ബിനീഷിനെ പുറത്താക്കണമെന്ന് സിദ്ദീഖും ഹണി റോസും രചനയും, വേണ്ടെന്ന് മുകേഷും ഗണേഷും; അമ്മയോഗത്തില്‍ വാക്ക് തര്‍ക്കം
A.M.M.A
ബിനീഷിനെ പുറത്താക്കണമെന്ന് സിദ്ദീഖും ഹണി റോസും രചനയും, വേണ്ടെന്ന് മുകേഷും ഗണേഷും; അമ്മയോഗത്തില്‍ വാക്ക് തര്‍ക്കം
ന്യൂസ് ഡെസ്‌ക്
Friday, 20th November 2020, 8:45 pm

കൊച്ചി: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയോടു വിശദീകരണം തേടാന്‍ താരസംഘടനയായ ‘അമ്മ’യുടെ തീരുമാനം. നടന്‍ ഇടവേള ബാബുവിന്റെ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ രാജിക്കത്തു നല്‍കിയ നടി പാര്‍വതി തിരുവോത്തിന്റെ രാജി സ്വീകരിക്കാനും പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ബിനീഷിനെ സംഘടനയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യമുയര്‍ന്നതിനു പിന്നാലെ രൂക്ഷമായ വാക്കേറ്റമാണു യോഗത്തിലുണ്ടായത്.

നടന്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ ബിനീഷ് കോടിയേരിയെ സംഘടനയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. നടിമാരായ ഹണി റോസ്, രചന നാരായണന്‍ കുട്ടി തുടങ്ങിയവരും ഇതേ നിലപാടാണു സ്വീകരിച്ചത്.

എന്നാല്‍ എം.എല്‍.എമാരായ മുകേഷ്, ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ തിടുക്കപ്പെട്ട് നടപടി വേണ്ട എന്ന നിലപാടെടുത്തു. ഇതോടെയാണു വാക്കുതര്‍ക്കത്തിലേക്കു കാര്യങ്ങള്‍ നീങ്ങിയത്.

2009 മുതല്‍ ബിനീഷ് കോടിയേരി അമ്മയുടെ ആജീവനാന്ത അംഗത്വം എടുത്തിട്ടുണ്ട്.

നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ സംഘടനയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നെന്നും രണ്ടു പേര്‍ക്കു രണ്ടു നീതി പാടില്ലെന്നും നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചു. ആരോപണ വിധേയനെ സംഘടനയില്‍ വച്ചുകൊണ്ടിരിക്കുന്നതു ശരിയല്ലെന്നാണു സിദ്ദിഖ് വ്യക്തമാക്കിയത്.

ഇതിനെ മുകേഷും മറ്റും എതിര്‍ത്തതോടെയാണു വാക്‌പോരിലേക്കു കാര്യങ്ങള്‍ പോയത്. അംഗങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ട മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ തിടുക്കപ്പെട്ടുള്ള നടപടി ഒഴിവാക്കാമെന്നും വിശദീകരണം ചോദിക്കാം എന്നുമുള്ള നിലപാടില്‍ എത്തിച്ചേരുകയായിരുന്നു.

അതേസമയം നടി പാര്‍വതിയുടെ രാജി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 12 നാണ് പാര്‍വതി സംഘടനയില്‍ നിന്ന് രാജിവെച്ചത്.

നേരത്തെ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിയില്‍ പറഞ്ഞിരുന്നു.

അമ്മയുടെ ദിലീപ് മുന്‍പ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയില്‍ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്.

ഇതിനെതിരെ ശക്തമായ പ്രതികരണവുമായി പാര്‍വതി രംഗത്തെത്തിയിരുന്നു.

‘ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ങൃ ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്’, പാര്‍വതി പറഞ്ഞു.

നേരത്തെ സംഘടനയില്‍ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bineesh Kodiyeri Sidhique Honey Rose Rachana Narayanankutty Mukesh Ganesh Kumar