അനേക സിവില്‍ കോഡ്
Uniform Civil Code
അനേക സിവില്‍ കോഡ്
ഫാറൂഖ്
Friday, 14th July 2023, 5:48 pm
ഏക സിവില്‍ കോഡ് വേണം എന്നത് ഇ.എം.എസ് ഏതെങ്കിലും ഒരവസരത്തില്‍ പ്രസംഗിച്ചോ എഴുതിയോ പോയതല്ല. അത് പാര്‍ട്ടിയുടെ നയമായിരുന്നു. ഇ.എം.എസ് തന്നെ നൂറുകണക്കിന് വിശദീകരണ യോഗങ്ങളില്‍ ഇത് പ്രഖ്യാപിച്ചിട്ടുണ്ട്, രണ്ടാം നിര നേതാക്കള്‍ ആയിരക്കണക്കിന് പൊതുയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. അതൊക്കെ സംഘടിപ്പിച്ച ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അത് കൊണ്ടാണ് സി.പി.ഐ.എം ഇപ്പോള്‍ നടത്തുന്ന സെമിനാര്‍ എന്തിനാണെന്ന് അണികള്‍ക്കോ അനുഭാവികള്‍ക്കോ മനസ്സിലാകാത്തത്.

ഏകദേശം ഒന്നര വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ വിവാഹ പ്രായം 21 ആയി ഏകീകരിക്കാന്‍ ഒരു നിയമം കൊണ്ട് വരാന്‍ ശ്രമിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൊക്കെ അതിനെ പറ്റി വലിയ ചര്‍ച്ചയും തെറിവിളിയും വര്‍ഗീയ അധിക്ഷേപവുമൊക്കെ നടന്നിരുന്നു. ആ നിയമം എന്തായി. ആരെങ്കിലും അതിന്റെ ഇപ്പോഴത്തെ സ്ഥിതിയെപറ്റി അന്വേഷിച്ചിരുന്നോ?

സത്യത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിച്ചതില്‍ ഏറ്റവും എളുപ്പമുള്ള ഒരു നിയമമായിരുന്നു കല്യാണ പ്രായം 21 ആക്കുന്ന ബില്ല്, കാര്യമായ സങ്കീര്‍ണതകളൊന്നുമില്ലാത്ത, പേരിനു മാത്രം അവിടെയിവിടെയായി വന്ന എതിര്‍പ്പുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ കാര്യമായ ബഹളങ്ങളൊന്നുമില്ലാത്ത, നേരെ ചൊവ്വേയുള്ള ഒരു ബില്ല്.

എന്നിട്ടതിനെന്തു പറ്റി? അതിനുത്തരം തേടുമ്പോള്‍ മനസ്സിലാകുന്ന ഒന്നുണ്ട്, ഈ സര്‍ക്കാരിന് ഒരു നിയമവും കൊണ്ട് വരാനുള്ള സാമര്‍ഥ്യമില്ല. എന്‍.ആര്‍.സി, സി.എ.എ, ഭൂമിയേറ്റെടുക്കല്‍, കര്‍ഷക ബില്ല് തുടങ്ങി മുഴുവന്‍ നിയമ നിര്‍മാണങ്ങളും പരാജയപ്പെടാനുള്ള കാരണം ഈ കഴിവില്ലായ്മയാണ്, അഗ്നിപഥ് എന്ന ഏറ്റവും പുതിയ പരിഷ്‌കാരം പോലും പരാജയപെടുന്നതായാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. അത് തന്നെയാണ് ഏക സിവില്‍ കോഡിലും കാണാന്‍ പോകുന്നത്.

കോളം എന്നും ഊന്നി പറഞ്ഞ ഒരു കാര്യമാണ് സര്‍ക്കാരുകള്‍ക്ക് നിയമങ്ങള്‍ നിര്‍മിക്കാനുള്ള ബാധ്യതയും ഉത്തരവാദിത്വവും. ഭരണഘടനയെ നമ്മള്‍ ലിവിങ് ഡോക്യുമെന്റ് എന്നാണ് പറയാറ് – ജീവനുള്ള പുസ്തകം. അത് കൊണ്ട് തന്നെ കാലത്തിനനുസരിച്ച മാറ്റങ്ങള്‍ അതിലുണ്ടാകണം. ആ മാറ്റങ്ങളുണ്ടാക്കേണ്ട ഉത്തരവാദിത്വം നമ്മുടെ ജനപ്രധിനിധികള്‍ക്കുണ്ട്, അത് കൊണ്ടാണ് അവരെ ലോ മേക്കേഴ്സ് അഥവാ നിയമ നിര്‍മാതാക്കള്‍ എന്ന് വിളിക്കുന്നത്.

