ഖത്തറില്‍ ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ബൂട്ടും മെസിക്കോ? സാധ്യതകള്‍ ഇങ്ങനെ
football news
ഖത്തറില്‍ ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ബൂട്ടും മെസിക്കോ? സാധ്യതകള്‍ ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th December 2022, 5:00 am

ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ മികച്ച പ്രകടനമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി പുറത്തെടുക്കുന്നത്. സെമി ഫൈനല്‍ വരെയുള്ള നോക്കൗട്ട് സ്റ്റേജിലെ മൂന്ന് മത്സരങ്ങളിലടക്കം നാല് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഇതുവരെ മെസി നേടിക്കഴിഞ്ഞു. ഈ ലോകകപ്പില്‍ അഞ്ച് ഗോള്‍ നേടിയ താരം നാല് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഫൈനലിലെത്തിയ അര്‍ജന്റീനയുടെ ലയണല്‍ മെസിക്ക് തന്നെയാകും ഈ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ ലഭിക്കുകയെന്നാണ് ആരാധര്‍ പറയുന്നത്. 2014 ബ്രസീല്‍ ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോട് അര്‍ജന്റീന തോറ്റപ്പോഴും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മെസിക്ക് ലഭിച്ചിരുന്നു.

എന്നാല്‍ ഗോള്‍ഡന്‍ ബോള്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരന് ലഭിക്കുന്ന പുരസ്‌കാരമായ ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തിലും ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെക്കൊപ്പമുണ്ട് മെസി. അഞ്ച് ഗോളുകളാണ് ഇരുവരും ഇതുവരെ നേടിയിട്ടുള്ളത്. നാല് ഗോള്‍ നേടിയ ജിറൂദും അല്‍വാരെസും ഇവര്‍ക്ക് പിന്നാലെയുണ്ട്.

ഇതോടെ ഗോള്‍ഡന്‍ ബൂട്ടും, ബോളും മെസി തന്നെ കൊണ്ടുപോകുമോയെന്നാണ് ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച.

1990ല്‍ ഇറ്റലിയുടെ സാല്‍വദോര്‍ ഷില്ലാച്ചി, 1982ല്‍ ഇറ്റലിയുടെ പൗളോ റോസി, 78ല്‍ അര്‍ജന്റീനയുടെ മരിയോ കെംപസ് തുടങ്ങിയവരാണ് ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ബൂട്ടും ഒരേ ലോകകപ്പില്‍ നേടിയ താരങ്ങള്‍.

ബ്രസീലിന്റെ റൊണാള്‍ഡോ നസാരിയോ രണ്ടും നേടിയിട്ടുണ്ടെങ്കിലും വ്യത്യസ്ത
ലോകകപ്പില്‍ ആയിരുന്നു. 1998ല്‍ ഗോള്‍ഡന്‍ ബോള്‍ നേടിയ റൊണാള്‍ഡോ ബ്രസീല്‍ ചാമ്പ്യന്മാരായ 2002ല്‍ ഗോള്‍ഡന്‍ ബൂട്ടും നേടി.

അതേസമയം, ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ആധികാരികമായി തന്നെയാണ് അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശനം.

ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി പെനാല്‍ട്ടിയിലൂടെയാണ് വലകുലുക്കിയത്.

ഇതോടെ അര്‍ജന്റീനക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന റെക്കോര്‍ഡ് മെസി തന്റെ പേരിലാക്കി.

അര്‍ജന്റീനയുടെ മുന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്. 11 ഗോളുകളാണ് മെസി ലോകകപ്പില്‍ നേടിയത്. 10 ഗോളുകളാണ് ബാറ്റിസ്റ്റ്യൂട്ടക്ക് ഉണ്ടായിരുന്നത്. ഫിഫ ലോകകപ്പിന്റെ 2006, 2014, 2018, 2022 പതിപ്പുകളിലാണ് മെസി ഗോള്‍ സ്‌കോര്‍ ചെയ്തത്.

Content Highlight: Lionel Messi won  Golden Ball and Golden Boot in Qatar world cup, Here are the possibilities