'മനുഷ്യവംശത്തിന് ഭീഷണി, കഞ്ചാവ് സാഹിത്യത്തിന്റെ വിലപോലുമില്ലാത്ത ചാരുകസേര സ്വപ്‌നം'; മാര്‍ക്‌സിനെ അപമാനിച്ച് 'കോളാമ്പി'
Kerala News
'മനുഷ്യവംശത്തിന് ഭീഷണി, കഞ്ചാവ് സാഹിത്യത്തിന്റെ വിലപോലുമില്ലാത്ത ചാരുകസേര സ്വപ്‌നം'; മാര്‍ക്‌സിനെ അപമാനിച്ച് 'കോളാമ്പി'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th March 2023, 8:40 pm

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് ചിന്തകന്‍ കാള്‍ മാര്‍ക്സിനെ അപമാനിച്ച് എസന്‍സ് ഗ്ലോബല്‍-സ്വതന്ത്രലോകം ചിന്തകന്‍ സി. രവിചന്ദ്രന്‍ അനുകൂലികള്‍ നിയന്ത്രിക്കുന്ന സോഷ്യല്‍ മീഡിയ പേജ് കോളാമ്പി. മനുഷ്യവംശത്തിന്റെ പുരോഗതിക്കും വളര്‍ച്ചക്കും മാര്‍ക്സ് വലിയ ഭീഷണിയാണെന്ന് മാര്‍ക്‌സിന്റെ ഓര്‍മ ദിനത്തില്‍ കോളാമ്പിയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

‘ഇന്ന് മാര്‍ക്‌സിന്റെ ഓര്‍മദിനം. ആധുനിക ലോകത്തില്‍ കഞ്ചാവ് സാഹിത്യത്തിന്റെ വിലപോലുമില്ലാത്ത, ഒരു ‘ചാരുകസേര സ്വപ്‌നം’ എഴുതിവെച്ചിട്ട് മണ്മറഞ്ഞു പോയ ഒരു പാവം മനുഷ്യന്‍.

മനുഷ്യവംശത്തിന്റെ പുരോഗതിക്കും വളര്‍ച്ചക്കും ഇത്രത്തോളം വലിയ ഭീഷണിയും ഇത്രമേല്‍ ഹിംസാത്മകവുമായിത്തീരും, തന്റെ കാല്‍പനികഭാവന എന്ന് ഈ പാവം എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടാവുമോ,’ കോളാമ്പിയിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

ഇതുകൂടാതെ മാര്‍ക്‌സിനെ നിഷിതമായി വിമര്‍ശിക്കുന്ന, അഭിലാഷ് കൃഷ്ണന്‍ എന്ന വ്യക്തി എഴുതിയ കുറിപ്പും ഇന്നേ ദിവസം ഈ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഈ പോസ്റ്റുകള്‍ക്ക് താഴെ തന്നെ ഇതിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. കോളാമ്പിയെപോലുള്ള ഗ്രൂപ്പുകള്‍ക്ക് ഇങ്ങനെ പറയാനുള്ള സ്വാതന്ത്ര്യവും ലോകത്തിന് മാറ്റങ്ങളും ഉണ്ടായത് മാക്‌സിനെ പോലുള്ളവരുടെ പോരാട്ടംകൊണ്ട് മാത്രമാണെന്നാണ് ഒരാളുടെ കമന്റ്.