മീഡിയ വണ്ണിനെതിരായ സംപ്രേഷണ വിലക്ക്; ഹൈക്കോടതിയില്‍ കക്ഷി ചേര്‍ന്ന് കെ.യു.ഡബ്ല്യു.ജെ
Kerala News
മീഡിയ വണ്ണിനെതിരായ സംപ്രേഷണ വിലക്ക്; ഹൈക്കോടതിയില്‍ കക്ഷി ചേര്‍ന്ന് കെ.യു.ഡബ്ല്യു.ജെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd February 2022, 9:22 pm

തിരുവനന്തപുരം: മീഡിയ വണ്ണിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയില്‍ തുടരുന്ന കേസില്‍ കക്ഷി ചേര്‍ന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ).

ഫേസ്ബുക്കിലൂടെയാണ് കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് റജി കെ.പി. ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധവും തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതുമാണെന്ന് കെ.യു.ഡബ്ല്യു.ജെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

കേന്ദ്രത്തിന്റെ അന്യായ നടപടി തൊഴിലാളികളുടെ ജീവിതത്തെയും അന്തസിനെയും ബാധിക്കുന്നതാണെന്നും ഹരജിയില്‍ കുറ്റപ്പെടുത്തി. സമാന ആവശ്യവുമായി എഡിറ്റര്‍ പ്രമോദ് രാമന്റെ നേതൃത്വത്തില്‍ മീഡിയ വണ്‍ ജീവനക്കാര്‍ പ്രത്യേകമായും ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.

മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ഭരണകൂടത്തിന്റെ ശ്രമം ഭരണഘടനയോടുള്ള വെല്ലുവിളിയും ജനാധിപത്യം തന്നെ ഇല്ലാതാക്കുന്ന നടപടിയുമാണെന്നും വിലക്കിനെതിരെ ജനകീയ വികാരം ഉയര്‍ത്താന്‍ യൂണിയന്‍ ശ്രമങ്ങള്‍ തുടരുമെന്നും പ്രസിഡന്റ് കെ.പി റജി, ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷ് എന്നിവര്‍ വ്യക്തമാക്കി.

അതേസമയം, സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. തിങ്കളാഴ്ച വരെയാണ് വിലക്ക് തടഞ്ഞത്.

മീഡിയ വണ്ണിന് സംപ്രേക്ഷണാനുമതി നിഷേധിച്ചതിനുള്ള കാരണങ്ങള്‍ മുദ്രവെച്ച കവറില്‍ കൈമാറും എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

രഹസ്യാന്വേഷണ സംഘങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. എന്നാല്‍ എന്ത് കാരണത്താലാണ് അനുമതി നിഷേധിച്ചതെന്ന കാരണം പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു കേന്ദ്രം നിലപാടെടുത്തത്.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട പറയാവുന്ന എല്ലാ കാര്യങ്ങളും പറയണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു.

സുരക്ഷാ കാരണങ്ങള്‍ കൊണ്ട് അനുമതി നിഷേധിച്ചാല്‍ കാരണം പരസ്യപ്പെടുത്തേണ്ടെന്ന് സുപ്രീം കോടതി ഉത്തരവുണ്ട് എന്ന് ഹൈക്കോടതിയെ ധരിപ്പിച്ചായിരുന്നു കേന്ദ്രം വാദങ്ങള്‍ മുന്നോട്ട് നീക്കിയത്.

എന്നാല്‍ മീഡിയ വണ്ണിന് സെക്യൂരിറ്റി ക്ലിയറന്‍സ് നേരത്തെ ലഭിച്ചതാണെന്നും അത് പുതുക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് എന്നുമായിരുന്നു മീഡിയ വണ്ണിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കിയത്.

ലൈസന്‍സ് പുതുക്കുന്നതിനുള്ള മാര്‍ഗരേഖയില്‍ പോലും പറയാത്ത കാരണങ്ങളാണ് മീഡിയ വണ്ണിനെതിരെ ആരോപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകള്‍ ഹാജരാക്കണമെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ഇടക്കാല സ്റ്റേ അനുവദിക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടപ്പോള്‍, കോടതി വിലക്ക് തിങ്കളാഴ്ച വരെ നീട്ടുകയായിരുന്നു.

Content Highlight: KUWJ joins high court in Central High Court ban on Media One