22 കിലോമീറ്റര്‍ ചായ കുടിക്കുവാന്‍ വേണ്ടി യാത്ര ചെയ്യുവാന്‍ പാടില്ലായെന്ന് ഐ.പി.സിയില്‍ പറയുന്നുണ്ടോ, ചായ കുടിക്കുവാന്‍ പരമാവധിയെത്ര ദൂരമെന്ന് പൊലീസ് മാന്വലില്‍ പറയുന്നുണ്ടോ: രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala News
22 കിലോമീറ്റര്‍ ചായ കുടിക്കുവാന്‍ വേണ്ടി യാത്ര ചെയ്യുവാന്‍ പാടില്ലായെന്ന് ഐ.പി.സിയില്‍ പറയുന്നുണ്ടോ, ചായ കുടിക്കുവാന്‍ പരമാവധിയെത്ര ദൂരമെന്ന് പൊലീസ് മാന്വലില്‍ പറയുന്നുണ്ടോ: രാഹുല്‍ മാങ്കൂട്ടത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd February 2022, 8:33 pm

കോഴിക്കോട്: പെരിന്തല്‍മണ്ണ ടൗണില്‍ 22 കിലോമീറ്റര്‍ യാത്ര ചെയ്ത് ചായ കുടിക്കാനെത്തിയ ചെറുപ്പക്കാര്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിനെതിരെ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്ത് രംഗത്തെത്തിയത്.

ടൂറിയം വകുപ്പ്മന്ത്രി മുഹമ്മദ് റിയാസിനെഴുതുന്ന കത്തായാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പോസ്റ്റ്. കേരളത്തില്‍ കുട്ടന്‍പിള്ള പൊലീസുകാര്‍ക്ക് കുറവ് സംഭവിച്ചിട്ടില്ലെന്നും ക്രമസമാധാനം ഉറപ്പുവുത്തുന്നതിനേക്കാള്‍ ഇക്കൂട്ടര്‍ക്ക് താല്‍പര്യം മോറല്‍ പൊലീസിംഗ് ആണെന്നും പോസ്റ്റില്‍ പറയുന്നു.

‘നമ്മുടെ നാട്ടിലെ കുട്ടന്‍പിള്ള പൊലീസ് എന്ന ബോറന്മാര്‍ക്ക് ഈ 2022ലും കുറവില്ല എന്നത് അത്യധികം നിരാശാജനകമാണ്. ക്രമസമാധാനപാലനത്തേക്കാള്‍ ഇക്കൂട്ടര്‍ക്ക് താല്പര്യം, അക്രമപാലനവും, പൊലീസിനേക്കാള്‍ മോറല്‍ പൊലീസിംഗുമൊക്കെയാണ്. മീശ പിരിക്കലും, വിരട്ടലും, ഭാഷ പോലും തരിച്ചു പോകുന്ന അസഭ്യവര്‍ഷവും, ഗരുഡന്‍ പറത്തലും തൊട്ട് പല തരം തേര്‍ഡ് ഡിഗ്രി എന്ന ഓമന പേരിലെ തേര്‍ഡ്‌റൈറ്റ് തോന്നിവാസങ്ങളും ഇക്കാലത്തും ആചാരം പോലെയവര്‍ പാലിച്ചു പോകുന്നു,’ പോസ്റ്റില്‍ പറയുന്നു.

പൊതുവെ യാത്രികരോട് പൊലീസിന് ഫ്രസ്‌ട്രേഷന്‍ ആണെന്നും അതിന് വിദേശിയെന്നോ സ്വദേശിയെന്നോ ഇല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്ന ചെറുപ്പക്കാരുടെയെല്ലാം കാര്യത്തില്‍ പന്തിക്കേട് തോന്നിയാല്‍ എത്ര കാലം പിന്നിലേക്ക് പോവേണ്ടിവരുമെന്നും അദ്ദേഹം ചോദിച്ചു.

