ബീസ്റ്റിന് നിരോധനമേര്‍പ്പെടുത്തി കുവൈറ്റ്
Film News
ബീസ്റ്റിന് നിരോധനമേര്‍പ്പെടുത്തി കുവൈറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th April 2022, 2:34 pm

വിജയ് നായകനാകുന്ന പുതിയ ചിത്രം ബീസ്റ്റിന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍. കുവൈറ്റിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇസ്‌ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്തിയത്.

മുന്‍പ് ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’, വിഷ്ണു വിശാലിന്റെ ‘എഫ്.ഐ.ആര്‍’ തുടങ്ങിയ ചിത്രങ്ങളും കുവൈറ്റില്‍ നിരോധിച്ചിരുന്നു. ബീസ്റ്റിന്റെ നിരോധനം വിദേശ കളക്ഷനെ ബാധിച്ചേക്കും. അതേസമയം മറ്റ് അറബ് രാജ്യങ്ങള്‍ ബീസ്റ്റിന് റിലീസ് അനുമതി നല്‍കിയിട്ടുണ്ട്.

നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ഏപ്രില്‍ 14 നാണ് ബീസ്റ്റിന്റെ റിലീസ്.

ഏപ്രില്‍ രണ്ടിന് ചിത്രത്തിന്റെ ട്രെയ്ലറും പുറത്ത് വന്നിരുന്നു. ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരനായ നായകനെയാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നത്.

മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍. നിര്‍മല്‍. ചെന്നൈയിലും ജോര്‍ജിയയിലുമായിട്ടായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം.

Content Highlight: Kuwait bans vijay movie Beast