സമൂഹവും ടെക്‌നോളജിയും ജീവിത രീതികളും മാറുന്നതിനനുസരിച്ച് നിയമങ്ങളും മാറണം.

അടിസ്ഥാന കാര്യങ്ങളടക്കം മാറും, ഉദാഹരണത്തിന് ഭരണഘടനാ എഴുതുമ്പോള്‍ സ്ത്രീയും പുരുഷനുമേയുള്ളൂ, ഇപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്, അവര്‍ക്ക് വേണ്ടിയും നിയമം വേണം. മുമ്പ് ലിംഗ സമത്വം എന്നാല്‍ സ്ത്രീയും പുരുഷനും ഇടയിലുള്ള സമത്വം മതി , ഇപ്പോള്‍ രണ്ടില്‍ കൂടുതല്‍ ജെന്‍ഡറുകളുണ്ട്.

മുമ്പ് മക്കള്‍ ആരാണെന്ന് അച്ഛനും അമ്മയും പറഞ്ഞാല്‍ മതി, ഇപ്പോള്‍ ഡി.എന്‍.എ ടെസ്റ്റ് ആവശ്യപ്പെടാം. മുമ്പ് ‘അമ്മ പ്രസവിക്കുന്നവരാണ് മക്കള്‍, ഇന്ന് സറോഗസിയിലൂടെയുണ്ടാകുന്ന കുട്ടികള്‍ വേറെയുണ്ട്. ഇപ്പൊ കല്യാണം കഴിച്ച പുരുഷനും സ്ത്രീയും അവരുടെ മക്കളും അടങ്ങുന്നതാണ് കുടുംബം, ഉടനെ തന്നെ അത് മാറി കല്യാണം കഴിക്കാത്ത അച്ഛനും അമ്മയും അവരുടെ കുട്ടികളും അടങ്ങുന്ന കുടുംബങ്ങളാവും ഭൂരിഭാഗവും. ഈ മാറ്റങ്ങളൊക്കെ കൈകാര്യം ചെയ്യാന്‍ നിയമങ്ങള്‍ വന്നു കൊണ്ടേയിരിക്കണം.

പക്ഷെ ഇതൊന്നും നോക്കിയല്ല ബി.ജെ.പി നിയമമുണ്ടാക്കുന്നത്.

രണ്ടു പ്രധാന കാര്യങ്ങളാണ് അവര്‍ പരിഗണിക്കുക. ഒന്ന്, നിയമം വരുമ്പോള്‍ എല്ലാവരും ഞെട്ടണം. രണ്ട്, പരമാവധി വര്‍ഗീയ വിഭജനം ഉണ്ടാക്കാന്‍ പറ്റണം. ഈ രണ്ടു പരിഗണകള്‍ കാരണമാണ് എല്ലാ നിയമങ്ങളും പരാജയപ്പെടുന്നത്. ഉദാഹരണത്തിന്, ഇന്ത്യയില്‍ താമസിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം കൊടുക്കാന്‍ ഫാസ്റ്റ് ട്രാക്ക് നിയമം വേണമെങ്കില്‍ അത് ഉണ്ടാക്കാവുന്നതേ ഉളളൂ, ആരും എതിര്‍ക്കില്ല. അതില്‍ മതങ്ങളുടെ പേര് ചേര്‍ക്കേണ്ട ഒരാവശ്യവുമില്ല.

അല്ലെങ്കില്‍ കാര്‍ഷിക നിയമങ്ങള്‍ ബന്ധപ്പെട്ടവരുമായി ആദ്യമേ ആലോചിച്ചു അവരുടെ ആശങ്കകള്‍ പരിഹരിച്ചു സമയമെടുത്തു നടപ്പാക്കിയിരുന്നെങ്കില്‍ വിജയിച്ചേനെ, കാര്‍ഷിക നയങ്ങളൊന്നും ഒരു കാലത്തും പരിഷ്‌കരിക്കേണ്ട എന്നൊന്നും ആരും പറയില്ല. എല്ലാ രാജ്യങ്ങളും നോട്ടു മാറ്റുകയും പിന്‍വലിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്, പക്ഷെ ആരും ജനങ്ങളെ ഞെട്ടിക്കാന്‍ വേണ്ടി ഒരു മുന്നൊരുക്കവുമില്ലാതെ ചെയ്യില്ല.