‘കഴിഞ്ഞ ദിവസം രാത്രിയില്‍ പെരിന്തല്‍മണ്ണ ടൗണില്‍ 22 കിലോമീറ്റര്‍ യാത്ര ചെയ്ത് ചായ കുടിക്കാന്‍ എത്തിയ 6 ചെറുപ്പക്കാര്‍ക്ക് പൊലീസ് വക ഫ്രീ ചായ എന്ന വാര്‍ത്ത കണ്ണില്‍ ഉടക്കിയപ്പോള്‍ തന്നെ ഒരു പന്തികേട് തോന്നി. രാത്രികാലത്ത് 22 കിലോമീറ്റര്‍ യാത്ര ചെയ്ത് ചായ കുടിക്കുവാന്‍ എത്തിയതിനെ ചോദ്യം ചെയ്ത്, അത് വിശ്വസിനീയമല്ല എന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

അതിനു ശേഷം പ്രായപൂര്‍ത്തിയായ ആ ചെറുപ്പക്കാരുടെ വീട്ടില്‍ വിളിക്കുന്നു. അതിന് ശേഷം അവരെ കൊണ്ട് ചായ തയ്യാറാക്കി കുടിപ്പിക്കുന്നു. ചായ കുടിക്കുമ്പോഴത്രയും 22 കിലോമീറ്റര്‍ യാത്ര ചെയ്തു ചായയ്ക്ക് എന്ന് പറഞ്ഞ് പരിഹസിക്കുന്നു. പെരിന്തല്‍മണ്ണ എസ്.ഐയുടെ മോറല്‍ ചായ പൊലീസിംഗ് നടക്കുന്നതിനടയില്‍ മറ്റൊരു ഹെഡ് കോണ്‍സ്റ്റബിള്‍ കുട്ടന്‍ പിള്ളയുടെ മാസ് ഡയലോഗുണ്ട്, ചായയുണ്ടാക്കാന്‍ തന്നെ അറിയില്ല,’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.

22 കിലോമീറ്റര്‍ ചായക്കുടിക്കാന്‍ പോവാന്‍ പാടില്ലെന്ന് ഐ.പി.സിയില്‍ പറയുന്നുണ്ടോയെന്നും ചായ കുടിക്കുവാന്‍ പരമാവധിയെത്ര ദൂരമെന്ന് പോലീസ് മാന്വലില്‍ പറയുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

’22 കിലോമീറ്റര്‍ ചായ കുടിക്കുവാന്‍ വേണ്ടി യാത്ര ചെയ്യുവാന്‍ പാടില്ലായെന്ന് ഐ.പി.സി യില്‍ പറയുന്നുണ്ടോ?
ചായ കുടിക്കുവാന്‍ പരമാവധിയെത്ര ദൂരമെന്ന് പൊലീസ് മാന്വലില്‍ പറയുന്നുണ്ടോ?
ചായ കുടിക്കുവാന്‍ വന്നതാണ് എന്ന് പറയുമ്പോള്‍ സംശയം തോന്നിയെന്നതിന്റെ യുക്തിയെന്താണ് ?
സംശയം തോന്നിയവരെ സ്റ്റേഷനില്‍ എത്തിച്ച് ചായ ഉണ്ടാക്കിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ?
എല്ലാവര്‍ക്കും ചായ ഉണ്ടാക്കുവാന്‍ അറിയണം എന്ന് ഭരണഘടനയില്‍ പറയുന്നുണ്ടോ?,’ പോസ്റ്റില്‍ പറയുന്നു.

സംഭവം പാളി എന്ന് മനസ്സിലായപ്പോള്‍ സംഭവത്തിനെ പോസീറ്റിവ് വാര്‍ത്തയാക്കുവാന്‍ ‘ പൊലീസ് വക മധുരമുള്ള ചായ ‘ എന്ന ടാഗ് സൃഷ്ടിച്ച് നന്മ നിറഞ്ഞ ശ്രീനിവാസന്‍ ആകുവാനുളള പൊലീസ് ശ്രമം പ്രത്യേകം എടുത്ത് പറയണം. മിനിസ്റ്റര്‍, നമ്മുക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് ചായ വേണ്ട, നീതി മതി…. ചായ നമുക്ക് നല്ല ചായക്കടയില്‍ പോയി തന്നെ കുടിക്കാം.ഈ ഹരാസ്‌മെന്റ് നടക്കുമ്പോള്‍, മാസ്‌ക് മാറ്റി ആ വീഡിയോ പിടിക്കുമ്പോള്‍ ആ ചെറുപ്പക്കാരുടെ മുഖത്ത് വിരിയുന്ന നിസംഗതയും, നിരാശയും, അഭിമാനക്ഷതവും നമ്മുടെ പരാജയമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് ചായകുടിക്കാനിറങ്ങിയ ആറ് ചെറുപ്പക്കാരെ പൊലീസ് ചോദ്യം ചെയ്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്‌റ്റേഷനില്‍ വെച്ച് യുവാവക്കളെ കൊണ്ട് ചായ ഉണ്ടാക്കിപ്പിക്കുന്നതിന്റേയും കുടിപ്പിക്കുന്നതിന്റേയും വീഡിയോ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

