കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിന് കഴിയില്ല: ബിനോയ് വിശ്വം
Kerala News
കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിന് കഴിയില്ല: ബിനോയ് വിശ്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd January 2022, 8:07 pm

കൊച്ചി: കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിന് കഴിയില്ലെന്ന് സി.പി.ഐ നേതാവും രാജ്യസഭാ എം.പിയുമായ ബിനോയ് വിശ്വം. കോണ്‍ഗ്രസ് തകര്‍ന്നുപോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

കൊച്ചിയില്‍ നടന്ന പി.ടി. തോമസ് അനുസ്മരണത്തില്‍ ആയിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് തകര്‍ന്നാല്‍ അവിടെ സംഘപരിവാര്‍ സംഘടനകള്‍ ശക്തിപ്പെട്ടുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് തകര്‍ന്നുപോകരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന വിടവ് നികത്താനുള്ള കെല്‍പ് ഇടത് പക്ഷത്തിന്  ഇല്ല.

കോണ്‍ഗ്രസിന് വലിയ പ്രാധാന്യമുള്ള പാര്‍ട്ടിയാണ്. വിയോജിപ്പ് ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തിരിച്ചറിവുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കാതല്‍ നെഹ്റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം ഉണ്ടായി.

ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോണ്‍ഗ്രസിന് മാത്രമേ ആ ശൂന്യത നികത്താന്‍ കഴിയുകയുള്ളൂ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

 

ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍

ഡിസ്‌കവറി ഓഫ് ഇന്ത്യ എന്നെഴുതിയ നെഹ്‌റു വീണ്ടും ഡിസ്‌കവർ ചെയ്യപ്പെടണം. കോൺഗ്രസ്‌ റീഡിസ്കവർ നെഹ്‌റു എന്നു ഞാൻ പറയുന്നതു കോൺഗ്രസ്‌ തകർന്നു പോകാതിരിക്കാനുള്ള ഉത്കണ്ഠ കൊണ്ടു കൂടിയാണ്. വിയോജിപ്പുകളെല്ലാമുണ്ട്. പക്ഷേ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പിയും ആർ.എസ്.എസും ഉയർത്തുന്ന വെല്ലുവിളിക്കു മുൻപിൽ കോൺഗ്രസ്‌ തകർന്നാൽ ഉണ്ടാകാൻ പോകുന്ന ശൂന്യതയെപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങൾ.

കേരളത്തിലെ തർക്കങ്ങളെല്ലാം നിലനിൽക്കെത്തന്നെ ഞാൻ പറയുന്നു, കോൺഗ്രസ്‌ തകർന്നാൽ ആ തകർച്ചയുടെ ശൂന്യത നികത്താനുള്ള കെൽപ്പ് ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിനില്ല. ആ ശൂന്യത നികത്താൻ ഇടയുള്ളത് സംഘപരിവാറും അതിന്റെ ഫാസിസ്റ്റ് ആശയങ്ങളും ആയിരിക്കും. അത്‌ ഒഴിവാക്കണമെങ്കിൽ നെഹ്‌റുവിനെ ഓർത്തുകൊണ്ടു കോൺഗ്രസ്‌ തകരാതിരിക്കാൻ ശ്രമിക്കണം എന്നാണു ഞാൻ ചിന്തിക്കുന്നത്.