അന്ന് ലാലേട്ടന്‍ മാന്യതയും വിനയവുമൊക്കെ അഭിനയിക്കുകയാണോ എന്ന് ഞാന്‍ സംശയിച്ചിട്ടുണ്ട്: ലക്ഷ്മി ഗോപാലസ്വാമി
Entertainment
അന്ന് ലാലേട്ടന്‍ മാന്യതയും വിനയവുമൊക്കെ അഭിനയിക്കുകയാണോ എന്ന് ഞാന്‍ സംശയിച്ചിട്ടുണ്ട്: ലക്ഷ്മി ഗോപാലസ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th June 2025, 10:56 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിമാരില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. നര്‍ത്തകി കൂടിയായ നടി മമ്മൂട്ടിക്കൊപ്പം അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെയാണ് തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

ചിത്രത്തിലെ അഭിനയത്തിന് സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ ഏതാനും കന്നഡ, തമിഴ് സിനിമകളുടെ ഭാഗമാകാനും ലക്ഷ്മിക്ക് സാധിച്ചിരുന്നു. കന്നഡ ചിത്രമായ വിദ്യയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കര്‍ണാടക ചലച്ചിത്ര അവാര്‍ഡും നേടിയിരുന്നു.

മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. വാമനാപുരം ബസ് റൂട്ട്, കീര്‍ത്തി ചക്ര, പരദേശി, ഭ്രമരം, ഇവിടം സ്വര്‍ഗമാണ്, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങി നിരവധി സിനിമകളിലാണ് മോഹന്‍ലാലിനൊപ്പം നടി അഭിനയിച്ചിരിക്കുന്നത്.

ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. അദ്ദേഹം തനിക്ക് ചുറ്റുമുള്ള എല്ലാവരോടും സ്‌നേഹത്തോടെയും വിനയത്തോടെയുമാണ് പെരുമാറുകയെന്നും ആദ്യമൊക്കെ താന്‍ അദ്ദേഹം മാന്യതയും വിനയവുമൊക്കെ അഭിനയിക്കുകയാണോയെന്ന് സംശയിച്ചിരുന്നുവെന്നും പറയുന്നു.

‘ലാലേട്ടന്‍ തനിക്ക് ചുറ്റുമുള്ള എല്ലാവരോടും സ്‌നേഹത്തോടെയും വിനയത്തോടെയുമാണ് പെരുമാറുന്നത്. ആദ്യമൊക്കെ ഞാന്‍ ഇദ്ദേഹം മാന്യതയും വിനയവുമൊക്കെ അഭിനയിക്കുകയാണോ എന്ന് സംശയിച്ചിട്ടുണ്ട്.

എന്നാല്‍ ലാലേട്ടന്‍ അങ്ങനെയാണെന്ന് പിന്നീട് എനിക്ക് മനസിലാകുകയായിരുന്നു. വളരെ സെന്‍സിബിളാണ് അദ്ദേഹം. തന്റെ സമയത്തെ കുറിച്ചും മറ്റുള്ളവരുടെ സമയത്തെ കുറിച്ചും ഓര്‍ക്കുന്ന ആള്‍ കൂടിയാണ് ലാലേട്ടന്‍.

ഞാന്‍ ചിലപ്പോഴൊക്കെ അദ്ദേഹത്തെ ‘ബേബിമാന്‍’ എന്ന് കളിയാക്കി വിളിക്കാറുണ്ട്. കാരണം അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു കുട്ടിയുണ്ട്. ഒരുപാട് സിനിമകളിലും സ്റ്റേജ് ഷോകളിലും അദ്ദേഹത്തിനൊപ്പം ഒന്നിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്,’ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.

Content Highlight: Lakshmi Gopalaswami Talks About Mohanlal