ഇങ്ങനെയെങ്കിലും ദര്‍ശന രക്ഷപ്പെടട്ടെ എന്ന് വിചാരിച്ചാണ് കാസ്റ്റ് ചെയ്തത്; നായികമാര്‍ക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന മോഡേണ്‍ ക്രൂ ആണ് ഞങ്ങളുടേത്: ബേസില്‍
Entertainment news
ഇങ്ങനെയെങ്കിലും ദര്‍ശന രക്ഷപ്പെടട്ടെ എന്ന് വിചാരിച്ചാണ് കാസ്റ്റ് ചെയ്തത്; നായികമാര്‍ക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന മോഡേണ്‍ ക്രൂ ആണ് ഞങ്ങളുടേത്: ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd October 2022, 9:05 am

ബേസില്‍ ജോസഫിനെയും ദര്‍ശന രാജേന്ദ്രനെയും പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ ജയ ജയ ജയഹേ. ഒക്ടോബര്‍ 28ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന ടീസറും പാട്ടുകളുമെല്ലാം തന്നെ വൈറലായിരുന്നു.

സാധാരണ സിനിമാ സെറ്റുകളെ പോലെ ഒട്ടും എന്‍കറേജിങ്ങായിരുന്നില്ല ജയഹേയുടെ സെറ്റെന്നും ഷോട്ടിലൊക്കെ എന്തെങ്കിലും തെറ്റ് പറ്റിയാല്‍ എന്തോന്ന് അഭിനയമാണിത് എന്നൊക്കെയായിരിക്കും ബേസിലിന്റെ പ്രതികരണമെന്നും തമാശരൂപേണ പറയുകയാണ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ദര്‍ശന.

ബേസില്‍ ജോസഫും വിപിന്‍ ദാസുമൊത്തുള്ള ഒരു വര്‍ക്ക് എക്‌സ്പീരിയന്‍സ് എങ്ങനെയുണ്ടായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”ഭയങ്കര രസമായിരുന്നു. ഇവര്‍ രണ്ട് പേരും വളരെ എന്‍കറേജിങ്, അങ്ങനെയുള്ള ആള്‍ക്കാരേ അല്ല. രണ്ട് പേരും ഭയങ്കര എന്‍കറേജിങാണെന്നാണ് ഞാന്‍ പറയാന്‍ വരുന്നതെന്ന് വിചാരിച്ചു അല്ലേ, പക്ഷെ അങ്ങനെയല്ല.

സാധാരണ എല്ലാ മൂവീ പ്രൊമേഷന്‍ ഇന്റര്‍വ്യൂകളിലും കോ സ്റ്റാറുകളെ ഭയങ്കരമായി പൊക്കി പറയാറാണ്. പക്ഷെ എന്റെ കാര്യത്തില്‍ അങ്ങനെയല്ല.

ഇവിടത്തെ എന്‍വയോണ്‍മെന്റ് അങ്ങനെയായിരുന്നില്ല. എങ്ങനെയെങ്കിലും അടിച്ചമര്‍ത്തുക, നമ്മളെ പറ്റി മോശം പറയുക അങ്ങനെയുള്ള ഒരു സാഹചര്യത്തിലായിരുന്നു ഈ സിനിമയുടെ ഷൂട്ട്. എപ്പോഴും നമ്മളെ കളിയാക്കുന്ന സ്‌പേസായിരുന്നു.

ബേസിക്കലി അത്രയും ഒരു കംഫര്‍ട്ട് ലെവലുണ്ടായിരുന്നു. ബേസിലിന്റെ കാര്യം പറഞ്ഞാല്‍ നല്ലത് കണ്ടാല്‍ എന്നോട് നല്ലത് പറയാറൊന്നുമില്ല. പക്ഷെ മോശം കണ്ടാല്‍ എന്തായാലും പറയും.

ഇതെന്തുവാ ഈ കാണിച്ച് വെച്ചേക്കുന്നേ, പൊട്ട ഷോട്ട്, എന്തോന്ന് അഭിനയമാണിത്- എന്നൊക്കെ പറയുന്ന ഒരു കോ ആക്ടറായിരുന്നു ബേസില്‍,” ദര്‍ശന പറഞ്ഞു.

ഇതിന് ദര്‍ശനയെ കളിയാക്കിക്കൊണ്ട് ബേസില്‍ കിടിലന്‍ മറുപടിയും നല്‍കുന്നുണ്ട്. ”ഞങ്ങളെ സംബന്ധിച്ചിടത്തോളം ദര്‍ശനയെ പോലൊരു നടിക്ക് ഇതൊരു അവസരമാണ്, ഒരു ബ്രേക്കാകട്ടെ. അങ്ങനെയെങ്കിലും അവള്‍ രക്ഷപ്പെടട്ടെ എന്ന് വിചാരിച്ചാണ് ഞങ്ങള്‍ ദര്‍ശനയെ കാസ്റ്റ് ചെയ്തത്.

നായികമാര്‍ക്ക് അത്യാവശ്യം ഫ്രീഡമൊക്കെ കൊടുക്കുന്ന ഒരു മോഡേണ്‍ ക്രൂ ആയിരുന്നു ഞങ്ങളുടേത്,” ബേസില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഡിയര്‍ ഫ്രണ്ട് എന്ന ചിത്രത്തിന് ശേഷം ദര്‍ശനയും ബേസിലും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് ജയ ജയ ജയ ജയഹേ.

Content Highlight: Basil Joseph, Darshana Rajendran funny talks on the movie Jaya Jaya Jaya Jaya Hey