പോപ്പ് സ്വന്തം പണി നോക്കണം, ഞാനില്ലായിരുന്നെങ്കില്‍ നിങ്ങള്‍ വത്തിക്കാനിലുണ്ടാകില്ല; ലിയോ പതിനാലാമനെതിരെ ട്രംപ്
World
പോപ്പ് സ്വന്തം പണി നോക്കണം, ഞാനില്ലായിരുന്നെങ്കില്‍ നിങ്ങള്‍ വത്തിക്കാനിലുണ്ടാകില്ല; ലിയോ പതിനാലാമനെതിരെ ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th April 2026, 10:42 am

വാഷിങ്ടണ്‍: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ലിയോ പതിനാലാമനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന പോപ്പിന്റെ ആഹ്വാനവും, യു.എസ് വിദേശനയത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമാണ് ട്രംപിനെ ചൊടിപ്പിച്ചത്.

കുറ്റവാളികളെ നേരിടുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന ആളാണ് പോപ്പെന്നും മറ്റു രാജ്യങ്ങളുമായുള്ള ഇടപാടുകളില്‍ അദ്ദേഹം തികഞ്ഞ പരാജയമാണെന്നുമായിരുന്നു ട്രംപിന്റെ വിമര്‍ശനം.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കിടെയാണ് പോപ്പ് ലിയോ പതിനാലാമന്‍ അമേരിക്കയെയും ഇസ്രഈലിനേയും വിമര്‍ശിച്ച് സംസാരിച്ചത്.

ഇറാനുമായുള്ള സംഘര്‍ഷത്തിന് പിന്നില്‍ സര്‍വ്വശക്തിയും തങ്ങള്‍ക്കാണെന്ന ചിലരുടെ മിഥ്യാധാരണ ആണെന്നും പോപ്പ് പറഞ്ഞിരുന്നു.

പേരെടുത്തു പറഞ്ഞില്ലെങ്കിലും, അമേരിക്കയുടെ സൈനിക മേധാവിത്വത്തെക്കുറിച്ച് വീമ്പിളക്കുന്ന ട്രംപ് ഭരണകൂടത്തെയാണ് അദ്ദേഹം ലക്ഷ്യം വെച്ചതെന്ന് വ്യക്തമായിരുന്നു.

‘ദൈവം യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല, മറിച്ച് അവരെ നിരസിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ കൈകള്‍ രക്തം കൊണ്ട് നിറഞ്ഞിരിക്കുമ്പോള്‍ എത്ര പ്രാര്‍ത്ഥിച്ചാലും ഫലമില്ല,’ എന്ന് യെശയ്യാ പ്രവാചകന്റെ പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് പോപ്പ് പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചിരുന്നു. ഇറാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണിയെ ‘അസ്വീകാര്യം’ എന്നാണ് വത്തിക്കാന്‍ വിശേഷിപ്പിച്ചത്.

ഇതിന് പിന്നാലെയാണ് പോപ്പിനെതിരെ ട്രംപ് രംഗത്തെത്തുന്നത്. ‘ഞാന്‍ പോപ്പ് ലിയോയുടെ ആരാധകനല്ല. അദ്ദേഹം സ്വന്തം പണി നോക്കണം,’ എന്നായിരുന്നു മാധ്യമങ്ങളോടുള്ള ട്രംപിന്റെ ആദ്യപ്രതികരണം.

ഇറാന്‍ ആണവായുധം കൈവശം വെക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ തനിക്ക് ആവശ്യമില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു.

മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രമായിരുന്ന വെനിസ്വേലയില്‍ യു.എസ് നടത്തിയ ഇടപെടലുകളെ വിമര്‍ശിച്ച പോപ്പിന്റെ നടപടി തെറ്റാണെന്നും ട്രംപ് വാദിച്ചു.

പോപ്പ് തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കുന്നത് നിര്‍ത്തണമെന്നും, ഒരു രാഷ്ട്രീയക്കാരനാകാതെ ഒരു ‘മഹാനായ പോപ്പ്’ ആകാന്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു ട്രംപിന്റെ ഉപദേശം.

ഇതില്‍ ഏറ്റവും വിവാദമായത് പോപ്പിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട ട്രംപിന്റെ അവകാശവാദമാണ്. ‘ഞാന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലിയോ വത്തിക്കാനില്‍ ഉണ്ടാകുമായിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റുമായി ഇടപെടാന്‍ ഏറ്റവും അനുയോജ്യന്‍ ഒരു അമേരിക്കക്കാരനായിരിക്കും എന്ന് കരുതിയാണ് വത്തിക്കാന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തത്,’ എന്നായിരുന്നു ട്രംപിന്റെ അവകാശവാദം.

വിമര്‍ശനങ്ങള്‍ക്കിടയില്‍ ട്രംപ് പങ്കുവെച്ച ഒരു ചിത്രവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. യേശുക്രിസ്തുവിനെപ്പോലെ ദിവ്യശക്തിയുള്ള ഒരാളായി തന്നെത്തന്നെ ചിത്രീകരിക്കുന്നതായിരുന്നു അത്.

ബൈബിള്‍ ശൈലിയിലുള്ള വസ്ത്രം ധരിച്ച ട്രംപ്, രോഗിയായ ഒരാളുടെ മേല്‍ കൈ വെക്കുമ്പോള്‍ വിരലുകളില്‍ നിന്ന് പ്രകാശം പുറപ്പെടുന്നതായും, സൈനികരും നഴ്‌സുമാരും അത്ഭുതത്തോടെ നോക്കി നില്‍ക്കുന്നതുമായ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.

അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ക്ക് ദൈവത്തിന്റെ അംഗീകാരമുണ്ടെന്നാണ് ട്രംപിന്റെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുടെയും നിലപാട്.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ‘യേശുക്രിസ്തുവിന്റെ നാമത്തില്‍’ യുദ്ധവിജയത്തിനായി പ്രാര്‍ത്ഥിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ദൈവം ഈ യുദ്ധത്തെ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘അതെ, കാരണം ദൈവം നല്ലവനാണ്, ആളുകള്‍ സുരക്ഷിതരായിരിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു,’ എന്നാണ് ട്രംപ് മറുപടി നല്‍കിയത്.

2024ലെ യു.എസ് തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ വോട്ടര്‍മാരില്‍ 55 ശതമാനവും ട്രംപിനെയാണ് പിന്തുണച്ചത്. എന്നാല്‍ കടുത്ത ലിബറല്‍ നിലപാടുകള്‍ സ്വീകരിക്കുന്ന പോപ്പ് ലിയോ പതിനാലാമനും, യാഥാസ്ഥിതിക ഇവാഞ്ചലിക്കല്‍ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ട്രംപും തമ്മിലുള്ള ഈ വാക്‌പോര് വരും ദിവസങ്ങളില്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലും കത്തോലിക്കാ സഭയ്ക്കുള്ളിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

11 ദിവസത്തെ ആഫ്രിക്കന്‍ പര്യടനത്തിനായി പോപ്പ് ഇന്ന് (തിങ്കളാഴ്ച) പുറപ്പെടാനിരിക്കെയാണ് നിലവിലെ വിവാദം.

Content Highlight: Leo should get his act together as Pope, use common sense, trump against pope Leo