മോദി സര്‍ക്കാര്‍ രാജ്യത്തോടും ജനങ്ങളോടും കൂറ് കാണിച്ചിട്ടില്ല, വരും ദിവസങ്ങളില്‍ പണപ്പെരുപ്പം ഉയരും: രാഹുല്‍ ഗാന്ധി
national news
മോദി സര്‍ക്കാര്‍ രാജ്യത്തോടും ജനങ്ങളോടും കൂറ് കാണിച്ചിട്ടില്ല, വരും ദിവസങ്ങളില്‍ പണപ്പെരുപ്പം ഉയരും: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th June 2022, 10:09 pm

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ രാജ്യത്തോടും ജനങ്ങളോടും കൂറ് കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വരും ദിവസങ്ങളില്‍ രാജ്യത്തെ പണപ്പെരുപ്പം കുതിച്ചുയരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ മുന്നോട്ടുവെച്ച തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലമുണ്ടായ പണപ്പെരുപ്പത്തിന്റെ ഭാരം സാധാരണക്കാരന്‍ ചുമക്കേണ്ട അവസ്ഥയായെന്നും രാഹുല്‍ പറഞ്ഞു.

‘മോദി സര്‍ക്കാര്‍ രാജ്യത്തോടോ ജനങ്ങളോടോ കൂറ് കാണിച്ചിട്ടില്ല. ഞാന്‍ പണപ്പെരുപ്പത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. രാജ്യത്ത് വരും ദിവസങ്ങളില്‍ പണപ്പെരുപ്പം കുറയുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് തെറ്റായ ധാരണ മാത്രമാണ്. വരും ദിവസങ്ങളില്‍ മോദി സര്‍ക്കാരിന്റെ പതിയ ആക്രമണത്തിന് തയ്യാറായിക്കോളൂ,’ രാഹുലിനെ ഉദ്ധരിച്ച് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്തു.

റിസര്‍വ് ബാങ്ക് 0.50ശതമാനമായി ഉയര്‍ത്തിയ റിപ്പോ നിരക്ക് ഇപ്പോള്‍ 4.90 ശതമാനമാണ്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2022-23 കാലയളവില്‍ പണപ്പെരുപ്പം ഉയരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒന്‍പത് വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് നിലവില്‍ രാജ്യത്തുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പച്ചക്കറി, പഴം, പാല്‍, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് ഈ കുതിപ്പിന് പിന്നില്‍. രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെക്കോഡ് നിലവാരത്തിലേക്കാണ് എത്തിയിരിക്കുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Content Highlights: Modi government hasn’t showed loyalty to the country says rahul gandhi