മോഹന്‍ലാലും പൃഥ്വിയും ഒന്നിക്കുന്ന കസിന്‍സ്; അതിനായി തൃശൂര്‍ പൂരം മുഴുവന്‍ ഷൂട്ട് ചെയ്തു: ലാല്‍ ജോസ്
Entertainment
മോഹന്‍ലാലും പൃഥ്വിയും ഒന്നിക്കുന്ന കസിന്‍സ്; അതിനായി തൃശൂര്‍ പൂരം മുഴുവന്‍ ഷൂട്ട് ചെയ്തു: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th May 2024, 10:32 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. മുമ്പ് മോഹന്‍ലാലിനെയും പൃഥ്വിരാജ് സുകുമാരനെയും നായകന്മാരാക്കി കസിന്‍സ് എന്ന സിനിമ അദ്ദേഹം പ്ലാന്‍ ചെയ്തിരുന്നു. ആ സിനിമക്ക് ഇനി എന്തെങ്കിലും സാധ്യതകളുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ലാല്‍ ജോസ്.

താന്‍ അഭിനയിച്ച മന്ദാകിനി എന്ന സിനിമയുടെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കസിന്‍സിലെ പല സാധനങ്ങളും പല സിനിമകളിലുമായി വന്നു കഴിഞ്ഞുവെന്നും അതിനാല്‍ ആ സിനിമക്ക് സാധ്യതകള്‍ ഇല്ലെന്നാണ് ലാല്‍ ജോസ് പറയുന്നത്.

‘ഇനി ആ സിനിമക്ക് സാധ്യതകള്‍ ഇല്ല. അതിലെ പല സാധനങ്ങളും പല സിനിമകളിലുമായി വന്നു കഴിഞ്ഞു. ആ സിനിമക്കായി തൃശൂര്‍ പൂരമൊക്കെ മുഴുവനായി ഷൂട്ട് ചെയ്തിരുന്നു. തൃശൂര്‍ പൂരവും അതിന്റെ വെടിക്കെട്ടും വെടിമരുന്ന് ഉണ്ടാക്കുന്നതുമെല്ലാം ഷൂട്ട് ചെയ്തിരുന്നു. പക്ഷെ ആ സിനിമ ഇനി ചെയ്യാന്‍ പറ്റില്ല,’ ലാല്‍ ജോസ് പറഞ്ഞു.

ഒടിയന്റെ സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ തനിക്ക് അതിന് സാധിക്കാതെ പോയെന്നും ലാല്‍ ജോസ് അഭിമുഖത്തില്‍ പറയുന്നു. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്താണ് ഈ സംഭവമെന്നും അതിനായി ബി. കണ്ണന്‍കുട്ടിയെ സമീപിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കുറേ സാധനങ്ങള്‍ ഞാന്‍ സിനിമയാക്കാന്‍ ആദ്യം ആലോചിക്കും, പിന്നീട് വേറെ ആളുകള്‍ അത് കൊണ്ടുപോകും. ഞാന്‍ ഇനി പറഞ്ഞാല്‍ ഇവന്‍ ഒന്നിനും കൊള്ളാത്ത പച്ച ചാണകമാണെന്ന് ആളുകള്‍ പറയും (ചിരി).

ഒടിയന്‍ എന്ന് പറഞ്ഞ് ബി. കണ്ണന്‍കുട്ടി എഴുതിയ ഒരു പുസ്തകമുണ്ട്. അത് സിനിമയാക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്താണ് ഫാന്റസി ഴോണറിലുള്ള സിനിമ ചെയ്യാന്‍ ആഗ്രഹിച്ചത്.

അതിനായി കണ്ണന്‍കുട്ടിയെ സമീപിച്ചിരുന്നു. പക്ഷെ ആ സമയത്ത് പ്രിയനന്ദന്‍ അതിന്റെ റൈറ്റ്സ് വാങ്ങി. ആരെ വെച്ചായിരുന്നു അദ്ദേഹം ആ സിനിമ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതെന്ന് എനിക്ക് അറിയില്ല. അങ്ങനെയാണ് എനിക്ക് അത് മിസാകുന്നത്,’ ലാല്‍ ജോസ് പറഞ്ഞു.


Content Highlight: Lal Jose Talks About Mohanlal And Prithviraj Sukumaran’s Movie Cousins