ഏകസിവില്‍കോഡ് വാദവും ഹിന്ദുത്വത്തിന്റെ മാപ്പുസാക്ഷികളും
Uniform Civil Code
ഏകസിവില്‍കോഡ് വാദവും ഹിന്ദുത്വത്തിന്റെ മാപ്പുസാക്ഷികളും
കെ.ടി. കുഞ്ഞിക്കണ്ണന്‍
Saturday, 15th July 2023, 5:28 pm
ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഏകീകൃത സിവില്‍കോഡ് ലിംഗവിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതോ സ്ത്രീകള്‍ക്ക് നീതി ഉറപ്പുവരുത്തുന്നതോ ആയ നിയമനിര്‍മ്മാണമല്ലായെന്നും അത് തങ്ങളുടെ തീവ്രഹിന്ദുത്വഅജണ്ടയില്‍ നിന്നുള്ളതാണെന്നും തിരിച്ചറിയണം. ഹിന്ദുത്വവാദികള്‍ ഏകരാജ്യ ഏകനിയമ സിദ്ധാന്തത്തില്‍നിന്നുകൊണ്ടാണ് സിവില്‍കോഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

ഹിന്ദു സിവില്‍കോഡ് വിവാദപരമായി ചര്‍ച്ചചെയ്യപ്പെടുന്ന സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രി നെഹ്റു പാര്‍ലമെന്റില്‍ ഏകസിവില്‍കോഡിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിക്കൊണ്ട് സംസാരിക്കുന്നത്. 1954 സെപ്തംബര്‍ 15-ന് ജവഹര്‍ലാല്‍നെഹ്റു പാര്‍ലമെന്റില്‍ ചെയ്ത പ്രസ്താവനയില്‍ ഇന്ത്യയുടെ ബഹുസംസ്‌കൃതിയുടെയും വിശ്വാസാചാരപരമായ വൈജാത്യങ്ങളുടെയും സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഏകസിവില്‍കോഡ് ഉണ്ടാക്കുകയെന്നത് വൈഷമ്യമുള്ളതാണെന്നാണ്  വ്യക്തമാക്കിയത്.

നെഹ്റു

നെഹ്റുവിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു;

”അത്തരം നിയമം സമ്മര്‍ദ്ദം ചെലുത്തി നടപ്പാക്കാന്‍ ഇപ്പോഴത്തെ നിമിഷം പക്വമാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനുള്ള നിലം തയ്യാറാക്കേണ്ടതുണ്ട്. ഈ ദിശയിലാണ് ഹിന്ദുകോഡ്.”

രാജീവ്ഗാന്ധി

ഇതേ നിലപാടാണ് 1985-ല്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ ഏകീകൃത സിവില്‍കോഡ് ഉണ്ടാക്കുകയെന്നത് തന്റെ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടല്ലെന്ന് പറഞ്ഞപ്പോള്‍ അതിനെ സ്വാഗതം ചെയ്തുകൊണ്ട് സഖാവ് ഇ.എം.എസ് വ്യക്തമാക്കിയത്.

ഷബാനുകേസ് വിധി പ്രസ്താവനയില്‍ ഏകീകൃത സിവില്‍കോഡ് ഉണ്ടാക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്യുകയാണ് രാജീവ്ഗാന്ധി ചെയ്തതെന്ന കാര്യം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൗശലപൂര്‍വ്വം മറന്നുകളയുകയാണ്.

ഇ.എം.എസ്

പിന്നീട് ഇതുസംബന്ധമായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാജീവ്ഗാന്ധി നിലപാട് വ്യക്തമക്കിയത്. അതിനെ സ്വാഗതം ചെയ്തുകൊണ്ട് 1985 ജൂലായ് 12-ന് സ:ഇ.എം.എസ് ദേശാഭിമാനി പത്രത്തില്‍ ലേഖനമെഴുതി.

