മലയാളസിനിമയിലെ സകല കളക്ഷന്‍ റെക്കോഡുകളും കൈപ്പിടിയിലാക്കി കുതിക്കുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശനെ കേന്ദ്ര കഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 290 കോടി കളക്ഷനും പിന്നിട്ട് കുതിക്കുകയാണ്. ആദ്യമായി 300 കോടി സ്വന്തമാക്കുന്ന മലയാളചിത്രമായി ലോകഃ മാറുമെന്നാണ് കണക്കുകൂട്ടല്‍.
കളക്ഷനില്‍ മാത്രമല്ല, മറ്റ് പല റെക്കോഡുകളും ലോകഃക്ക് മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ്. മലയാളത്തില്‍ ആദ്യമായി 50000 ഷോ പൂര്‍ത്തിയാക്കുന്ന ചിത്രമെന്ന നേട്ടമാണ് ലോകഃ സ്വന്തമാക്കിയത്. റിലീസ് ചെയ്ത് 32ാം ദിനത്തിലാണ് ലോകഃ ചരിത്രത്തിലേക്ക് കാലെടുത്തുവെച്ചത്. ഷോയുടെ എണ്ണം മാത്രമല്ല, മറ്റൊരു റെക്കോഡും ലോകഃ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.
വേള്‍ഡ്‌വൈഡ് ഏറ്റവുമധികം ഫുട്ഫാള്‍സ് നേടിയ മലയാളചിത്രമെന്ന നേട്ടം ലോകഃക്കാണ്. 1.18 കോടി ടിക്കറ്റുകളാണ് ലോകഃയുടേതായി വിറ്റുപോയത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ റെക്കോഡാണ് ലോകഃ തകര്‍ത്തത്. 1.17 കോടി ടിക്കറ്റുകളായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സിന്റേതായി വിറ്റുപോയത്. മലയാള സിനിമയിലെ സകല റെക്കോഡുകളും ഇപ്പോള്‍ ലോകഃയുടെ കാല്ക്കീഴിലാണ്.
കേരളത്തില്‍ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തമാക്കാന്‍ നാല് കോടിയോളം ഇനിയും ആവശ്യമാണ്. മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിലൊരുങ്ങിയ തുടരുമിനെ മറികടന്ന് ലോകഃ ഇന്‍ഡസ്ട്രി ഹിറ്റായി മാറുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പൂജാ അവധികള്‍ മുതലെടുക്കാന്‍ സാധിച്ചാല്‍ ബെന്‍സും ചന്ദ്രയുടെ മുന്നില്‍ മുട്ടുകുത്തുമെന്നുറപ്പാണ്.
30 കോടി ബജറ്റിലൊരുങ്ങിയ ചിത്രം പത്തിരട്ടിക്കടുത്ത് ലാഭമാണ് സ്വന്തമാക്കിയിരിക്കുന്നത്. ലോകഃയുടെ രണ്ടാം ഭാഗം പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ആദ്യഭാഗത്തെക്കാള്‍ ഗംഭീരമായിരിക്കും ചാപ്റ്റര്‍ 2വെന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പ്രൊമോയിലൂടെ വ്യക്തമായിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ട് അടുത്തവര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടൊവിനോ തോമസിന്റെ ചാത്തനാണ് രണ്ടാം ഭാഗത്തിലെ പ്രധാന കഥാപാത്രം. ദുല്‍ഖറിന്റെ ചാര്‍ലിയും മമ്മൂക്കയുടെ മൂത്തോനും രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെട്ടേക്കുമെന്നും സൂചനകളുണ്ട്. ക്വാളിറ്റിയിലും മേക്കിങ്ങിലും യാതൊരു വിട്ടുവീഴ്ചയും വരുത്താത്ത ലോകഃയുടെ രണ്ടാം ഭാഗത്തിനായി സിനിമാലോകം കാത്തിരിക്കുകയാണ്.
Content Highlight: Lokah movie crossed 50000 shows worldwide and sold one crore tickets