കുമ്പളങ്ങി നൈറ്റ്‌സിന് പുറമെ സൗബിന്‍ അഭിനയിച്ച ആ സിനിമയും എനിക്ക് ഒരുപാട് ഇഷ്ടമാണ്, ഒരുപാട് വട്ടം കണ്ടിട്ടുണ്ട്: ലോകേഷ് കനകരാജ്
Entertainment
കുമ്പളങ്ങി നൈറ്റ്‌സിന് പുറമെ സൗബിന്‍ അഭിനയിച്ച ആ സിനിമയും എനിക്ക് ഒരുപാട് ഇഷ്ടമാണ്, ഒരുപാട് വട്ടം കണ്ടിട്ടുണ്ട്: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th May 2025, 8:13 am

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. തമിഴ് താരം സത്യരാജ്, തെലുങ്ക് താരം നാഗാര്‍ജുന, കന്നഡ താരം ഉപേന്ദ്ര എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിറും കൂലിയുടെ ഭാഗമാകുന്നുണ്ട്. ബോളിവുഡ് താരം ആമിര്‍ ഖാന്റെ സാന്നിധ്യവും കൂലിയെ വ്യത്യസ്തമാക്കുന്നു.

അന്യഭാഷകളില്‍ നിന്നുള്ള താരങ്ങളെ എന്തിനാണ് കൊണ്ടുവരുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. ഓരോ നടന്മാര്‍ ചെയ്ത സിനിമകള്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. ആ സിനിമകളിലെ ഷെയ്ഡ് ഉള്ളതുകൊണ്ടാണ് അവരെയെല്ലാം കൂലിയിലേക്ക് കാസ്റ്റ് ചെയ്തതെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

നാഗാര്‍ജുനയുടെ ശിവ എന്ന സിനിമയിലെ കഥാപാത്രം വളരെ പവര്‍ഫുളാണെന്നും അതുപോലൊരു കഥാപാത്രം അദ്ദേഹത്തിന് നല്‍കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും ലോകേഷ് പറയുന്നു. അതുപോലെ സൗബിന്റെ പറവ എന്ന സിനിമയും താന്‍ കണ്ടിട്ടുണ്ടെന്നും അതിലെ സൗബിന്റെ പ്രകടനം മികച്ചതായിരുന്നെന്നും ലോകേഷ് കനകരാജ് കൂട്ടിച്ചേര്‍ത്തു.

 

എല്ലാവരും പറയുന്നതുപോലെ കുമ്പളങ്ങി നൈറ്റ്‌സിലും സൗബിന്റെ വേഷം മികച്ചതാണെന്നും ആ സിനിമകളാണ് കൂലിയില്‍ അദ്ദേഹത്തെ കാസ്റ്റ് ചെയ്യാന്‍ കാരണമെന്നും ലോകേഷ് പറഞ്ഞു. ഉപേന്ദ്രയുടെ കാര്യവും അതുപോലെയാണെന്നും അദ്ദേഹത്തിന്റെ കഥാപാത്രവും പ്രധാന്യമുള്ളതാണെന്നും ലോകേഷ് കനകരാജ് കൂട്ടിച്ചേര്‍ത്തു. ഉപേന്ദ്ര ചെയ്ത സിനിമകള്‍ക്കെല്ലാം ഒരു യൂണിക്‌നെസ്സുണ്ടെന്നും അതാണ് അദ്ദേഹത്തെ കാസ്റ്റ് ചെയ്യാന്‍ കാരണമെന്നും ലോകേഷ് പറഞ്ഞു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.

‘ഈ സിനിമയില്‍ അന്യഭാഷയില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകള്‍ കഥയ്ക്ക് ആവശ്യമുള്ളവരാണ്. അവരുടെയൊക്കെ സിനിമകള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോള്‍ നാഗാര്‍ജുന സാറിനെ നോക്കിയാല്‍ അദ്ദേഹത്തിന്റെ ശിവ എന്ന സിനിമ ഗംഭീരമാണ്. എന്നെ ഒരുപാട് ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. അതുപോലെ സൗബിനെ നോക്കിയാല്‍ അദ്ദേഹം പറവ എന്ന സിനിമയില്‍ ചെയ്തുവെച്ചിരിക്കുന്നത് മികച്ചൊരു വേഷമാണ്.

ആ സിനിമ സംവിധാനം ചെയ്തത് സൗബിന്‍ തന്നെയാണ്. പിന്നെ എല്ലാവരും പറയുന്നതുപോലെ കുമ്പളങ്ങി നൈറ്റ്‌സും എനിക്ക് ഇഷ്ടമാണ്. ഉപേന്ദ്ര സാറിന്റെ സിനിമകളും എന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍ക്കെല്ലാം ഒരു യൂണിക്‌നെസ്സുണ്ട്. ഇവരെല്ലാം കഥയില്‍ പ്രധാന പങ്കുവഹിച്ചവരാണ്,’ ലോകേഷ് കനകരാജ് പറയുന്നു.

Content Highlight: Lokesh Kanagaraj saying he liked Soubin’s performance in Parava and Kumbalangi Nights