1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായ വ്യക്തിയാണ് ലാല്‍ ജോസ്. അതിനുമുമ്പ് സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി സിനിമകള്‍ ലാല്‍ ജോസ് മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. ഇപ്പോള്‍ സംവിധാനത്തിന് പുറമെ അഭിനയത്തിലും സജീവമാണ് അദ്ദേഹം.
സിനിമയില്‍ പുതിയതായി എത്തുന്നവര്‍ ആദ്യം ചോദിക്കുന്നത് മമ്മൂട്ടിയും മോഹന്‍ലാലും ഓരോ സിനിമക്കും എത്ര രൂപയാണ് വാങ്ങുന്നതെന്നാണെന്ന് ലാല്‍ ജോസ് പറയുന്നു. മമ്മൂട്ടിയും മോഹന്‍ലാലും നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളം കഷ്ടപ്പെട്ടിട്ടാണ് ഇന്നത്തെ സ്ഥാനത്തെത്തിയതെന്നും എന്നാല്‍ പുതിയ ആളുകള്‍ക്ക് കുറഞ്ഞ ദിവസം കൊണ്ടുതന്നെ ആ സ്ഥാനത്ത് എത്തണമെന്നാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ വിടമാട്ടെ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.
‘ഇപ്പോള്‍ പുതിയതായി സിനിമയില്‍ വരുന്ന ആളുകള്‍ മോഹന്‍ലാല്‍ എത്രയാണെന്ന് വാങ്ങുന്നത് മമ്മൂക്ക എത്രയാണ് വാങ്ങുന്നത് എന്നാണ് ആദ്യം ചോദിക്കുക. അവര്‍ ഉപയോഗിക്കുന്ന കാര്‍ ഏതാണ്, എത്ര വലിയ വീടാണ് അവര്‍ക്കുള്ളത് എന്നൊക്കെയാണ് അന്വേഷിക്കുന്നത്. നാല്പത്- നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളം കഷ്ടപ്പെട്ടാണ് അവര്‍ ആ സ്ഥാനത്തേക്ക് ഇന്ന് എത്തിയത്.
ഇന്ന് വന്ന് മറ്റന്നാള്‍ ആ സ്ഥാനത്തേക്ക് എത്തണം എന്ന് പറയുന്നവരോട് നമുക്ക് സഹതപിക്കാനേ കഴിയുകയുള്ളു. നിങ്ങള്‍ വിരിഞ്ഞ് നില്‍ക്കുന്ന താമരയുടെ സൗന്ദര്യവും മണവും മാത്രമേ കാണുകയുള്ളു. അത് നില്‍ക്കുന്ന ചെളിക്കുണ്ട് ആരും കാണില്ല. ഇവര്‍ക്ക് മുന്നേ സിനിമ മോഹിച്ച് ജീവിതം ഹോമിച്ചവരുടെ മുകളിലാണ് ആ താമര വിരിയുന്നത്,’ ലാല്‍ ജോസ് പറയുന്നു.