മുഖ്യമന്ത്രിയെ കൊല്ലുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍.എസ്.എസ് നേതാവ്; ആക്രമിച്ചോ എന്ന് പറഞ്ഞ് നിന്ന് കൊടുക്കണോ: ഇ.പി. ജയരാജന്‍
Kerala News
മുഖ്യമന്ത്രിയെ കൊല്ലുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍.എസ്.എസ് നേതാവ്; ആക്രമിച്ചോ എന്ന് പറഞ്ഞ് നിന്ന് കൊടുക്കണോ: ഇ.പി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th June 2022, 8:44 am

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍.

മുഖ്യമന്ത്രിയെ നാട്ടിലിറങ്ങാന്‍ സമ്മിക്കില്ല എന്നത് ചിലരുടെ ആഗ്രഹം മാത്രമാണെന്നും അടിക്കാന്‍ വന്നാല്‍ പൊലീസ് കയ്യുംകെട്ടി നേക്കിയിരിക്കില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

മുഖ്യന്ത്രിയ്ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതാണ് ചിലരുടെ പ്രശ്‌നം. മുഖ്യമന്ത്രിയെ കൊല്ലുമെന്ന് പരസ്യമായി പ്രഖാപിച്ചിരിക്കുകയാണ് ആര്‍.എസ്.എസ് നേതാവ്. അദ്ദേഹത്തെ ആക്രമിക്കാന്‍ വരുന്നവരോട് തന്നെ ആക്രമിച്ചോ എന്നാണോ പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഏഷ്യനെറ്റ് ന്യൂസിനോടായിരുന്നു ഇ.പി. ജയരാജന്റെ പ്രതികരണം.

‘ആക്രമത്തിന് കോണ്‍ഗ്രസും ക്വട്ടേഷന്‍ ടീമിനെ ചുമതലപ്പെടുത്തി. ഇത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ഭാഷ്യമാണ്. ആ ഭാഷ്യം ജനങ്ങള്‍ക്ക് തിരിച്ചറിഞ്ഞ് യു.ഡി.എഫിനെ ഒറ്റപ്പെടുത്തും.

പ്രതിപക്ഷ നേതാവ് ആക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ശബ്ദം അഹങ്കാരത്തിന്റെതാണ്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ജയിച്ചു എന്ന് കരുതി ഞാനാണ് സര്‍വ്വശക്തന്‍ എന്ന് ധരിച്ച് പോകരുത്,’ ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ വെച്ച് നടന്ന പ്രതിഷേധത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍.കെ. നവീന്‍ അടക്കമുള്ളവര്‍ക്കെതിരായാണ് കേസ്.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലിന്റെ മൊഴിയുടെയും ഇന്‍ഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്റെയും അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരെയാണ് ഇന്നലെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ ഇന്ന് റിമാന്‍ഡ് ചെയ്യും.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് പരാതി നല്‍കും.

ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി പറഞ്ഞു.

തലസ്ഥാനത്ത് കെ.പി.സി.സി ആസ്ഥാനത്തിനുനേരെ കല്ലേറും ആക്രമണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വിവിധ ജില്ലകളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി ആക്രമണത്തിനിരയായി.

Content Highlights: LDF convener EP Jayarajan has strongly criticized the ongoing protests against Chief Minister Pinarayi Vijayan