പുതിയ ചുവടുവെയ്പ്പില്‍ യുദ്ധനായകനായി ധോണി; ത്രില്ലടിപ്പിച്ച് 'അഥര്‍വ ദി ഒറിജിന്‍' മോഷന്‍ പോസ്റ്റര്‍
Sports News
പുതിയ ചുവടുവെയ്പ്പില്‍ യുദ്ധനായകനായി ധോണി; ത്രില്ലടിപ്പിച്ച് 'അഥര്‍വ ദി ഒറിജിന്‍' മോഷന്‍ പോസ്റ്റര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd February 2022, 7:03 pm

വിര്‍സു സ്റ്റുഡിയോസും മിഡാസ് ഡീല്‍സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നിര്‍മിക്കുന്ന ‘അഥര്‍വ-ദി ഒറിജിന്‍’ എന്ന മെഗാ ബജറ്റ് ഗ്രാഫിക് നോവലിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയാണ് നോവലിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സൂപ്പര്‍ ഹീറോ-യുദ്ധനായകന്‍ പരിവേഷത്തിലാണ് ധോണി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നോവലിന്റെ മോഷന്‍ പോസ്റ്റര്‍ താരം തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഒട്ടും സൗമ്യനല്ലാത്ത, പരുക്കന്‍ സ്വഭാവത്തിലുള്ള കഥാപാത്രമായിരിക്കും ധോണിയുടെത് എന്ന നേര്‍ക്കാഴ്ചയാണ് മോഷന്‍ പോസ്റ്ററിലൂടെ വ്യക്തമാകുന്നത്.

ഈ പ്രോജക്റ്റുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇത് തീര്‍ച്ചയായും ആവേശകരമായ ഒരു സംരംഭമാണെന്നുമായിരുന്ന പ്രോജക്ടിനെക്കുറിച്ച് താരം പറഞ്ഞത്.

‘അഥര്‍വ-ദി ഒറിജിന്‍ ആകര്‍ഷകമായ കഥയും ആഴത്തിലുള്ള കലാസൃഷ്ടികളും ഉള്‍പ്പെടുന്ന മികച്ചൊരു ഗ്രാഫിക് നോവലാണ്. ഇന്ത്യയിലെ ആദ്യത്തെ മിത്തോളജിക്കല്‍ സൂപ്പര്‍ഹീറോയെ സമകാലിക ട്വിസ്റ്റോടെ അവതരിപ്പിക്കാനുള്ള രചയിതാവ് രമേഷ് തമിഴ്മണിയുടെ ശ്രമം ഓരോ വായനക്കാരെയും ഏറെ പ്രീതിപെടുത്തും,’ ധോണി പറയുന്നു.

കഥാനായകനായ അഥര്‍വയെ ധോണി അവതരിപ്പിക്കുന്നതില്‍ തനിക്ക് ഏറെ ആവേശമുണ്ടെന്നായിരുന്നു നോവലിന്റെ രചയിതാവായ രമേഷ് തമിഴ്മണി പറഞ്ഞത്. ധോണിയുടേതുള്‍പ്പെടെ നോവലിലെ ഓരോ കഥാപാത്രങ്ങളും വിപുലമായ ഗവേഷണത്തിന് ശേഷം വികസിപ്പിച്ചെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”അഥര്‍വ-ദി ഒറിജിന്‍ ഒരു സ്വപ്നപദ്ധതിയാണ്, എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. ഒരു ആശയം ജീവസ്സുറ്റതാക്കുന്നതിനും നിങ്ങള്‍ കാണുന്നതുപോലെ അതിനെ ഒരു മാസ്റ്റര്‍പീസാക്കി വിവര്‍ത്തനം ചെയ്യുന്നതിനും ഞങ്ങള്‍ വര്‍ഷങ്ങളോളം പ്രയത്‌നിച്ചു. ആ കഥാപാത്രത്തെ യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്ന അഥര്‍വയെ എം.എസ്. ധോണി അവതരിപ്പിക്കുന്നതില്‍ എനിക്ക് ആവേശവും സന്തോഷവുമുണ്ട്.

എം.എസ്. ധോണിയുടേത് ഉള്‍പ്പെടെ നോവലിലെ ഓരോ കഥാപാത്രങ്ങളും വിപുലമായ ഗവേഷണത്തിന് ശേഷം വികസിപ്പിച്ചെടുത്തതാണ്, കൂടാതെ ലോകത്തെ എല്ലാ സൂക്ഷ്മതകളും വിശദമായി ശ്രദ്ധയോടെ ഇതില്‍ സൃഷ്ടിച്ചിട്ടുണ്ട്. കവര്‍ മുതലുള്ള ഈ പുസ്തകത്തിലെ എല്ലാ ഘടകങ്ങളും ഞങ്ങളുടെ അഭിനിവേശത്തിന്റെ തെളിവാണ്,’ അദ്ദേഹം പറയുന്നു.

ലോകോത്തര സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ഈ ഗ്രാഫിക് നോവല്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.നോവലിന്റെ പ്രീ-ഓര്‍ഡര്‍ ഈ മാസം ആരംഭിക്കുമെന്നും ഔദ്യോഗിക ലോഞ്ച് ഉടനുണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Content Highlight: Motion Poster of graphic Novel Adharva the Origin, starring MS Dhoni released