'കണ്ടാല്‍ അഭിനയിക്കുകയല്ലെന്ന് തോന്നും, പക്ഷേ അഭിനയം കണ്ണിലുണ്ടാകും, ഇതൊക്കെ എങ്ങനെ ചെയ്യുന്നതാണ് മനസ്സിലാകുന്നില്ല': ഫഹദിനെ കുറിച്ച് ലോകേഷ് കനകരാജ്
Entertainment news
'കണ്ടാല്‍ അഭിനയിക്കുകയല്ലെന്ന് തോന്നും, പക്ഷേ അഭിനയം കണ്ണിലുണ്ടാകും, ഇതൊക്കെ എങ്ങനെ ചെയ്യുന്നതാണ് മനസ്സിലാകുന്നില്ല': ഫഹദിനെ കുറിച്ച് ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th June 2022, 10:55 pm

ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രേക്ഷക മനസ്സില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്.

കമല്‍ഹാസന്‍, സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണ് വിക്രം.

കേരളത്തിലും ചിത്രം ഹിറ്റായി പ്രദര്‍ശനം തുടരവേ സോഷ്യല്‍ മീഡിയയില്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.

ഷൂട്ടിങ്ങ് സമയത്ത് ഫഹദ് ഫാസിലുമായുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ലോകേഷ് കനകരാജ്. ബിഹൈന്‍ഡ്‌വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷിന്റെ പ്രതികരണം.

‘ഞാന്‍ വിചാരിച്ചതിലും നേര്‍വിപരീതമായിരുന്നു ഫഹദ്. കേരളത്തിലെ സൂപ്പര്‍സ്റ്റാറാണ്, അവിടെനിന്നും ഇവിടെ വന്ന് ജോലി ചെയ്യുകയാണ്. അതിന്റെ ഒന്നും അദ്ദേഹം സെറ്റില്‍ കാണിച്ചിരുന്നില്ല.

ഫഹദ് വരുമ്പോളൊക്കെ സെറ്റ് നല്ല ജോളിയായിരിക്കും. സേതു അണ്ണന്‍ (വിജയ് സേതുപതി) വന്നാല്‍ സെറ്റില്‍ ജോളിയായിരിക്കും അതുപോലെയായിരുന്നു ഫഹദും. ഷൂട്ട് കഴിഞ്ഞാല്‍ ഒരുമിച്ച് പുറത്തുപോകും. ഷൂട്ട് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഞങ്ങളെ ‘മച്ചി’ എന്നൊക്കെ വിളിച്ചു തുടങ്ങി,’ ലോകേഷ് പറഞ്ഞു.

ഫഹദെന്ന നടനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടായിരുന്നെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

‘ഫഹദ് എന്ന നടനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹം ഓരോ സീനിനെയും അപ്രോച്ച് ചെയ്യുന്ന രീതി വ്യത്യസ്തമാണ്. അഭിനയിക്കാത്ത പോലെയിരിക്കും പക്ഷേ അത്രയധികം ഒരു സീനില്‍ അഭിനയിക്കുന്നുണ്ടാകും. അതെങ്ങനെയാണെന്ന് മനസ്സിലായിട്ടില്ല. കണ്ണിലാണ് അഭിനയം. ഫഹദിനെ വിശ്വസിച്ച് എന്ത് വേണമെങ്കിലും എഴുതാം,’ ലോകേഷ് കനകരാജ് പറഞ്ഞു.

രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Lokesh Kanakaraj about Fahad Fasil in Vikram