യു.എസ് ഉപരോധത്തില്‍ ജീവിതം ദുരിതത്തില്‍; എന്നാല്‍ നീതിയോടുള്ള പ്രതിബദ്ധത തുടരുമെന്ന് യു.എന്‍ സംഘാംഗം
Trending
യു.എസ് ഉപരോധത്തില്‍ ജീവിതം ദുരിതത്തില്‍; എന്നാല്‍ നീതിയോടുള്ള പ്രതിബദ്ധത തുടരുമെന്ന് യു.എന്‍ സംഘാംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st July 2025, 7:58 am

വത്തിക്കാന്‍ സിറ്റി: ഫലസ്തീനിലെ ഇസ്രഈല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കുന്ന ഐക്യരാഷ്ട്രസഭ സ്വതന്ത്ര അഭിഭാഷക ഫ്രാന്‍സിസ്‌ക ആല്‍ബനീസിന്റെ ജീവിതം യു.എസ് ഉപരോധത്തെ തുടര്‍ന്ന് ദുരിതത്തില്‍.

ഉപരോധം വ്യക്തി ജീവിതത്തിലും ജോലിയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി അവര്‍ പറഞ്ഞു. അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ ബാങ്കുകളുമായി ഇടപാടുകള്‍ നടത്താനോ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാനോ സാധിക്കുന്നില്ലെന്നും ഇത്തരത്തില്‍ രാഷ്ട്രീയ ഉദ്ദേശങ്ങള്‍ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങള്‍ അപകടകരമാണെന്നും അവര്‍ പറഞ്ഞു. തന്റെ മകള്‍ അമേരിക്കക്കാരിയാണ്. താനും അമേരിക്കയിലാണ് താമസിക്കുന്നത്. ഉപരോധങ്ങള്‍ ദോഷകരമായി ബാധിക്കുന്നുണ്ടെങ്കിലും നീതിയോടുള്ള പ്രതിബദ്ധതയാണ് ഏറ്റവും വലുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗസയിലെ ഇസ്രഈലിന്റെ നയങ്ങളെ വിമര്‍ശിച്ചതിനാണ് ട്രംപ് ഭരണകൂടം ആല്‍ബനീസിന് ഉപരോധം ഏര്‍പ്പെടുത്തിയത്. വെസ്റ്റ്ബാങ്കിലും ഗസയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എന്നിന്റെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടറാണ് ആല്‍ബനീസ്.

ജനീവയിലെ 47 അംഗ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തെരഞ്ഞെടുത്ത വിദഗ്ദ സംഘത്തിലെ അംഗമാണ് ആല്‍ബനീസ്. ആദ്യം ഇവരെ യു.എന്‍ സംഘത്തില്‍ നിന്ന് പുറത്താക്കാനാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ ഇത് വിജയിക്കാതിരുന്നതോടെയാണ് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ഉപരോധങ്ങള്‍ ആല്‍ബനീസിനെ തന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടില്ല. ജൂലൈയില്‍ ഫലസ്തീനിലെ ഇസ്രഈലിന്റെ വംശഹത്യ സമ്പദ് വ്യവസ്ഥ എന്ന വിഷയത്തില്‍ ഒരു പുതിയ റിപ്പോര്‍ട്ട് അവര്‍ പ്രസിദ്ധീകരിച്ചിരുന്നു.

റിപ്പോര്‍ട്ടിന്റെ അവസാനത്തില്‍ ഇസ്രഈലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും വംശഹത്യയ്ക്ക് പിന്തുണ നല്‍കുന്നവരേയും ലാഭം കൊയ്യുന്നവരേയും വിചാരണ ചെയ്യണമെന്നും ആല്‍ബനീസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഗസയില്‍ പട്ടിണി മരണങ്ങള്‍ വര്‍ധിക്കുകയാണ്. ഭക്ഷണത്തിനായി കാത്ത് നില്‍ക്കുന്നവരെ കൊലപ്പെടുത്തുന്ന ഇസ്രഈലിന്റെ ക്രൂരത ഇപ്പോഴും തുടരുകയാണ്. ഇന്നലെ മാത്രം വടക്കന്‍ ഗസയില്‍ നിന്ന് സഹായട്രക്കുകള്‍ സിക്കിം ക്രോസിങ്ങിലേക്ക് കടക്കുന്നതിനിടെ ഇസ്രഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 51 പേര്‍ക്ക് പരിക്കേറ്റതായും 648ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും ഗസ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

മെയ് മാസത്തില്‍ ഇസ്രഈലിന്റേയും അമേരിക്കയുടേയും നേതൃത്വത്തില്‍ ആരംഭിച്ച ഭക്ഷണ വിതരണകേന്ദ്രങ്ങളായ ജി.എച്ച്.എഫിന് (ഗസ ഹ്യുമാനിറ്റേറിയന്‍ ഫണ്ട്) സമീപം നടത്തിയ ആക്രമണങ്ങളില്‍ മാത്രം കൊല്ലപ്പെട്ടത് ആയിരത്തിലധികം പേരാണ്.

പോഷകാഹാരക്കുറവ് കാരണം 89 കുട്ടികള്‍ ഉള്‍പ്പെടെ 154 പേര്‍ മരിച്ചിട്ടുണ്ട്. അതേസമയം ഇസ്രഈല്‍ ആക്രണത്തില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60000 കഴിഞ്ഞു. മരിച്ചവരില്‍ പകുതിയില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.

Content Highlight: Life is miserable under US sanctions; but commitment to justice will continue, says U.N investigator Francesca Albanese