അർജന്റീനയുടെ നീലക്കുപ്പായത്തിലെ നീണ്ട 21 വർഷത്തെ ഐതിഹാസിക യാത്ര അവിസ്മരണനീയമായി മെസി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും പടിയിറങ്ങിയിരുന്നു. ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെയായിരുന്നു മെസിയുടെ അവസാന മത്സരം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന വിജയിച്ച മത്സരത്തിൽ രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടിയാണ് മെസി തിളങ്ങിയത്.

ഫുട്ബോളിൽ സ്വന്തമാക്കാനാവുന്ന നേട്ടങ്ങളെല്ലാം കൈവരിച്ചാണ് മെസിയുടെ മടക്കം. ലോകകപ്പ്‌, കോപ്പ അമേരിക്ക, ഫൈനൽസീമ, അണ്ടർ 20 ലോകകപ്പ്, ഒളിമ്പിക്സ് ഗോൾഡ് മെഡൽ തുടങ്ങിയ ഒട്ടനവധി കിരീടങ്ങൾ അർജന്റീനക്കൊപ്പം സ്വന്തമാക്കിയാണ് മെസി കളമൊഴിഞ്ഞത്.

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ ഇന്റർ മയാമിക്ക് വേണ്ടി മെസി മിന്നും പ്രകടനം തുടരുകയാണ്. ഡി. സി യുണൈറ്റഡിനെതിരെ മയാമി നാല് ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ മെസി ഇരട്ട ഗോൾ നേടി തിളങ്ങിയിരുന്നു.

നിലവിൽ 930 ഗോളുകളും കടന്ന് ആയിരം ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്ക് മുന്നേറുകയാണ് മെസി. ബാഴ്സലോണ, പി.എസ്.ജി, ഇന്റർ മയാമി എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും അർജന്റീനക്ക് വേണ്ടിയും എതിരാളികളുടെ വല പലതവണ കുലുക്കിയ മെസി കരിയറിൽ നേടിയ ഗോളുകളിൽ ഏറ്റവും പ്രിയപ്പെട്ട ഗോൾ ഏതാണെന്ന് ഒരിക്കൽ മെസി തെരഞ്ഞെടുത്തിരുന്നു.

2011ലെ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ റയൽ മാഡ്രിനെതിരെ നേടിയ ഗോളാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഗോളായി മെസി തെരഞ്ഞെടുത്തത്. 2023ലെ ബാലൺ ഡി ഓർ അവാർഡ് നേടിയതിന് ശേഷമുള്ള അഭിമുഖത്തിലായിരുന്നു മെസി ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

‘ഞാനെപ്പോഴും ഓർക്കുന്ന ഒരു ഗോൾ അതാണ്. ഞാൻ ഗോളുകൾക്കായി അധികം പോകാറില്ല. എന്നാൽ 2011ൽ സാന്റിയാഗോ ബെർണബ്യുവിൽ റയൽ മാഡ്രിഡിനെ 2-0 തോൽപ്പിച്ച മത്സരത്തിൽ നേടിയ ഗോളാണ് എനിക്കിഷ്ടം,’

2011ലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ 87ാം മിനിട്ടിൽ ആയിരുന്നു മെസി ആ ഗോൾ നേടിയത്. മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്നും ഒരു സോളോ റണ്ണിലൂടെ റയൽ മാഡ്രിഡ് പ്രതിരോധത്തെ മറികടന്നുകൊണ്ടായിരുന്നു മെസിയുടെ മനോഹരമായ ഗോൾ പിറന്നത്.

മെസിയുടെ മുന്നേറ്റം റയൽ ഗോൾകീപ്പർ ഐക്കർ കസിയസിനെ കീഴ്‌പ്പെടുത്തി കൊണ്ടായിരുന്നു മെസി ഈ ഗോൾ നേടിയത്. ഇതിനുശേഷവും മെസിയുടെ ബൂട്ടിൽ നിന്നും ഒരു പിടി മികച്ച ഗോളുകൾ പിറന്നുവെങ്കിലും ഈ ഗോൾ എല്ലാ ഫുട്‌ബോൾ ആരാധകരുടെയും മനസിൽ നിന്നും മായാതെ നിലനിൽക്കും.

 

Content Highlight: Lionel Messi talks about his favorite goal he scored in football