തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. തരംഗത്തിന് ശേഷം ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് ലീഡ് റോളിലെത്തിയത്. സൂപ്പര്‍ഹീറോ ഴോണറിലൊരുങ്ങിയ ചിത്രം ഇതിനോടകം പല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്ത് മുന്നേറുകയാണ്. ഓണം റിലീസിലെ മറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ലോകഃയുടെ കുതിപ്പ്.
ബോക്‌സ് ഓഫീസില്‍ ഇതിനോടകം വന്‍ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. മൂന്ന് ദിവസം കൊണ്ട് 50 കോടി നേടിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇന്നത്തോടെ ഇടംപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. റിലീസ് ചെയ്ത് ആറാം ദിവസം 90 കോടി കളക്ഷനിലെത്തി നില്‍ക്കുകയാണ്. ഇതോടെ പല വമ്പന്‍ നേട്ടവും ചിത്രം സ്വന്തമാക്കി.
ഓണം റിലീസായി കൂടെയെത്തിയ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വം 50 കോടി നേടുന്നതിന് മുമ്പ് ലോകഃ 100 കോടി ക്ലബ്ബില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷത്തെ മൂന്നാമത്തെ 100 കോടി ചിത്രമെന്ന നേട്ടവും ഇന്നത്തോടെ ലോകഃ നേടുമെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. കേരളത്തിന് പുറത്തും ലോകഃക്ക് വന്‍ ഡിമാന്‍ഡാണ്.
അഞ്ച് ഭാഗങ്ങളുള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമായാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ഒരുങ്ങിയത്. കല്യാണിക്ക് പുറമെ നസ്‌ലെനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മലയാളികള്‍ കേട്ടുശീലിച്ച കഥയെ പുതിയ കാലത്തിലേക്ക് ബ്ലെന്‍ഡ് ചെയ്ത് ഒരുക്കിയത് വ്യത്യസ്തമായ അനുഭവമായിരുന്നു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ലോകഃ നിര്‍മിച്ചത്.
Content Highlight: Lokah become the highest grossing female oriented South Indian movie