രജിനികാന്തിനെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് എന്നോട് ആദ്യം പറഞ്ഞത് അദ്ദേഹം, കൂലിയുടെ ഷൂട്ടിന് മുമ്പ് എന്നെ വിളിക്കുകയും ചെയ്തു: ലോകേഷ് കനകരാജ്
Entertainment
രജിനികാന്തിനെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് എന്നോട് ആദ്യം പറഞ്ഞത് അദ്ദേഹം, കൂലിയുടെ ഷൂട്ടിന് മുമ്പ് എന്നെ വിളിക്കുകയും ചെയ്തു: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th May 2025, 5:02 pm

മാനഗരം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കുള്ള തന്റെ വരവറിയിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. പിന്നീട് കാര്‍ത്തിയെ നായകനാക്കി അണിയിച്ചൊരുക്കിയ കൈതി സിനിമാലോകത്ത് വലിയ ചര്‍ച്ചയായി. വളരെ പെട്ടെന്ന് തന്നെ തമിഴിലെ മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ഇടംപിടിച്ച ലോകേഷ് തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ഒരുക്കിയതോടുകൂടെ തമിഴിലെ ബ്രാന്‍ഡ് സംവിധായകനായി മാറി.

രജിനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയാണ് ലോകേഷിന്റെ അടുത്ത ചിത്രം. ഇന്ത്യന്‍ സിനിമയിലെ വന്‍ താരനിര അണിനിരക്കുന്ന കൂലി തമിഴ് സിനിമയുടെ ഗെയിം ചേഞ്ചറാകുമെന്ന് ഉറപ്പാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. രജിനികാന്തിനെ വെച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനായി ശ്രമിച്ചില്ലെന്ന് ലോകേഷ് കനകരാജ് പറഞ്ഞു.

മാസ്റ്റര്‍ എന്ന സിനിമ ചെയ്തുകൊണ്ടിരുന്നപ്പോള്‍ വിജയ്‌യാണ് തന്നോട് രജിനികാന്തിനെ വെച്ച് സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. വിജയ്‌യുടെ വാക്കുകള്‍ തന്ന കോണ്‍ഫിഡന്‍സാണ് കൂലിയിലേക്ക് എത്തിച്ചതെന്ന് ലോകേഷ് കനകരാജ് പറയുന്നു. കൂലിയുടെ അനൗണ്‍സ്‌മെന്റിന് ശേഷം തന്നെ ആദ്യമായി വിളിച്ച് അഭിനന്ദിച്ചത് വിജയ് ആയിരുന്നെന്നും ലോകേഷ് കനകരാജ് പറഞ്ഞു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യം പറഞ്ഞാല്‍ ഇന്‍ഡസ്ട്രിയില്‍ വരുന്ന എല്ലാ സംവിധായകരുടെയും ആഗ്രഹമാണല്ലോ രജിനി സാറിനെയും കമല്‍ സാറിനെയും വെച്ച് സിനിമ ചെയ്യുക എന്നത്. എനിക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനായി പരിശ്രമിച്ചിരുന്നില്ല. അതിനുള്ള കഥ കണ്ടെത്താനും ഞാന്‍ പലപ്പോഴും നോക്കിയില്ല.

മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിനിടയില്‍ വിജയ് സാര്‍ ‘നീ ഇനി അടുത്ത സിനിമ രജിനി സാറെ വെച്ച് ചെയ്യണം’ എന്ന് എന്നോട് പറഞ്ഞു. അതിനായി എന്നെ ആദ്യമായി പുഷ് ചെയ്തത് അദ്ദേഹമാണ്. പിന്നീട് വിക്രം, ലിയോ ഒക്കെ ചെയ്ത ശേഷം കൂലി അനൗണ്‍സ് ചെയ്തപ്പോള്‍ എന്നെ ആദ്യം വിളിച്ചതും വിജയ് സാറാണ്. ‘സന്തോഷമായിട്ടുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു. അതൊക്കെ വലിയ കാര്യമായാണ് ഞാന്‍ കാണുന്നത്,’ ലോകേഷ് കനകരാജ് പറയുന്നു.

രജിനികാന്തിന് പുറമെ വലിയ താരനിരയാണ് കൂലിയില്‍ അണിനിരക്കുന്നത്. തമിഴ് താരം സത്യരാജ്, തെലുങ്ക് താരം നാഗാര്‍ജുന, കന്നഡ താരം ഉപേന്ദ്ര എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിറും കൂലിയുടെ ഭാഗമാകുന്നുണ്ട്. ബോളിവുഡ് താരം ആമിര്‍ ഖാന്റെ സാന്നിധ്യവും കൂലിയെ വ്യത്യസ്തമാക്കുന്നു. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Lokesh Kanagaraj saying Vijay encouraged him to do a film with Rajnikanth during Master movie shoot