വീഡിയോ കേരളാ പൊലീസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട കേരളത്തിന്റെ ടൂറിസം മന്ത്രി ശ്രീ മുഹമ്മദ് റിയാസ്,

രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും, അത്തരത്തിലുള്ള ഒരു രാഷ്ട്രീയ വേര്‍തിരുവിലുമല്ല ഇതെഴുതുന്നത്. ഈ കുറിപ്പ് താങ്കളുടെ പേരില്‍ എഴുതുന്നത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്, ഒന്ന് താങ്കള്‍ ഈ നാടിന്റെ ടൂറിസം മന്ത്രിയാണ്, രണ്ട് താങ്കള്‍ യുവാക്കളുടെ പ്രതിനിധിയാണ്. ടൂറിസം മന്ത്രി എന്ന നിലയില്‍ കേരളത്തിലെ ടൂറിസം സാധ്യത വികസിപ്പിക്കുവാനുള്ള അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു വെല്ലുവിളിയെ പറ്റിയാണ് എനിക്ക് പറയാനുള്ളത്.

നമ്മുടെ നാട്ടിലെ ‘കുട്ടന്‍പിള്ള പൊലീസ് ‘ എന്ന ബോറന്മാര്‍ക്ക് ഈ 2022 ലും കുറവില്ല എന്നത് അത്യധികം നിരാശാജനകമാണ്. ക്രമസമാധാനപാലനത്തേക്കാള്‍ ഇക്കൂട്ടര്‍ക്ക് താല്പര്യം, അക്രമപാലനവും, പൊലീസിനേക്കാള്‍ മോറല്‍ പൊലീസിംഗുമൊക്കെയാണ്. മീശ പിരിക്കലും, വിരട്ടലും, ഭാഷ പോലും തരിച്ചു പോകുന്ന അസഭ്യവര്‍ഷവും, ഗരുഡന്‍ പറത്തലും തൊട്ട് പല തരം തേര്‍ഡ് ഡിഗ്രി എന്ന ഓമന പേരിലെ തേര്‍ഡ്‌റൈറ്റ് തോന്നിവാസങ്ങളും ഇക്കാലത്തും ആചാരം പോലെയവര്‍ പാലിച്ചു പോകുന്നു.

ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിലേക്ക് വന്ന ഒരു വിദേശ പൗരനോട് കോവളത്ത് വെച്ച് ചെയ്ത അധികാര ആഭാസം കാരണം നാട് തന്നെ നാണിച്ചു നിന്ന സംഭവം താങ്കളുടെ ഓര്‍മയില്‍ കാണും. പൊതുവെ യാത്രികരോട്, അത് വിദേശിയായാലും സ്വദേശിയായാലും ഈ കുട്ടന്‍ പിള്ളമാര്‍ക്ക് ഒരു തരം ഫ്രസ്‌ട്രേഷനാണ്.

കഴിഞ്ഞ ദിവസം രാത്രിയില്‍ പെരിന്തല്‍മണ്ണ ടൗണില്‍ 22 കിലോമീറ്റര്‍ യാത്ര ചെയ്ത് ചായ കുടിക്കാന്‍ എത്തിയ 6 ചെറുപ്പക്കാര്‍ക്ക് പൊലീസ് വക ഫ്രീ ചായ എന്ന വാര്‍ത്ത കണ്ണില്‍ ഉടക്കിയപ്പോള്‍ തന്നെ ഒരു പന്തികേട് തോന്നി.

