സിഗരറ്റ് വലി നിര്‍ത്തിയ ആ നടന്മാരെല്ലാം വീണ്ടും അത് തുടങ്ങിയതിന്റെ കാരണക്കാരന്‍ ഞാനല്ല: ലോകേഷ് കനകരാജ്
Indian Cinema
സിഗരറ്റ് വലി നിര്‍ത്തിയ ആ നടന്മാരെല്ലാം വീണ്ടും അത് തുടങ്ങിയതിന്റെ കാരണക്കാരന്‍ ഞാനല്ല: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 31st July 2025, 8:36 pm

തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള സംവിധായകരിലൊരാളാണ് ലോകേഷ് കനകരാജ്. വെറുമൊരു ബാങ്ക് ജീവനക്കാരനില്‍ നിന്ന് ഇന്ന് തമിഴിലെ ഏറ്റവും മൂല്യമുള്ള സംവിധായകനായി ലോകേഷ് മാറിയത് വെറും അഞ്ച് സിനിമകള്‍ കൊണ്ടാണ്. ഇന്‍ഡസ്ട്രി മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടുകളാണ് ലോകേഷിന്റെ ലൈനപ്പിലുള്ളത്.

തമിഴിലെ സൂപ്പര്‍താരങ്ങളായ രജിനികാന്ത് കമല്‍ ഹാസന്‍, വിജയ്, സൂര്യ എന്നിവരോടൊപ്പമെല്ലാം ലോകേഷ് വര്‍ക്ക് ചെയ്തിട്ടുണ്ട്. ക്യാമറക്ക് മുന്നില്‍ പുകവലിക്കില്ലെന്ന് തീരുമാനമെടുത്ത താരങ്ങളെല്ലാം ലോകേഷിന്റെ സിനിമകളില്‍ അത് മാറ്റിയിരുന്നു. നായകന്മാരെക്കൊണ്ട് പുകവലിപ്പിക്കുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് ലോകേഷ് കനകരാജ്.

’30 വര്‍ഷമായി കമല്‍ സാറിന്റെ കഥാപാത്രം സിനിമയില്‍ പുകവലിക്കുന്നതായി കാണിച്ചിട്ട്. വിക്രം എന്ന സിനിമയുടെ ഫസ്റ്റ് ഹാഫില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ച് പലരും സംസാരിക്കുന്നുണ്ട്. സെക്‌സ് വര്‍ക്കേഴ്‌സിന്റെ അടുത്ത് പോകുന്നു, മദ്യപിക്കുന്നു, തല്ലുണ്ടാക്കുന്നു എന്നിങ്ങനെ പല പരാതികളും പറയുന്നുണ്ട്.

എന്നാല്‍ അയാള്‍ മോശക്കാരനാണെന്ന് ആളുകളിലേക്ക് കൂടുതല്‍ മനസിലാക്കണമെങ്കില്‍ ഇതെല്ലാം സ്‌ക്രീനില്‍ കാണിക്കുകയും വേണം. അതിന് കുറച്ചുകൂടി വിശ്വാസ്യത വരുത്താനാണ് കമല്‍ സാറിന്റെ ക്യാരക്ടര്‍ സ്‌മോക്ക് ചെയ്യുന്നതായി കാണിച്ചത്. അദ്ദേഹത്തിന് വേണമെങ്കില്‍ അത് പറ്റില്ലെന്ന് പറയാം. പക്ഷേ, അങ്ങനെ ചെയ്തില്ല,’ ലോകേഷ് കനകരാജ് പറഞ്ഞു.

കമല്‍ ഹാസനെപ്പോലെ സിനിമയില്‍ പുകവലിക്കില്ലെന്ന് പറഞ്ഞ മറ്റ് നടന്മാരും തന്റെ സിനിമയില്‍ അത് മാറ്റിയിട്ടുണ്ടെന്നും ലോകേഷ് പറയുന്നു. എന്നാല്‍ അവരെല്ലാം ആ തീരുമാനം മാറ്റിയത് തനിക്ക് വേണ്ടിയല്ലെന്നും തിരക്കഥ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോപിനാഥിനോട് സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.

രജിനിയെ നായകനാക്കി ലോകേഷ് ഒരുക്കുന്ന കൂലി പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കുന്നതായിരുന്നു. അനിരുദ്ധ് ഒരുക്കിയ ഗാനങ്ങള്‍ ഇതിനോടകം ട്രെന്‍ഡിങ്ങായി മാറിക്കഴിഞ്ഞു. വന്‍ താരനിര അണിനിരക്കുന്ന ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും.

Content Highlight: Lokesh Kanagaraj about the smoking of Kamal Haasan and Suriya in Vikram movie