'ലൈംഗികാതിക്രമ ആരോപണം വന്നിട്ട് മുഖ്യധാര മാധ്യമങ്ങളിലൊന്നും വാര്‍ത്ത കണ്ടില്ലല്ലോ'; മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വി.ഡി. സതീശന്‍
Kerala News
'ലൈംഗികാതിക്രമ ആരോപണം വന്നിട്ട് മുഖ്യധാര മാധ്യമങ്ങളിലൊന്നും വാര്‍ത്ത കണ്ടില്ലല്ലോ'; മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd October 2022, 12:53 pm

തിരുവനന്തപുരം: സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആരോപണം ഉന്നയിച്ച ശേഷം പല മുഖ്യധാര മാധ്യമങ്ങളിലും വാര്‍ത്ത കണ്ടില്ലെന്നും പരാതിക്കാരിയും ഒരു സ്ത്രീയാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സി.പി.ഐ.എം നേതാക്കള്‍ ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചിരിക്കുന്നത്.

എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരായ പരാതി വന്നപ്പോള്‍ എല്ലാവരും വാര്‍ത്ത കൊടുത്തിരുന്നു. കോണ്‍ഗ്രസ് ഒരിക്കലും പരാതി ലഭിച്ചതിന് പിന്നാലെ സ്ത്രീയുടെ പശ്ചാത്തലം അന്വേഷിച്ച് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ലൈംഗികാതിക്രമ ആരോപണം വന്നിട്ട് മുഖ്യധാര മാധ്യമങ്ങളിലൊന്നും വാര്‍ത്ത കണ്ടില്ലല്ലോ? എന്തുകൊണ്ടാണ് മുഖ്യധാര മാധ്യമങ്ങള്‍ ആ വാര്‍ത്ത മാറ്റിയത്? എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരായ പരാതി വന്നപ്പോള്‍ എല്ലാവരും ആ വാര്‍ത്തയിട്ടല്ലോ.

മുന്‍നിരയിലുള്ള മൂന്ന് സി.പി.ഐ.എം നേതാക്കള്‍ക്കെതിരെയാണ്, മുന്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ലൈംഗികാതിക്രമ പരാതി വന്നിരിക്കുന്നത്. അത് ഒരു മാധ്യമങ്ങളും മൂടിവെക്കേണ്ട. കാരണം അതും ഒരു സ്ത്രീയുടെ പരാതിയാണ്.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി വന്നപ്പോള്‍ ഞങ്ങള്‍ ആ സ്ത്രീയുടെ പശ്ചാത്തലം അന്വേഷിച്ച് പോയില്ല. സ്ത്രീയുടെ പരാതി ഞങ്ങള്‍ക്ക് ലഭിച്ചു, അത് പരിശോധിച്ച് നടപടിയെടുക്കും എന്നാണ് ഞങ്ങള്‍ പറഞ്ഞത്. ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ ഉയര്‍ത്തിയിരിക്കുന്നത്.

കേരളത്തിന്റെ ചരിത്രം വെച്ച് ഇത്തരം പരാതികള്‍ ലഭിച്ചാല്‍ കേസില്‍ എഫ്.ഐ.ആര്‍ എടുത്ത് അന്വേഷണം ആരംഭിക്കും. അത് ചെയ്യട്ടെ. കുറ്റാരോപിതര്‍ നിരപരാധികളാണെങ്കില്‍ അവര്‍ തെളിയിക്കട്ടെ,’ വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ പരാമര്‍ശം. ലൈംഗികാതിക്രമ ആരോപണത്തില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുക്കാമെങ്കില്‍ സ്വപ്നയുടെ ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും കെ. സുധാകരന്‍ പറഞ്ഞു.

മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് സ്വപ്ന രംഗത്തെത്തിയത്.

തോമസ് ഐസക് തന്നെ മൂന്നാറില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് ക്ഷണിച്ചതായി സ്വപ്ന ആരോപിച്ചു. പി. ശ്രീരാമകൃഷ്ണന്‍ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാനാണ് ആവശ്യപ്പെട്ടതെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ ലൈംഗികമായി ഫ്രസ്ട്രേറ്റഡ് ആണെന്നും സ്വപ്ന അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ശ്രീരാമകൃഷ്ണന്‍ കോളേജ് കുട്ടികളെ പോലെയാണ് പെരുമാറിയിരുന്നതെന്നും അനാവശ്യമായി സന്ദേശമയക്കുകയും മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നതായാണ് സ്വപ്ന പറയുന്നത്. തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെന്നും കടകംപള്ളി തന്നെ മുറിയിലേക്ക് വരാന്‍ പറഞ്ഞ് വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നും സ്വപ്ന അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Content Highlight: leader of opposition vd satheesan says that no news was seen in the mainstream newspapers regarding sexual allegations against CPIM leaders