ഇതേ രീതിയിലാണ് ഏക സിവില്‍ കോഡും വരുന്നത്. ഇന്ത്യയില്‍ ഒരുപാട് വ്യക്തി നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതായിട്ടുണ്ട് എന്ന് എല്ലാവരും സമ്മതിക്കും. പലതും ലിംഗസമത്വം പോയിട്ട് സ്ത്രീപുരുഷ സമത്വം പോലും അംഗീകരിക്കാത്തതാണ്.

പല പ്രാദേശിക, ഗോത്ര സമൂഹങ്ങളിലും നിലനില്‍ക്കുന്ന ആചാരങ്ങള്‍ ഇവിടെ എഴുതാന്‍ പോലും കൊള്ളില്ല.

താരതമ്യേന പുരോഗമനമാണെന്ന് വിളിക്കപ്പെടുന്ന വ്യക്തി നിയമങ്ങള്‍ പോലും പ്രകൃതമാണ്. ഉദാഹരണത്തിന് ഗോവയില്‍, ഇരുപത്തഞ്ചു വയസ്സിനുള്ളില്‍ ഒരു ഹിന്ദു സ്ത്രീ പ്രസവിച്ചില്ലെങ്കില്‍ ഭര്‍ത്താവിന് വേറൊരു കല്യാണം കൂടി കഴിക്കാം, മുപ്പതു വയസ്സിനുള്ളില്‍ ആണ്‍ കുട്ടിയെ പ്രസവിച്ചില്ലെങ്കിലും വേറെ കല്യാണം കഴിക്കാം.(ഗോവയില്‍ ഏക സിവില്‍ കോഡ് ആണ് എന്ന ഒരു പ്രചാരണം ഉണ്ട്, സത്യമല്ല, അവിടെ ഇരട്ട സിവില്‍ കോഡ് ആണ്).

ജെയിന്‍ നിയമപ്രകാരം ഒരു സ്ത്രീ മറ്റു സമുദായങ്ങളില്‍ കല്യാണം കഴിച്ചാല്‍ അവകാശങ്ങളില്‍ നിന്ന് പുറത്താകും, പക്ഷെ ആ പ്രശ്‌നം പുരുഷന്മാര്‍ക്കില്ല. മുസ്‌ലിം വ്യക്തി നിയമത്തില്‍ സ്ത്രീകള്‍ക്ക് പൂര്‍ണ സ്വത്തവകാശം നല്‍കണമെന്ന് മുസ്‌ലിങ്ങള്‍ തന്നെ വ്യാപകമായി ആവശ്യപ്പെടുന്നതാണ്.

ഇതൊക്കെ പരിഷ്‌കരിച്ചു വന്നാല്‍ കാലക്രമേണ സ്വാഭാവികമായും അതൊരു ഏക സിവില്‍കോഡ് ആയി മാറും, കാരണം ആധുനിക കാലത്തെ നിയമങ്ങള്‍ സ്വാഭാവികമായും തുല്യതയില്‍ ഊന്നിയായിരിക്കും.

പരിഷ്‌കരണമോ ഏക സിവില്‍ കോഡോ ലക്ഷ്യമായിരുന്നെങ്കില്‍ നിയമം കൊണ്ട് വരുമെന്ന് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിന് മുമ്പ് പ്രധാന മന്ത്രിക്ക് വിവിധ മേഖലകളിലുള്ളവരുമായി ചര്‍ച്ച നടത്താമായിരുന്നു. പൂര്‍ണമായും സമ്മതിച്ചില്ലെങ്കിലും ഒട്ടേറെ പരിഷ്‌കരണങ്ങള്‍ക്ക് പലരും സമ്മതിച്ചേനെ.

നൂറുകണക്കിന് ആചാരങ്ങളുമായി ജീവിക്കുന്ന മനുഷ്യര്‍ ഒരു ദിവസം രാവിലെ അതൊക്കെ മാറ്റുമെന്ന് കരുതുന്നതില്‍പരം വിഡ്ഢിത്തം എന്തുണ്ട്. പൊതുവെ എല്ലാവരും അംഗീകരിച്ച സ്ത്രീധന നിരോധന നിയമം പോലും എത്രയോ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാസ്സാക്കിയെടുത്തത്, ഇന്നും അത് കൃത്യമായി നടപ്പാക്കാനായിട്ടുമില്ല.

വിവാഹപ്രായം 21 ആക്കുന്ന ബില്ലിന് സംഭവിച്ചത് എന്താണ് എന്ന് ഇവിടെയാണ് പരിശോധിക്കേണ്ടത്.

