തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. 2017ല്‍ റിലീസായ മാനഗരം ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. രണ്ടാമത്തെ സിനിമയായ കൈതി, വിജയ്യുടെ സിനിമയുമായി ക്ലാഷ് വെച്ച് 100 കോടി നേടിയതോടെ ലോകേഷ് കൂടുതല്‍ ശ്രദ്ധേയനാകുകയായിരുന്നു. പിന്നീട് വന്ന മാസ്റ്റര്‍ കൊവിഡ് കാലത്ത് തിയേറ്ററുകളുടെ രക്ഷകനായി മാറി. അതിന് ശേഷം കമല്‍ ഹാസനെ നായകനാക്കിയെത്തിയ വിക്രവും വലിയ വിജയമായി. പിന്നീട് തൊട്ടടുത്ത വര്‍ഷമെത്തിയ ലിയോ കൂടി ഇന്‍ഡസ്ട്രി ഹിറ്റായതോടെ തമിഴിലെ ബ്രാന്‍ഡ് ഡയറക്ടറായി ലോകേഷ് മാറി. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാമത്തെ ചിത്രമായിരുന്നു ഇത്.
ക്യാമറക്ക് പിന്നില്‍ നിന്നും നായകനായി ലോകേഷ് കനകരാജ് ചുവടുവെക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ അരുണ്‍ മാതേശ്വരന്റെ വരാനിരിക്കുന്ന പ്രൊജക്റ്റിനായി ലോകേഷ് കനകരാജ് ഇപ്പോള്‍ തായ്ലന്‍ഡില്‍ ആയോധനകല പരിശീലനം നടത്തുന്നു എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. മികച്ച ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാരിക്കും ലോകേഷ് കനകരാജ് തന്റെ അഭിനയ ജീവിതം തുടങ്ങുന്നതാണെന്നാണ് സൂചനകള്‍.
അരുണ്‍ മാതേശ്വരന്‍ ചിത്രം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ കാര്‍ത്തി നായകനാകുന്ന ‘കൈതി 2’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ സ്റ്റേജിലേക്ക് ലോകേഷ് കനകരാജ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതിന് ശേഷം ബോളിവുഡ് ഐക്കണ്‍ ആമിര്‍ ഖാനും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രവും ഉണ്ടാകും. സൂപ്പര്‍ ഹീറോ പടമായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്.
മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനത്തിനിടേയും ലോകേഷ് കൂലിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ ബിസിയാണ്. സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഓഗസ്റ്റ് 14ന് ഗ്രാന്‍ഡ് റിലീസിനായി എത്തും. രജിനികാന്തിന് പുറമെ നാഗാര്‍ജുന അക്കിനേനി, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. കൂടാതെ ആമിര്‍ ഖാന്‍ അതിഥി വേഷത്തില്‍ കൂലിയില്‍ എത്തുന്നുണ്ട്.