കുമ്പളങ്ങി നൈറ്റ്‌സിലെ ആ വയലറ്റ് വെളിച്ചം കാപ്പാട് ബീച്ചിലും: 'കവരി'ന്റെ ഭംഗിയില്‍ കാപ്പാട്
Kerala News
കുമ്പളങ്ങി നൈറ്റ്‌സിലെ ആ വയലറ്റ് വെളിച്ചം കാപ്പാട് ബീച്ചിലും: 'കവരി'ന്റെ ഭംഗിയില്‍ കാപ്പാട്
ന്യൂസ് ഡെസ്‌ക്
Saturday, 21st November 2020, 9:45 am

കുമ്പളങ്ങി നൈറ്റ്‌സ് സിനിമയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്ന സീനായിരുന്നു വെള്ളത്തിന് മുകളില്‍ പടര്‍ന്ന നീലവെളിച്ചം ആസ്വദിക്കുന്ന ബോണിയും സുഹൃത്തും. ബയോലൂമിനസെന്‍സ് എന്ന ഈ പ്രതിഭാസം കാണാനായി നിരവധി പേരാണ് സിനിമക്ക് പിന്നാലെ ലൊക്കേഷന്‍ തേടിയിറങ്ങിയത്.

കഴിഞ്ഞ ദിവസം രാത്രി കാപ്പാട് കടലിലും കവര് വെളിച്ചമെത്തി. കാപ്പാട് ബീച്ചിലെ കവരിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേരാണ് പങ്കുവെച്ചിട്ടുള്ളത്. കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് കാപ്പാട് ബീച്ചില്‍ പ്രവേശന വിലക്കുള്ളതിനാല്‍ കവര് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചിലപ്പോള്‍ നിരാശപ്പെടേണ്ടി വന്നേക്കാം.

ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. പ്രകാശത്തിനൊപ്പം ചൂട് ഒട്ടും തന്നെ പുറത്തുവിടാത്തതിനാല്‍ ”തണുത്ത വെളിച്ചം” എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ലുസിഫെറൈസ് എന്ന എന്‍സൈം ലൂസിഫെറിന്‍ എന്ന പ്രോട്ടീനിനെ ഓക്സികരിക്കുന്നതിന്റെ ഫലമായിട്ടാണ് പ്രകാശം പുറപ്പെടുവിക്കുന്നത്.

ഈ പ്രതിഭാസമാണ് മിന്നാമിനുങ്ങിന്റെ വെളിച്ചവും. കടല്‍പരപ്പില്‍ ചിലപ്പോള്‍ തീപിടിച്ചത് പോലെ കാണുന്ന പ്രകാശം നോക്ടിലൂക്ക എന്ന ബാക്ടീരിയയുടെ ബയോലൂമിനസെന്‍സ് കാരണമാണ്. ചെങ്കടലിന്റെ ചുവപ്പും ഇതുപോലെയുള്ള സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തന ഫലമായാണ് ഉണ്ടാവുന്നത്. ചിലയിനം ജെല്ലി ഫിഷുകള്‍, ചില മണ്ണിരകള്‍, കടല്‍ത്തട്ടില്‍ കാണുന്ന ചില മത്സ്യങ്ങള്‍ എന്നിവക്കും ഈ കഴിവുണ്ട്.

ഇണയേയും ഇരയേയും ആകര്‍ഷിക്കാനും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനുമൊക്കെ സൂക്ഷ്മ ജീവികള്‍ ഈ വെളിച്ചം ഉപയോഗപ്പെടുത്തുന്നു. ചില ജീവികളില്‍ ഇവ കാണണമെങ്കില്‍ ഒരു പ്രത്യേക ഭക്ഷണമോ മറ്റേതെങ്കിലും ജീവിയോ ഉണ്ടാവണം.

കടലിനോടു ചേര്‍ന്നുള്ള കായല്‍ പ്രദേശത്താണ് ഈ പ്രതിഭാസം പലപ്പോഴും കാണപ്പെടുന്നത്. വെളിച്ചം വിതറാന്‍ കഴിവുള്ള ഈ ജീവികളെ മനുഷ്യകുലത്തിന് ഏതുതരത്തില്‍ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ച് ശാസ്ത്രലോകത്ത് വലിയ പരീക്ഷണ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kumbalangi Nights bioluminescence lights, Kavaru in Kappad beach