രാത്രികാലത്ത് 22 കിലോമീറ്റര്‍ യാത്ര ചെയ്ത് ചായ കുടിക്കുവാന്‍ എത്തിയതിനെ ചോദ്യം ചെയ്ത്, അത് വിശ്വസിനീയമല്ല എന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അതിനു ശേഷം പ്രായപൂര്‍ത്തിയായ ആ ചെറുപ്പക്കാരുടെ വീട്ടില്‍ വിളിക്കുന്നു. അതിന് ശേഷം അവരെ കൊണ്ട് ചായ തയ്യാറാക്കി കുടിപ്പിക്കുന്നു. ചായ കുടിക്കുമ്പോഴത്രയും 22 കിലോമീറ്റര്‍ യാത്ര ചെയ്തു ചായയ്ക്ക് എന്ന് പറഞ്ഞ് പരിഹസിക്കുന്നു. പെരിന്തല്‍മണ്ണ എസ്.ഐയുടെ മോറല്‍ ചായ പൊലീസിംഗ് നടക്കുന്നതിനടയില്‍ മറ്റൊരു ‘ഹെഡ് കോണ്‍സ്റ്റബിള്‍ കുട്ടന്‍ പിള്ളയുടെ ‘ മാസ് ഡയലോഗുണ്ട്, ‘ചായയുണ്ടാക്കാന്‍ തന്നെ അറിയില്ല’

ബഹുമാനപ്പെട്ട മിനിസ്റ്റര്‍,

രാത്രി കാലത്ത് പുറത്തിറങ്ങുന്ന എല്ലാ ചെറുപ്പക്കാരെയും ഇങ്ങനെ സംശയത്തോടെ മാത്രം നോക്കിയാല്‍ നമ്മള്‍ എത്ര പതിറ്റാണ്ട് പിന്നിലേക്ക് പോകും ?

22 കിലോമീറ്റര്‍ ചായ കുടിക്കുവാന്‍ വേണ്ടി യാത്ര ചെയ്യുവാന്‍ പാടില്ലായെന്ന് ഐ.പി.സിയില്‍ പറയുന്നുണ്ടോ?
ചായ കുടിക്കുവാന്‍ പരമാവധിയെത്ര ദൂരമെന്ന് പൊലീസ് മാന്വലില്‍ പറയുന്നുണ്ടോ?
ചായ കുടിക്കുവാന്‍ വന്നതാണ് എന്ന് പറയുമ്പോള്‍ സംശയം തോന്നിയെന്നതിന്റെ യുക്തിയെന്താണ് ?
സംശയം തോന്നിയവരെ സ്റ്റേഷനില്‍ എത്തിച്ച് ചായ ഉണ്ടാക്കിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ?
എല്ലാവര്‍ക്കും ചായ ഉണ്ടാക്കുവാന്‍ അറിയണം എന്ന് ഭരണഘടനയില്‍ പറയുന്നുണ്ടോ?

സംഭവം പാളി എന്ന് മനസ്സിലായപ്പോള്‍, സംഭവത്തിനെ പോസിറ്റീവ് വാര്‍ത്തയാക്കുവാന്‍ ‘ പൊലീസ് വക മധുരമുള്ള ചായ ‘ എന്ന ടാഗ് സൃഷ്ടിച്ച് നന്മ നിറഞ്ഞ ശ്രീനിവാസന്‍ ആകുവാനുളള പോലീസ് ശ്രമം പ്രത്യേകം എടുത്ത് പറയണം.
മിനിസ്റ്റര്‍, നമ്മുക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് ചായ വേണ്ട, നീതി മതി…. ചായ നമുക്ക് നല്ല ചായക്കടയില്‍ പോയി തന്നെ കുടിക്കാം….

ഈ ഹരാസ്‌മെന്റ് നടക്കുമ്പോള്‍, മാസ്‌ക് മാറ്റി ആ വീഡിയോ പിടിക്കുമ്പോള്‍ ആ ചെറുപ്പക്കാരുടെ മുഖത്ത് വിരിയുന്ന നിസംഗതയും, നിരാശയും, അഭിമാനക്ഷതവും നമ്മുടെ പരാജയമാണ്.
ഇത്തരം കൂട്ടന്‍ പിള്ളമാരെ നിലയ്ക്ക് നിര്‍ത്തുവാന്‍ അങ്ങയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..


Content Highlights: Does the police manual state the maximum distance for drinking tea: Rahul Mankoottathil