നല്ല സിനിമയാണെങ്കില്‍ ആളുകള്‍ കാണും, അതിനുള്ള ഉദാഹരണമാണ് ആ 450 കോടി ചിത്രം: അമല പോള്‍
Entertainment news
നല്ല സിനിമയാണെങ്കില്‍ ആളുകള്‍ കാണും, അതിനുള്ള ഉദാഹരണമാണ് ആ 450 കോടി ചിത്രം: അമല പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th December 2022, 7:55 am

ഇന്റര്‍വ്യൂ കൊടുക്കുന്നത് തനിക്കിഷ്ടമുള്ള കാര്യമല്ലെന്ന് നടി അമല പോള്‍. വേറെ സിനിമ ചെയ്ത് കൊണ്ടിരിക്കുന്ന സമയത്താണ് വിളിച്ചിട്ട് പലപ്പോഴും പ്രൊമോഷനും അഭിമുഖങ്ങള്‍ക്കും വരാന്‍ പറയുകയെന്നും അത് തനിക്ക് ഭയങ്കര ബുദ്ധിമുട്ടാണെന്നുമാണ് അമല പോള്‍ പറഞ്ഞത്.

സിനിമയില്‍ അഭിനയിക്കുക എന്നത് മാത്രമാണ് തന്റെ ജോലിയെന്നും നല്ല സിനിമയാണെങ്കില്‍ ഒരു പ്രൊമോഷനുമില്ലാതെ ആളുകള്‍ കാണുമെന്നും നടി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഇന്റര്‍വ്യൂ കൊടുക്കുന്നത് എനിക്കിഷ്ടമല്ല. ഒരിക്കലും മടിയായത് കൊണ്ടല്ല. നമ്മള്‍ ഒരു ഫിലിം ചെയ്ത് കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ അടുത്ത സിനിമയിലേക്ക് കടക്കും. ഒരു പ്രൊജക്ട് ചെയ്യുമ്പോള്‍ അതില്‍ നമ്മള്‍ കമ്മിറ്റഡാണ്.

അതില്‍ വേറെയൊരു ലോകത്താണ് നമ്മള്‍ ഉണ്ടാവുക. ചിലപ്പോള്‍ വീട്ടുകാരോട് പോലും ആ സമയത്ത് എനിക്ക് ബന്ധം ഉണ്ടാവില്ല. അത്തരമൊരു ഫേസില്‍ നമ്മള്‍ ട്രാവല്‍ ചെയ്യുമ്പോള്‍ വിളിച്ചിട്ട് വരാനും ഇന്റര്‍വ്യൂ ഉണ്ടെന്ന് പറയുമ്പോള്‍ ഭയങ്കര ബുദ്ധിമുട്ട് തോന്നും.

ഞാനൊരു ആക്ടറാണ്. സിനിമയില്‍ അഭിനയിക്കുക എന്നതാണ് എന്റെ ജോലി. സിനിമ പ്രൊമോട്ട് ചെയ്യുകയല്ല. അതിനായി പി.ആര്‍ ടീമും മാര്‍ക്കറ്റിങ് ടീമും ഉണ്ട്. അതൊക്കെ അവരുടെ ജോലിയാണ്. നല്ല സിനിമയാണെങ്കില്‍ ആളുകളുടെ അടുത്ത് എത്തുക തന്നെ ചെയ്യും.

മോശം സിനിമയെ നമ്മള്‍ എത്ര പ്രൊമോട്ട് ചെയ്തിട്ടും കാര്യമില്ല. അതിനുള്ള ഉദാഹരണമാണ് കാന്താര. പ്രൊമോഷനും മാര്‍ക്കറ്റിങ്ങിനും ഇപ്പോള്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്. ആക്ടേര്‍സ് തന്നെ അതിന് മുന്നിട്ട് ഇറങ്ങണമെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല,” അമല പോള്‍ പറഞ്ഞു.

വിവേക് സംവിധാനം ചെയ്ത് ഡിസംബര്‍ രണ്ടിന് തിയേറ്ററിലെത്തിയ ടീച്ചറാണ് അമലയുടെ ഏറ്റവും പുതിയ ചിത്രം. മഞ്ജു പിള്ള, ചെമ്പന്‍ വിനോദ്, ഐ.എം. വിജയന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

CONTENT HIGHLIGHT: actress amala paul about interviews