നന്‍പകല്‍ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ ആ സീന്‍ കണ്ട് ഞാന്‍ കരഞ്ഞുപോയി; അത് രഹസ്യമായിരിക്കട്ടെ: ലിജോ ജോസ് പെല്ലിശ്ശേരി
Entertainment news
നന്‍പകല്‍ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ ആ സീന്‍ കണ്ട് ഞാന്‍ കരഞ്ഞുപോയി; അത് രഹസ്യമായിരിക്കട്ടെ: ലിജോ ജോസ് പെല്ലിശ്ശേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th December 2022, 8:56 am

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തിന് ഐ.എഫ്.എഫ്.കെയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ടാഗോര്‍ തിയേറ്ററിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. ചിത്രം കാണാനായി വലിയ കാണികളുടെ തിരക്കായിരുന്നു.

ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി വേദിയിലെത്തുകയും പ്രേക്ഷകരുമായി സംസാരിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടിയുടെ അഭിനയം കണ്ടിട്ട് താന്‍ കരഞ്ഞു പോയിട്ടുണ്ടെന്ന് എല്‍.ജെ.പി ഒരു അഭിമുഖത്തില്‍ പറഞ്ഞത് കേട്ടിട്ടുണ്ടെന്ന് ഒരു വ്യക്തി അദ്ദേഹത്തോട് പറഞ്ഞു.

ചിത്രത്തിലെ ഏത് സീന്‍ കണ്ടിട്ടാണ് താങ്കള്‍ കരഞ്ഞു പോയതെന്നായിരുന്നു അദ്ദേഹത്തോട് ഒരു ആരാധകന്‍ ചോദിച്ചത്. മമ്മൂട്ടിയുടെ അഭിനയം കണ്ടിട്ട് താന്‍ കരഞ്ഞു പോയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ ഏത് സീനിലാണ് കാര്യം പ്രേക്ഷകരോട് പറഞ്ഞില്ല. അത് ഒരു രഹസ്യമായി ഇരിക്കട്ടെയെന്നായിരുന്നു ലിജോ മറുപടി പറഞ്ഞത്.

നിരവധി പേരാണ്അദ്ദേഹത്തോട് സിനിമയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കാനായി മുന്നോട്ട് വന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. അദ്ദേഹത്തിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സുകളില്‍ ഒന്ന് തന്നെയായിരിക്കും നന്‍പകല്‍ നേരത്ത് മയക്കം എന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

തിരശ്ശീലയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളൊരു പ്രമേയത്തെ ഏറ്റവും വിശ്വസനീയമായി ലിജോ ജോസ് പെല്ലിശ്ശേരിയും ഹരീഷും ചേര്‍ന്ന് അനുഭവപ്പെടുത്തുന്നുണ്ട്. ഓരോ സിനിമയും ഓരോ അനുഭവങ്ങളാക്കാന്‍ എങ്ങനെയാണ് ലിജോക്ക് സാധിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

തീര്‍ച്ചയായും ചിത്രം കാണണമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന രണ്ടാമത്തെ സിനിമാണ് നന്‍പകല്‍ നേരത്ത് മയക്കം.

മോഹന്‍ലാലുമൊത്തുള്ള ചിത്രത്തെക്കുറിച്ചും പ്രേക്ഷകര്‍ ഐ.എഫ്.എഫ്.കെയില്‍ വെച്ച് ലിജോയോട് ചോദിച്ചിരുന്നു. മോഹന്‍ലാലുമൊത്തുള്ള സിനിമയുടെ കാര്യങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നും അങ്ങോട്ടേക്കാണ് പോകുന്നതെന്നാണ് ലിജോ മറുപടി പറഞ്ഞത്. വലിയ കയ്യടിയോടെയാണ് പ്രേക്ഷകര്‍ ലിജോയെ മടക്കി അയച്ചത്.

content highlight: lijo jose pellissery about mammootty