ബിങ് ഇന്നലെയായിരുന്നു ആരംഭിച്ചത്. യാഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. മലപ്പുറംകാരനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തില്‍ 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടം വരെയുള്ള കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഇന്ത്യയില്‍ പലയിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. കഥ, തിരക്കഥ, സംഭാഷണം റുബീഷ് റെയ്ന്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ഹരീഷ് കണാരന്‍, പൂനം ബജ്വ, ജോണി ആന്റണി, സലിം കുമാര്‍, സൈജു കുറുപ്പ്, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വിഷ്ണു നാരായണന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് സൂരജ്. കുട്ടനാടന്‍ ബ്ലോഗിലൂടെ സംഗീത സംവിധാന രംഗത്തേക്ക് വന്ന ശ്രീനാഥ് ശിവശങ്കരാണ് മേ ഹൂം മൂസയുടെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

അതേസമയം പാപ്പന്‍ സമ്മിശ്ര പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം മൂന്ന് ദിവസം കൊണ്ട് തന്നെ മികച്ച കളക്ഷനാണ് നേടിയത്.

സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പാപ്പനുണ്ട്. ആക്ഷന്‍ ത്രില്ലറായെത്തിയ ചിത്രത്തില്‍ നൈല ഉഷ, നിത പിള്ള, ഷമ്മി തിലകന്‍, വിജയ രാഘവന്‍, സജിത മഠത്തില്‍, ആശ ശരത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Content Highlight : Suresh gopi’s next movie Me hoom moosa firest look poster released