ലോകേഷിന്റെ ക്ഷണം നിരസിച്ച് സായ് പല്ലവി, ലിയോയില്‍ അഭിനയിക്കില്ല
Entertainment news
ലോകേഷിന്റെ ക്ഷണം നിരസിച്ച് സായ് പല്ലവി, ലിയോയില്‍ അഭിനയിക്കില്ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th March 2023, 9:14 pm

മാസ്റ്ററിനുശേഷം വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. ചിത്രത്തിലേക്ക് നടി സായ് പല്ലവിയെ വിളിച്ചിരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ലിയോയിലേക്ക് സായ് പല്ലവിയെ ലോകേഷ് ക്ഷണിച്ചിരുന്നു എന്നും എന്നാല്‍ താരം ആ ഓഫര്‍ വേണ്ടെന്ന് വെക്കുകയായിരുന്നു എന്നുമാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സായ് തന്റെ കരിയറിനെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. അത് പ്രകാരം തന്റെ കഥാപാത്രത്തിന് പ്രധാന്യമുള്ള സിനിമകള്‍ മാത്രമേ താന്‍ തെരഞ്ഞെടുക്കൂ, എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന്റെ ഭാഗമായി പല സൂപ്പര്‍ താരങ്ങളുടെ സിനിമയും താരം വേണ്ടെന്ന് വെച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ തീരുമാനത്തിന്റെ ഭാഗമായി തന്നെയാണ് ലിയോയും താരം വേണ്ടെന്ന് വെച്ചത് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. സിനിമയില്‍ നടി തൃഷ ചെയ്യാനിരുന്ന നായിക വേഷത്തിലേക്കാണ് സായ് പല്ലവിയെ ക്ഷണിച്ചതെന്നാണ് സൂചന. പ്രിയ ആനന്ദ് ചെയ്യാനിരുന്ന കഥാപാത്രമാണ് താരത്തിന് നല്‍കിയതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ എച്ച്. വിനോദ് സംവിധാനം ചെയ്ത അജിത് കുമാര്‍ ചിത്രമായ തുനിവിലേക്കും താരത്തെ വിളിച്ചിരുന്നു എന്നും കഥാപാത്രത്തിന് പ്രധാന്യം കുറവാണെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു എന്നുമാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് മഞ്ജു വാര്യരായിരുന്നു ആ വേഷം ചെയ്തത്.

അതേസമയം ലിയോയുടെ ഷൂട്ട് കാശ്മീരില്‍ പുരോഗമിക്കുകയാണ്. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്ത വാരിസിന് ശേഷം വിജയ് നായകനാകുന്ന ചിത്രമാണ് ലിയോ. രശ്മിക മന്ദാന നായികയായെത്തിയ വാരിസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയെങ്കിലും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.

കമല്‍ഹാസനെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത വിക്രമാണ് ലോകേഷിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, സൂര്യ, കാളിദാസ് ജയറാം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content jighlight: leo movie new updation, report