ബി.ജെ.പിക്കാരെല്ലാം ചേര്‍ന്ന് അതൊരു മുസ്‌ലിം പ്രശ്‌നം എന്ന രീതിയില്‍ അവതരിപ്പിച്ചു, സോഷ്യല്‍ മീഡിയ മൊത്തം കയ്യടിച്ചു. പക്ഷെ ഒരു കാര്യവുമുണ്ടായില്ല, ഹരിയാനയിലും യുപിയിലുമുള്ള ഹിന്ദുക്കള്‍ ആര്‍.എസ്.എസിനോട് പോയി പരാതി പറഞ്ഞു. ആര്‍. എസ്.എസ് ഇടപെട്ടു ആ ബില്ല് മരവിപ്പിച്ചു. അതില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിക്കേണ്ടതായിരുന്നു, അതുണ്ടായില്ല.

ഏക സിവില്‍ കോഡ് ഒരു മുസ്‌ലിം പ്രശ്‌നമായി പ്രധാനമന്ത്രി ഒരു പൊതുയോഗത്തില്‍ അവതരിപ്പിച്ചു. മുസ്‌ലിങ്ങള്‍ കാര്യമായി പ്രതികരിച്ചില്ല. സ്വാഭാവികമായും മറ്റുള്ളവര്‍ ഇളകി. പ്രധാനമായും ഗോത്രവര്‍ഗക്കാര്‍. അവരെ എങ്ങനെയും സമാധാനിപ്പിക്കാമെന്ന ആത്മവിശ്വസത്തിലായിരുന്നു സംഘ പരിവാര്‍.

അതിനടയിലാണ് ഒരു ഗോത്ര വര്‍ഗക്കാരന്റെ മുഖത്തു ഒരു ബ്രാഹ്മണന്‍ മൂത്രമൊഴിക്കുന്ന വീഡിയോ പുറത്തു വന്നത്. വെറുമൊരു വൈറല്‍ വീഡിയോ എന്നതിലുപരി കാലങ്ങളോളം ഉണങ്ങാത്ത ഒരു മുറിവായി ആ വീഡിയോ മാറി. ഈ ഘട്ടത്തില്‍ അവരുടെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും കാര്യമായ മാറ്റങ്ങള്‍ വരുത്തും എന്ന് അവര്‍ കരുതുന്ന ഏക സിവില്‍ കോഡിനെ പറ്റിയുള്ള ചര്‍ച്ച പോലും നടക്കാത്ത സ്ഥിതിയിലായി.

ഏക സിവില്‍ കോഡിനെ കുറിച്ച് മോഡി അവസാനമായി സംസാരിച്ചത് മൂന്നാഴ്ച മുമ്പാണ്. തിരിച്ചടി നേരിടുന്ന വിഷയങ്ങളില്‍ മൗനം എന്നുള്ളത് അദ്ദേഹത്തിന്റെ രീതിയാണ്. നോട്ട് നിരോധനം, കാര്‍ഷിക ബില്ല്, പൗരത്വ ബില്ല്, ചൈനീസ് അധിനിവേശം, മണിപ്പൂര്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം സംസാരിക്കാറില്ല.

കഴിഞ്ഞ മൂന്നാഴ്ചത്തെ മൗനം ഏക സിവില്‍ കോഡും ആ ലിസ്റ്റിലേക്കാണ് പോകുന്നത് എന്നതിന്റെ സൂചനയാണ്. ഇനി അഥവാ ഏക സിവില്‍ കോഡുമായി മുന്നോട്ട് പോകാനാണ് അദ്ദേഹം തീരുമാനിക്കുന്നത് എങ്കില്‍ ഗോത്ര വിഭാഗം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, സിഖുകാര്‍, ജൈനന്മാര്‍, ക്രിസ്ത്യാനികള്‍ തുടങ്ങി ഒട്ടനവധി പേരെ ഒഴിച്ച് നിര്‍ത്തിയുള്ള ‘അനേക സിവില്‍ കോഡ്’ ആയിരിക്കും അത്.

ഒരു അനേക സിവില്‍ കോഡ് എങ്കിലും നടപ്പാക്കാനുള്ള സാമര്‍ഥ്യം മോഡിക്കുണ്ടൊ എന്നത് മറ്റൊരു ചോദ്യം.

