പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ പ്രതിസന്ധിയിലായിരിക്കുന്നത് മോളിവുഡടക്കമുള്ള ഇന്ത്യന്‍ സിനിമാ മേഖലയായിരുന്നു. വലിയ മാര്‍ക്കറ്റാണ് ഒട്ടനവധി ഇന്ത്യക്കാര്‍ വസിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ സിനിമകള്‍ക്കുള്ളത്. അമേരിക്കയും ഇറാനും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബിഗ് ബഡ്ജറ്റിലെത്തിയ പാന്‍ ഇന്ത്യന്‍ ചിത്രം ടോക്‌സിക്ക്, മലയാളത്തിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമായ ദൃശ്യം 3 തുടങ്ങിയവയുടെ റിലീസ് ഇതിനോടകം മാറ്റിവെച്ചിരുന്നു.
എങ്കിലും സിനിമാ മേഖലയ്ക്ക് താങ്ങായി മലയാളത്തില്‍ ഒരുപിടി മികച്ച ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിയേറ്ററുകളിലെത്തിയത്. മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് 3, നിവിന്‍ പോളി നായകനായ പ്രതിഛായ, സവിന്‍ എസ്.എ. സംവിധാനം ചെയ്ത വാഴ 2 തുടങ്ങിയവ ബോക്‌സ് ഓഫീസില്‍ വലിയ പ്രകമ്പനം സൃഷ്ടിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പിയും കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, സജിന്‍ ഗോപു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ഒരു ദുരൂഹ സാഹചര്യത്തില്‍ തുടങ്ങിയ ചിത്രങ്ങളും വരും ദിവസങ്ങളില്‍ തിയേറ്ററുകളിലേക്കെത്തുന്നത്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ യുദ്ധസാഹചര്യത്തില്‍ സിനിമകള്‍ പ്രേക്ഷകരിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘വളരെ സംഘര്‍ഷഭരിതമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ ലോകം തന്നെ മുന്നോട്ട് പൊയ്‌കൊണ്ടിരിക്കുന്നത്. ഈ സമയങ്ങളില്‍ ആര്‍ട്ട്‌ഫോമുകള്‍ അഥവാ കലാരൂപങ്ങള്‍ എത്രത്തോളും മനുഷ്യമനസുകളെ എത്രത്തോളം ഉത്‌ബോധിപ്പിക്കുന്നു, രസിപ്പിക്കുന്നു എന്നതിന് തെളിവായി സിനിമകളെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറയുന്നു. ഇത്രയും സംഘര്‍ഷപൂര്‍ണമായ സമയങ്ങളില്‍ പോലും ആട് 3, പ്രതിഛായ, ഇന്ന് (വ്യാഴം) റിലീസായ വാഴ 2 പോലുള്ള ചിത്രങ്ങള്‍ പ്രേക്ഷക പ്രീതിയോടെ തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.
എന്റര്‍ടെയിന്‍മെന്റ് എന്ന് പറയുന്നത്, അതേത് കലാരൂപങ്ങളായാലും അത് മനുഷ്യന് ആവശ്യമാണ് എന്ന് നമ്മള്‍ മലയാളികള്‍ ഉറപ്പിച്ച് ലോകത്തോട് കാണിക്കുന്ന ഈ അവസ്ഥയില്‍ മലയാളികളോട് നന്ദി പറയുന്നു. ഇതിന്റെ തുടര്‍ച്ചയായി ഏറ്റവും നല്ല റിലീസുകളുമായി അടുത്തയാഴ്ച്ചയും മലയാള സിനിമ എത്തുന്നുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
പള്ളിച്ചട്ടമ്പിക്കും ഒരു ദുരൂഹ സാഹചര്യത്തിലിനും പുറമെ സൈജു കുറുപ്പ് നായകനാകുന്ന മോഹിനിയാട്ടവും വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തുന്നുണ്ട്. 2024 ല്‍ പുറത്തിറങ്ങിയ ഭരതനാട്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് സംവിധായകന്‍ കൃഷ്ണദാസ് മുരളി ചിത്രം ഒരുക്കിയിട്ടുള്ളത്.
Content Highlight: Kunchako Boban talks about How cinema helps people in adverse condition
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.