2026 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ലോകം. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും സ്പെയ്നുമാണ് കലാശപ്പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ജൂലൈ 20ന് ന്യൂയോര്‍ക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തിലാണ് ഇരു ടീമും ഏറ്റുമുട്ടുക.

ഇപ്പോള്‍ ഫൈനലിന് മുമ്പായി വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി. ടീമിനെ ഒരു കുടുംബമായി നിലനിര്‍ത്താന്‍ എല്ലാ ദിവസവും പരിശ്രമിക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് മെസി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഏറ്റവും വലിയ കാര്യം ടീമിനൊപ്പം കിരീടങ്ങള്‍ നേടിയത് മാത്രമല്ലെന്നും ഒരുമിച്ച് നടത്തിയ യാത്രയാണെന്നും മെസി വ്യക്തമാക്കി.

‘ഈ വര്‍ഷങ്ങളിലെ ഏറ്റവും മനോഹരമായ കാര്യം കിരീടങ്ങള്‍ നേടിയത് മാത്രമല്ല. ഒരുമിച്ച് നടത്തിയ യാത്രയായിരുന്നു. ഈ ടീമിനൊപ്പം ഓരോ ദിവസവും ചെലവഴിച്ചതും, ഒരുമിച്ച് കളിച്ചതും, പ്രയാസങ്ങള്‍ മറികടന്നതും, ഓരോ നിമിഷവും ആസ്വദിച്ചതും എനിക്ക് വലിയ സന്തോഷമാണ്. എന്റെ എല്ലാ സഹതാരങ്ങള്‍ക്കും, പരിശീലകര്‍ക്കും ഈ ടീമിനെ ഒരു കുടുംബമായി നിലനിര്‍ത്താന്‍ എല്ലാ ദിവസവും പരിശ്രമിക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നാളെ എന്ത് സംഭവിച്ചാലും ഈ ടീം ചരിത്രത്തില്‍ ഒരിക്കലും മായാത്ത ഒരു അധ്യായം എഴുതി കഴിഞ്ഞു. അത് നമ്മള്‍ എന്നും ഓര്‍ക്കും. വരൂ അര്‍ജന്റീന,’ മെസി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. 2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്. ചരിത്രത്തിലെ ആറാം ഫൈനല്‍ പോരാട്ടത്തിനാണ് അര്‍ജന്റീന ഒരുങ്ങുന്നത്.

ഇന്നത്തെ മത്സരത്തില്‍ എല്ലാ കണ്ണുകളും മെസിയിലായിരിക്കും. ഈ ലോകകപ്പില്‍ മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി കുതിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളുമായാണ് മെസി മുന്നേറുന്നത്.

അതേസമയം ഇത്തവണ ലോക കിരീടം നേടിയാല്‍ ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി കിരീടം സ്വന്തമാക്കുന്ന മൂന്നാമത്തെ ടീമെന്ന നേട്ടവും മെസിക്കും സംഘത്തിനും സ്വന്തമാക്കാന്‍ സാധിക്കും. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ രണ്ട് ടീമുകള്‍ മാത്രമാണ് കിരീടം നിലനിര്‍ത്തിയിട്ടുള്ളത്.

അഞ്ച് തവണ ലോക കിരീടം ചൂടിയ ബ്രസീലും നാല് തവണ ചാമ്പ്യന്മാരായ ഇറ്റലിയുമാണ്. 1934ലും 1938 കപ്പുയര്‍ത്തി അസൂറിപ്പടയാണ് ആദ്യമായി ഈ നേട്ടത്തിന് ഉടമകളായത്. 1958, 1962 വര്‍ഷങ്ങളില്‍ ബ്രസീലും ഈ നേട്ടം ആവര്‍ത്തിച്ചു.

 

Content Highlight: Lionel Messi share the historical victory journey of Argentina