ഏകസിവില്‍നിയമം ഉണ്ടാക്കേണ്ടത് ജനവിഭാഗങ്ങള്‍ക്കിടയില്‍ പൊതുവായി സമവായം ഉണ്ടാകുന്ന സാഹചര്യത്തിലാണെന്നും എന്നാല്‍ ഹിന്ദുത്വവാദികളുടെ നിലപാട് ഏകസിവില്‍നിയമം ഏവര്‍ക്കും സ്വീകാര്യമാകേണ്ട കാര്യമാണെന്നും അത് ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് എത്രയുംവേഗം ഏകനിയമം ഉണ്ടാക്കണമെന്നുമാണ്.

ഹിന്ദുത്വവാദികളില്‍ നിന്ന് വ്യത്യസ്തമായി കമ്യൂണിസ്റ്റുകാരുടെ നിലപാടിലെ വ്യത്യസ്തതയാണ് ഇ.എം.എസ് ആ ലേഖനത്തിലൂടെ അന്ന് വ്യക്തമാക്കിയത്.

സാമൂഹ്യപരിഷ്‌ക്കരണമെന്നത് അതാത് സമൂഹങ്ങളിലുണ്ടാവേണ്ട ജനാധിപത്യവല്‍ക്കരണപ്രക്രിയയുടെ ഭാഗമാണെന്നാണ് കമ്യൂണിസ്റ്റുകാര്‍ കാണുന്നത്. ഇക്കാര്യത്തില്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന സാമൂഹ്യപരിഷ്‌ക്കരണത്തെസംബന്ധിച്ച് പൊതുഅവബോധം വളര്‍ത്തുകയെന്ന നിലപാടാണ് ഇ.എം.എസ് തന്റെ ലേഖനത്തില്‍ കമ്യൂണിസ്റ്റുകാരുടെ നിലപാടായി അടിവരയിട്ട് പറയുന്നത്.

എന്നുവെച്ചാല്‍ വ്യക്തിനിയമങ്ങള്‍ അതാത് സമൂഹങ്ങളുടെ അഭിപ്രായമറിയാതെ അവരില്‍ നിന്ന് ആവശ്യം ഉയരുന്ന സാഹചര്യം വളര്‍ത്താതെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാന്‍ പാടില്ല എന്നതാണ് കമ്യൂണിസ്റ്റുകാരുടെ ഉറച്ച നിലപാട്.

സാമൂഹ്യസാംസ്‌കാരിക വിഭാഗങ്ങളുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്തിക്കൊണ്ട് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയെന്നത് ഒരു ആധുനിക ജനാധിപത്യസമൂഹത്തിനും അംഗീകരിക്കാനാവുന്നതല്ല. ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഏകീകൃത സിവില്‍കോഡ് ലിംഗവിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതോ സ്ത്രീകള്‍ക്ക് നീതി ഉറപ്പുവരുത്തുന്നതോ ആയ നിയമനിര്‍മ്മാണമല്ലായെന്നും അത് തങ്ങളുടെ തീവ്രഹിന്ദുത്വഅജണ്ടയില്‍ നിന്നുള്ളതാണെന്നും തിരിച്ചറിയണം. ഹിന്ദുത്വവാദികള്‍ ഏകരാജ്യ ഏകനിയമ സിദ്ധാന്തത്തില്‍ നിന്നുകൊണ്ടാണ് സിവില്‍കോഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

മോഡിയുടെ ഭോപ്പാല്‍ പ്രസംഗം ശ്രദ്ധിച്ചാലറിയാം മുസ്‌ലിം വ്യക്തിനിയമങ്ങളിലെ പരിഷ്‌ക്കരണത്തെയും മുസ്‌ലിം സ്ത്രീകളുടെ ശാക്തികരണത്തെക്കുറിച്ചുമാണ് മോഡി സംസാരിക്കുന്നത്. അതിനാണ് ഏകസിവില്‍കോഡ് എന്നാണ് പറയുന്നത്. ഇപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയിലെ ആദിവാസി വിഭാഗങ്ങളെയും ക്രിസ്ത്യന്‍ വിഭാഗങ്ങളെയുമെല്ലാം ഏകസിവില്‍കോഡില്‍നിന്ന് ഒഴിവാക്കും എന്നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ എല്ലാ വ്യക്തിനിയമങ്ങളിലും സ്ത്രീ വിവേചനം ഉണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഹിന്ദു പിന്തുടര്‍ച്ചാ നിയമങ്ങളില്‍ ലിംഗവിവേചനം നിലനില്‍ക്കുന്നു. ഹിന്ദു ദത്തെടുക്കല്‍ നിയമത്തിലും രക്ഷാകര്‍തൃനിയമത്തിലും ലിംഗവിവേചനം ഉണ്ട്. ഹിന്ദു ബുദ്ധ ജൈന സിഖ് വിഭാഗങ്ങളുടെ നാട്ടാചാര നിയമങ്ങളിലും ലിംഗവിവേചനമുണ്ട്.

