ആ സിനിമയുടെ സെറ്റില്‍ വെച്ച് എനിക്ക് ആരോഗ്യപ്രശ്‌നമുണ്ടെന്ന് ലാലേട്ടന്‍ മനസിലാക്കി; സജസ്റ്റ് ചെയ്ത ഡോക്ടറെ കണ്ടപ്പോള്‍ ഭേദമായി: ലിയോണ
Entertainment
ആ സിനിമയുടെ സെറ്റില്‍ വെച്ച് എനിക്ക് ആരോഗ്യപ്രശ്‌നമുണ്ടെന്ന് ലാലേട്ടന്‍ മനസിലാക്കി; സജസ്റ്റ് ചെയ്ത ഡോക്ടറെ കണ്ടപ്പോള്‍ ഭേദമായി: ലിയോണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th January 2023, 8:38 pm

അടുത്ത കാലത്താണ് താന്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് നടി ലിയോണ ലിഷോയ് തുറന്ന് സംസാരിച്ചത്. എന്‍ഡോമെട്രിയോസിസ് എന്ന തന്റെ രോഗാവസ്ഥയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ  ലിയോണ സംസാരിച്ചിരുന്നു.

രോഗം മൂലം രണ്ട് വര്‍ഷത്തോളം സാധാരണ ജീവിതം നഷ്ടപ്പെട്ടുവെന്നും എന്നാല്‍ ആ അവസ്ഥയില്‍ നിന്ന് തന്നെ രക്ഷിച്ചത് മോഹന്‍ലാല്‍ ആണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ലിയോണ. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ്‌നു നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ മനസു തുറന്നത്.

‘എന്റെ അസുഖത്തെ കുറിച്ച് 12ത് മാനിന്റെ സെറ്റില്‍ വെച്ചാണ് ഞാന്‍ ലാലേട്ടനോട് ആദ്യമായി പറയുന്നത്. അപ്പോഴാണ് ഇത് നമുക്ക് കണ്ടുപിടിക്കണമെന്ന് അദ്ദേഹം പറയുന്നത്. അദ്ദേഹം സജസ്റ്റ് ചെയ്ത ഡോക്ടറെയാണ് ഞാന്‍ കണ്‍സള്‍ട് ചെയ്തു. അതിനു ശേഷമാണ് എന്റെ അസുഖം ഭേദമായത്.

അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തിന്റെ കൂടെ അതേ സിനിമയുടെ സെറ്റില്‍ ഇരിക്കുന്ന ഒരു ചിത്രം ‘ദിസ് ഹാസ് ലിറ്ററലി ചെഞ്ചേഡ് മൈ ലൈഫ്’ എന്ന് പറഞ്ഞ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

View this post on Instagram

A post shared by Leona Leeshoy (@leo_lishoy)

ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് മൂഡ് സ്വിങ്‌സ് വരുമ്പോള്‍ ഇടക്ക് എല്ലാവരോടും മിണ്ടാതെയും ഒറ്റക്കുമാണ് ഇരിക്കുക. പക്ഷെ, എനിക്ക് എന്തോ ഒരു ആരോഗ്യ പ്രശ്‌നമുണ്ടെന്ന് ലാലേട്ടന്‍ അത് മനസിലാക്കി. ഷൂട്ടിങ്ങിനിടക്ക് മാറ്റി നിര്‍ത്തി സംസാരിക്കുകയായിരുന്നു.

ഷോട്ടിനിടയില്‍ വെച്ച് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തി ആണ് കാര്യങ്ങള്‍ ഒക്കെ ചോദിച്ചത്. അദ്ദേഹം പറഞ്ഞ ഡോക്ടറെ കണ്ട ശേഷമാണ് സുഖമായത്,’ ലിയോണ പറഞ്ഞു.

ജീത്തു ജോസഫിന്റെ ത്രില്ലര്‍ ചിത്രമായ ട്വല്‍ത് മാനിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായിരുന്നു ലിയോണ അവതരിപ്പിച്ച ഫിദ. പതിനൊന്ന് സുഹൃത്തുക്കളും പന്ത്രണ്ടാമനായി മോഹന്‍ലാലിന്റെ ഡി.വൈ.എസ്.പി ചന്ദ്രശേഖറും എത്തിയ ചിത്രത്തില്‍ ഫിദയായി മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്.

രാജേഷ് ഗോപിനാഥിന്റെ തിരക്കഥയില്‍ സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ജിന്നാണ് താരത്തിന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമ. താര കോശി എന്ന കഥാപാത്രമായാണ് ലിയോണ ചിത്രത്തില്‍ വേഷമിടുന്നത്.

Content Highlight: Leona Lishoy about how Mohanlal helped her