പ്രകാശ് രാജ് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ നിര്‍ഭയം പോരാടുന്ന കലാകാരനെന്ന് എം.ബി. രാജേഷ്
Kerala News
പ്രകാശ് രാജ് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ നിര്‍ഭയം പോരാടുന്ന കലാകാരനെന്ന് എം.ബി. രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd January 2022, 7:13 pm

തിരുവനന്തപുരം: കെ.ജി.ഒ.എ നേതാവ് ഡോ. എന്‍.എം മുഹമ്മദാലിയുടെ ഓര്‍മക്കായി കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്‌കാരം സ്പീക്കർ എം.ബി. രാജേഷ് നടന്‍ പ്രകാശ് രാജിന് സമ്മാനിച്ചു.

അഭിപ്രായസ്വാതന്ത്ര്യം, പൗരാവകാശം, സ്വാതന്ത്ര്യം, നീതി തുടങ്ങിയവക്ക് വേണ്ടി ഇന്ത്യയില്‍ ഏറ്റവും ശക്തമായി പോരാടുന്ന കലാകാരനാണ് പ്രകാശ് രാജെന്ന് എം.ബി. രാജേഷ് പറഞ്ഞു.

‘പ്രകാശ് രാജിന്റെ അടുത്ത സുഹൃത്തും പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ വര്‍ഗീയ ഫാസിസ്റ്റു ശക്തികള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്.

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പിന്നീട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ് അദ്ദേഹം. ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ നേരിട്ട് നിര്‍ഭയമായി അദ്ദേഹം പൗരസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്നു. ആ ശബ്ദം ഇനിയും കൂടുതല്‍ ഉച്ചത്തില്‍ ഉയരട്ടെ,’
എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.

50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. പാലക്കാട് സൂര്യരശ്മി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് പുരസ്‌ക്കാരം പ്രകാശ് രാജിന് സമ്മാനിച്ചത്.

ഇന്ത്യയിലെ മികച്ച നടന്‍മാരിലൊരാളാണ് പ്രകാശ് രാജ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സാന്നിദ്ധ്യം തെളിയിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തോടൊപ്പം തന്നെ കര്‍ണാടക രാഷ്ട്രീയത്തിലും സജീവമായ പ്രകാശ് രാജ് ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയും കടുത്ത വിമര്‍ശനമാണ് ഉന്നയിക്കാറുള്ളത്.

CONTENT HIGHLIGHTS:  N.M. Muhammadali Memorial Award presented MB Rajeesh to actor Prakash Raj