ഈ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് ഹിന്ദുത്വപൊതുബോധത്തില്‍നിന്ന് പലരും മുസ്‌ലിം വ്യക്തിനിയമങ്ങളെ മാത്രം കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടത്തുന്നത്.

ഇന്ന് ഏകീകൃത സിവില്‍കോഡിന്റെ ചാമ്പ്യന്മാരായി പുരോഗമനവാദികളെന്ന് നടിക്കുന്ന പല ഫെമിനിസ്റ്റുകളെപോലും ആവേശംകൊള്ളിക്കുന്ന ഹിന്ദുത്വവാദികള്‍, ഹിന്ദുകോഡിന്റെ കാലത്ത് ഏകീകൃത സിവില്‍കോഡിനെ എതിര്‍ത്തവരായിരുന്നുവെന്ന ചരിത്രം പഠിക്കുന്നത് നന്ന്. മോഡിയുടെ ആചാര്യന്മാരോ ആര്‍.എസ്.എസോ ഒരിക്കല്‍പോലും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഹിന്ദു സ്ത്രീകളുടെ ശാക്തീകരണത്തിന് എന്തെങ്കിലും ശ്രമങ്ങള്‍ നടത്തിയതായി അറിവില്ല.

ഹിന്ദുകോഡ് ബില്ലുവന്ന കാലത്ത് നെഹ്റുവിനും അംബേദ്കര്‍ക്കുമെതിരായി അപവാദപ്രചരണങ്ങള്‍ നടത്തുകയാണ് ആര്‍.എസ്.എസ് ചെയ്തത്. 1940-കളുടെ അവസാനം അഖിലേന്ത്യാതലത്തില്‍തന്നെ ‘ഹിന്ദുവിരുദ്ധ’ നിയമങ്ങള്‍ക്കെതിരായ കമ്മറ്റി രൂപീകരിച്ചവരാണ് ആര്‍.എസ്.എസുകാര്‍.

അംബേദ്കര്‍

ഭരണഘടനാ അസംബ്ലിക്ക് ഹിന്ദുക്കളുടെ ധര്‍മ്മശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള (മനുസ്മൃതിയാണെന്ന് ഓര്‍ക്കണം) വ്യക്തിനിയമങ്ങളില്‍ ഇടപെടാന്‍ അവകാശങ്ങളില്ലെന്നാണ് ആര്‍.എസ്.എസ് പ്രചരണം നടത്തിയത്.

പുരോഹിതരും സവര്‍ണ ബ്രാഹ്മണ ത്രൈവര്‍ണിക വിഭാഗത്തില്‍പ്പെട്ട അഭിഭാഷകന്മാരുമാണ് ആര്‍.എസ്.എസിന്റെ ഈ ക്യാമ്പയിന് നേതൃത്വംകൊടുത്തത്. ഇതെല്ലാമാണ് ചരിത്രം. ഇതൊന്നും മനസ്സിലാക്കാതെ ഏകീകൃത സിവില്‍കോഡ് ബി.ജെ.പിയാണ് കൊണ്ടുവരുന്നതെങ്കിലും അതിനെ എതിര്‍ക്കാന്‍ പാടില്ലെന്നൊക്കെ പറയുന്നവര്‍ അറിഞ്ഞോ അറിയാതെയൊ ഹിന്ദുത്വത്തിന്റെ മാപ്പുസാക്ഷികളായി അധഃപതിക്കുകയാണ്.

content highlights: KT Kunhikannan writes about Uniform Civil Code  

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