അവരാരും ക്യാമറയെ പേടിക്കാതെ അഭിനയിക്കാൻ കാരണം സൂര്യ സാറിന്റെ ആ ഇടപെടലാണ്: ലിജോ മോൾ
Entertainment
അവരാരും ക്യാമറയെ പേടിക്കാതെ അഭിനയിക്കാൻ കാരണം സൂര്യ സാറിന്റെ ആ ഇടപെടലാണ്: ലിജോ മോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th January 2024, 1:10 pm

ഈയിടെ തമിഴിൽ ഇറങ്ങി വലിയ രീതിയിൽ ചർച്ചയായി മാറിയ ചിത്രമായിരുന്നു ജയ് ഭീം.

പ്രമേയം കൊണ്ടും അവതരണം കൊണ്ടും പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത് സൂര്യയായിരുന്നു. ചിത്രത്തിലെ നടി ലിജോ മോളുടെ പ്രകടനം വലിയ പ്രശംസകളും നേടിയിരുന്നു.

സൂര്യയെ കുറിച്ച് പറയുകയാണ് ലിജോ മോൾ. ആദ്യമായി സൂര്യയോടൊപ്പം അഭിനയിക്കാൻ തനിക്ക് വലിയ ആകാംഷയും ഭയവും ഉണ്ടായിരുന്നു എന്നാണ് ലിജോ പറയുന്നത്.

എന്നാൽ സൂര്യ തന്നെ ഓക്കെ ആക്കുകയാണ് ചെയ്തതെന്നും സിനിമയിൽ അഭിനയിച്ച ഇരുളർ കമ്മ്യൂണിറ്റിയിലുള്ളവരെ അദ്ദേഹം വലിയ രീതിയിൽ സഹായിച്ചെന്നും ലിജോ പറയുന്നു. സെല്ലുലോയ്ഡ് മാഗസിനിനോട് സംസാരിക്കുകയായിരുന്നു താരം.

‘സൂര്യ സാറിന്റെ കൂടെ അഭിനയിക്കുന്നു എന്ന് കേട്ടപ്പോൾ വലിയ ആകാംഷയായിരുന്നു. പക്ഷെ അതിനേക്കാൾ പേടിയും ഉണ്ടായിരുന്നു. കാരണം അത്രയും സീനിയർ ആയിട്ടുള്ള നടൻ അല്ലേ അദ്ദേഹം. നമ്മൾ കാരണം ഷൂട്ടിൽ ഡിലേ വരുകയോ അല്ലെങ്കിൽ വേറെന്തെങ്കിലും സംഭവിക്കുകയോ ചെയ്‌താൽ അത് ശരിയല്ലല്ലോ. ഞാനിപ്പോൾ ഒരു രണ്ട് മൂന്ന് ടേക്ക് എക്സ്ട്രാ പോവുകയാണെങ്കിൽ എങ്ങനെയായിരിക്കും അദ്ദേഹം പ്രതികരിക്കുക എന്നുള്ള പേടിയൊക്കെ ഉണ്ടായിരുന്നു.

പക്ഷെ സാർ ഞങ്ങളെ എല്ലാവരെയും കംഫർട്ടബിൾ ആക്കുകയാണ് ചെയ്തത്. എന്നെ മാത്രമല്ല ഇരുളർ കമ്മ്യൂണിറ്റിയിൽ ഉള്ള ആളുകൾക്ക് സിനിമ എന്ന് പറയുന്നത് ആദ്യത്തെ അനുഭവമായിരുന്നു. അവരാരും ക്യാമറ ഇത്‌ വരെ കണ്ടിട്ടില്ല. അവരെയും കൂടെ ഞങ്ങൾ സിനിമയിൽ അഭിനയിപ്പിക്കുന്നുണ്ടായിരുന്നു. കുറച്ച് പേര് മാത്രമേ പുറത്ത് നിന്ന് ഉണ്ടായിരുന്നുള്ളൂ.

മറ്റുള്ളവർ ആ കമ്മ്യൂണിറ്റിയിൽ നിന്ന് തന്നെ ഉള്ളവർ ആയിരുന്നു. അവരാരും ക്യാമറയെ പേടിക്കാതെ അഭിനയിക്കാനായി സൂര്യ സാർ അവരുടെ അടുത്ത് ചെന്ന്, നിങ്ങൾ ക്യാമറ ഉണ്ടെന്ന് വിചാരിക്കുകയേ വേണ്ട സാധാരണ പോലെ ചെയ്യുകയാണെന്ന് കരുതിയാൽ മതിയെന്ന് പറഞ്ഞിരുന്നു. അങ്ങനെ ഓരോരുത്തരെയും അദ്ദേഹം ഓക്കെ ആക്കിയിരുന്നു,’ലിജോ മോൾ പറയുന്നു

Content Highlight: Lijo Mole Talk About Surya And Jai Bhim Movie