അർജന്റൈൻ ജേഴ്സിയിലുള്ള അവസാന മത്സരവും അവിസ്മരണീയമാക്കി മടങ്ങിയിരിക്കുകയാണ് ഇതിഹാസ താരം ലയണൽ മെസി. വിടമാങ്ങൽ മത്സരത്തിൽ ആഫ്രിക്കൻ രാജ്യമായ ബെനിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്.

മത്സരത്തിൽ രണ്ട് അസിസ്റ്റും ഒരു ഗോളും നേടിയാണ് മെസി തന്റെ ഫെയർവെൽ മത്സരം ഗംഭീരമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ 48ാം മിനിട്ടിൽ നിക്കോളാസ് ഒട്ടമെന്റിയായിരുന്നു അർജന്റീനക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. 61ാം മിനിട്ടിൽ നിക്കോ പാസിലൂടെ അർജന്റീന രണ്ടാം ഗോളും സ്വന്തമാക്കി. ഈ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് മെസിയായിരുന്നു.

മത്സരത്തിന്റെ 71ാം മിനിട്ടിൽ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. അർജന്റീനക്ക് വേണ്ടി അവസാനമായി മെസി വലകുലുക്കി. ടീമിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു കൊണ്ടായിരുന്നു തന്റെ 21 വർഷത്തെ ഐതിഹാസിക ഗോൾ വേട്ടക്ക് മെസി വിരാമമിട്ടത്.

അർജന്റീനക്ക് വേണ്ടി 126 ഗോളുകളും 67 അസിസ്റ്റുകളും നേടിയാണ് മെസി മടങ്ങുന്നത്. ഇന്റർനാഷണൽ ഫുട്ബോൾ ചരിത്രത്തിൽ ഇത്രയധികം ഗോൾ കോൺട്രിബ്യൂഷൻസ് സ്വന്തം രാജ്യത്തിനായി നൽകിയ മറ്റൊരു താരമില്ല. 193 ഗോൾ സംഭാവനകൾ അർജന്റീനക്ക് വേണ്ടി നൽകിയാണ് മെസ്സി ബൂട്ട് അഴിച്ചത്.

ഈ നേട്ടത്തിൽ മെസിക്ക് പുറകിലുള്ളത് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 183 ഗോൾ സംഭാവനകളാണ് റൊണാൾഡോ പോർച്ചുഗലിനായി നൽകിയിട്ടുള്ളത്. പറങ്കിപ്പടക്ക് വേണ്ടി 146 ഗോളുകൾ റൊണാൾഡോ സ്വന്തമാക്കിയപ്പോൾ 37 തവണ സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിക്കുകയും ചെയ്തു.

2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഓഗസ്റ്റ് 31ന് അർജന്റൈൻ ഇതിഹാസത്തിന്റെ പടിയിറക്കം. എന്നാൽ ജന്മനാടിനായി അവസാന പോരാട്ടത്തിനായി വീണ്ടും മെസി കളത്തിലിറങ്ങുകയായിരുന്നു.

2026 ലോകകപ്പിലും മെസിയുടെ പോരാട്ടവീര്യങ്ങൾക്ക് ഫുട്‌ബോൾ ലോകം സാക്ഷിയായി. ഫൈനലിൽ സ്‌പെയ്‌നിന് മുന്നിൽ പരാജയപ്പെട്ടെങ്കിലും ലോകകപ്പിൽ പല റെക്കോഡുകളും തിരുത്തിയാണ് മെസി മടങ്ങിയത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും മെസി ചരിത്രത്തിൽ ഇടം പിടിച്ചു. 21 ഗോളുകളാണ് ആറ് ലോകകപ്പുകളിൽ നിന്നും മെസി അടിച്ചുകൂട്ടിയത്. 2026 ലോകകപ്പിൽ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായിരുന്നു മെസിയുടെ സമ്പാദ്യം.

ഇന്റർനാഷണൽ ഫുട്‌ബോളിൽ നിന്നും പടിയിറങ്ങിയെങ്കിലും മെസി ക്ലബ്ബ് ഫുട്‌ബോളിൽ തുടരും. നിലവിൽ ഇന്റർ മയാമിക്ക് വേണ്ടി മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്.

 

Content Highlight: Lionel Messi historical record in international football