20 ദിവസങ്ങള്‍ കൊണ്ട് ഇത്ര കോടി പിന്നിട്ട് ബാലന്‍; മികച്ച നേട്ടമെന്ന് സിനിമാ പേജുകള്‍
Malayalam Cinema
20 ദിവസങ്ങള്‍ കൊണ്ട് ഇത്ര കോടി പിന്നിട്ട് ബാലന്‍; മികച്ച നേട്ടമെന്ന് സിനിമാ പേജുകള്‍
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 9th July 2026, 9:27 am

ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ വലിയ പ്രശംസ ലഭിച്ച സിനിമയാണ് ചിദംബരം എസ്. പൊതുവാള്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ബാലന്‍ ദി ബോയ്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകനില്‍ നിന്നും മറ്റൊരു വമ്പന്‍ ചിത്രം പ്രതീക്ഷിച്ച പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് ബാലന്‍ ദി ബോയിയുമായി ചിദംബരമെത്തിയത്. ആവേശം സിനിമയുടെ സംവിധായകന്‍ ജിത്തു മാധവന്‍ തിരക്കഥയെഴുതിയ ചിത്രം എന്ന രീതിയിലും ബാലന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബാലന്‍ ദി ബോയ്. Photo: The Hindu

റിലീസിന് മുമ്പ് കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അടക്കം പ്രദര്‍ശിപ്പിച്ച് വലിയ പ്രശംസയായിരുന്നു ചിത്രം നേടിയെടുത്തത്. ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ അടുത്ത കാലത്ത് താന്‍ കണ്ട ഏറ്റവും മികച്ച ചിത്രമാണ് ബാലന്‍ എന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞതും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ബാലന്‍ റിലീസ് ചെയ്ത് 20 ദിവസം പിന്നിടുമ്പോള്‍ തിയേറ്ററുകളില്‍ നിന്നും ചിത്രം നേടിയ കളക്ഷനാണ് സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്.

ജൂണ്‍ 19ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം ആഗോളതലത്തില്‍ 34.5 കോടി നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം 17.4 കോടി നേടിയപ്പോള്‍ കര്‍ണാടകയില്‍ നിന്നും ചിത്രം 2.58 കോടിയും തമിഴ്‌നാട്ടില്‍ നിന്നും 1.01 കോടിയും നേടിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഒട്ടാകെ ചിത്രം 21.81 കോടി നേടിയപ്പോള്‍ ഇന്ത്യയ്ക്ക് പുറത്ത് നിന്നും ചിത്രം നേടിയത് 12.74 കോടിയാണ്. ചിത്രത്തിന്റെ ഴോണര്‍ പ്രകാരം മികച്ച പ്രകടനമാണ് ബാലന്‍ കാഴ്ചവെച്ചിരിക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ബാലന്‍ ദി ബോയ്. Photo: Outlook India

പുതുമുഖങ്ങളായ ഫര്‍സാന പാലത്തിങ്കല്‍, ആദിശേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ ടൊവിനോ തോമസ്, ജീന്‍ പോള്‍ ലാല്‍, ബീന ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: latest Movie Balan the boy gests good collection from box office

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.