മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ലാലു അലക്സ്.1978ൽ പ്രേം നസീറിനെ നായകനാക്കി എൻ. ശങ്കരൻ നായർ സംവിധാനം ചെയ്‌ത ‘ഈ ഗാനം മറക്കുമോ’ എന്ന സിനിമയിൽ വിക്രമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ലാലു അലക്സ് സിനിമയിലേക്ക് അരങ്ങേറിയത്. നാലര പതിറ്റാണ്ടിനിടെ മുന്നൂറിലധികം സിനിമകളിൽ വില്ലനായും കൊമേഡിയനായും നായകനായും ഉപനായകനായും അദ്ദേഹം അഭിനയിച്ചു.
കെ.പി ഉമ്മറിനെ കുറിച്ച് സംസാരിക്കുകയാണ് ലാലു അലക്സ്. ഉമ്മൂക്ക എന്നാണ് താൻ കെ.പി ഉമ്മറിനെ വിളിച്ചിരുന്നതെന്ന് ലാലു അലക്സ് പറയുന്നു. അദ്ദേഹത്തോട് വളരെ അടുത്ത ബന്ധമാണ് സൂക്ഷിച്ചിരുന്നതെന്നും തന്റെ ഗുരുസ്ഥാനീയനാണെന്നും ലാലു അലക്സ് പറഞ്ഞു. സിനിമയിൽ വില്ലനായിരുന്ന കെ.പി ഉമ്മർ തികഞ്ഞ സഹൃദയനായിരുന്നുവെന്നും ശരിയായ രീതിയിൽ ആസ്വദിച്ച് ജീവിച്ച ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഉമ്മൂക്ക എന്ന് ഞാൻ വിളിച്ചിരുന്ന കെ. പി ഉമ്മർ. അദ്ദേഹം എന്റെ ഗുരുസ്ഥാനീയനാണ്. അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തോട്. വീട്ടിൽ പോവുമ്പോൾ നല്ല ബിരിയാണി വെച്ചു തരും. ഇപ്പോഴും ഉമ്മൂക്കയുടെ മകനും മകന്റെ മകനുമായി ഫോൺ ബന്ധമുണ്ട്. സിനിമയിൽ വില്ലനായിരുന്ന ഉമ്മൂക്ക തികഞ്ഞ സഹൃദയനായിരുന്നു. അദ്ദേഹം ശരിയായ രീതിയിൽ ആസ്വദിച്ച് ജീവിച്ച ആളാണ്,’ ലാലു അലക്സ് പറയുന്നു.
മോഹൻലാലിനെ കുറിച്ചും ലാലു അലക്സ് സംസാരിച്ചു. മോഹൻലാലിനൊപ്പം അഭിനയിച്ചതിന് ഉപരിയായി സെറ്റിലൊരുമിച്ചുണ്ടാവുമ്പോഴുള്ള തമാശകളാണ് എന്നും ഓർമയിൽ വരുന്നതെന്നും മോഹൻലാൽ സിറ്റുവേഷന് അനുസരിച്ച് കോമഡി ഉണ്ടാക്കുന്ന ആളാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം വില്ലനായിട്ടായിരുന്നു അഭിനയം. ഏത് റോൾ കിട്ടിയാലും ഞാൻ ഓക്കെ ആയിരുന്നു. സിനിമയോട് അത്രയ്ക്ക് ഇഷ്ടമാണ്. അന്ന് സത്യത്തിൽ ജീവിക്കാനുള്ള കാശൊന്നും കിട്ടില്ലായിരുന്നു.
മോഹൻലാലിനൊപ്പം അഭിനയിച്ചതിന് ഉപരിയായി സെറ്റിലൊരുമിച്ചുണ്ടാവുമ്പോഴുള്ള തമാശകളാണ് എന്നും ഓർമയിൽ വരുന്നത്. മോഹൻലാൽ സിറ്റുവേഷന് അനുസരിച്ച് കോമഡി ഉണ്ടാക്കുന്ന ആളാണ്. യൂണിറ്റിനെ ചാർജാക്കാൻ ലാലിന് എളുപ്പത്തിൽ സാധിക്കും. പുള്ളിയുടേതായ ചില കോമഡികൾ ഉണ്ട്. കെട്ടിപ്പിടിക്കും, പാട്ടു പാടും അങ്ങനെ ആകെയൊരു അരങ്ങാണ്,’ ലാലു അലക്സ് പറഞ്ഞു.