മുസ്‌ലിം നേതൃത്വം – തന്ത്രവും യാഥാര്‍ഥ്യവും

ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്ന ബാധ്യത തന്ത്രപൂര്‍വം മുസ്‌ലിം നേതൃത്വം മറ്റുള്ളവരുടെ തലയിലേക്ക് തട്ടി എന്നത് വാസ്തവമാണ്. അത് കൊണ്ട് കാര്യമുണ്ടായി എന്നതും എല്ലാവരും അംഗീകരിക്കും. മുസ്‌ലിങ്ങളുടെ പ്രാധിനിത്യമുള്ള മുസ്‌ലിം ലീഗ്, ഉവൈസിയുടെ പാര്‍ട്ടി, ബദ്റുദ്ധീന്‍ അജ്മലിന്റെ പാര്‍ട്ടി, തുടങ്ങിയവയും ഒരു പ്രധിനിത്യവുമില്ലാത്ത മുസ്‌ലിം വയോധികരുടെ ലയണ്‍സ് ക്ലബ്ബായ പേര്‍സണല്‍ ലോ ബോര്‍ഡുമൊക്കെ പേരിനു വേണ്ടി ഒരു പ്രതികരണം നടത്തി എന്നതൊഴിച്ചു നിര്‍ത്തിയാല്‍ വാര്‍ത്താ പ്രധാന്യമുള്ള ഒന്നും ചെയ്തില്ല.

കേരളത്തില്‍ സി.പി.എം ഇടപെടല്‍ മൂലമുണ്ടായ ചില വിവാദങ്ങള്‍ കാരണം ചാനലുകള്‍ക്ക് കുറച്ചു ദിവസം ആഘോഷമായി എങ്കിലും കേരളത്തിന് പുറത്തു ഒരനക്കവുമുണ്ടായില്ല. അത് കൊണ്ട് തന്നെ ബി.ജെ.പിക്കാരുടെ ആവേശവും കെട്ടടങ്ങി. പക്ഷെ, സത്യത്തില്‍ തന്ത്രമായിരുന്നോ അതോ മുസ്‌ലിം നേതൃത്വത്തിന്റെ നിസ്സഹായതയായിരുന്നോ ഇതെന്ന് പരിശോധിക്കേണ്ടതുണ്ട്.

2019ല്‍ മുതലാഖ് ബില്ല് പാസാക്കുന്നതിന് മുമ്പ് ശക്തമായ പ്രതിഷേധത്തിന് മുകളില്‍ പറഞ്ഞ മുസ്‌ലിം സംഘടനകളൊക്കെ ആഹ്വാനം ചെയ്തിരുന്നു. അവിടെയിവിടെ പേരിനു വേണ്ടി ചില പ്രകടനങ്ങള്‍ നടന്നു എന്നതൊഴിച്ചാല്‍ മുസ്‌ലിങ്ങള്‍ ഈ ആഹ്വാനങ്ങള്‍ മുഴുവനായി അവഗണിച്ചു, ആരും തെരുവിലോ സോഷ്യല്‍ മീഡിയയിലോ പ്രതിഷേധവുമായി ഇറങ്ങിയില്ല.

അതെ സമയം പിന്നീട് വന്ന പൗരത്വ നിയമത്തിനെതിരെ ഇത്തരം സംഘടനകളുടെ നേതൃത്വമില്ലാതെ തന്നെ മുസ്‌ലിങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളും യുവാക്കളും തെരുവിലും സോഷ്യല്‍ മീഡിയയിലും ശക്തമായ പ്രതിഷേധങ്ങള്‍ നടത്തി ആ നിയമം പരാജയപ്പെടുത്തി. പിന്നീട് വന്ന ഹിജാബ് പ്രശ്‌നത്തിലും ഇതേ പോലെ തന്നെ മുസ്ലിം യുവതികളും യുവാക്കളും നേതൃത്വമില്ലാതെ തന്നെ പ്രതികരിച്ചു, സോഷ്യല്‍ മീഡിയയിലും പുറത്തും.

പൗരത്വ ബില്ലിനെതിരെയും ഹിജാബ് നിരോധനത്തിനെതിരെയും നിലകൊണ്ട സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍, പ്രത്യേകിച്ച് സ്ത്രീകളുടേത്, ഏക സിവില്‍ കോഡ് വിഷയത്തില്‍ നിശബ്ദമാണ്.

പേരിനു പോലും ഒരു ട്വീറ്റോ പോസ്റ്റോ അവരുടെ ഭാഗത്തു നിന്നുമില്ല. തെരുവിലിറങ്ങാന്‍ ആരും സന്നദ്ധമല്ല. ഈ മൂന്നു സംഭവങ്ങളില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ മുസ്‌ലിം നേതൃത്വത്തിന് മനസ്സിലാകുന്നുണ്ട്. ഒന്ന്, മുസ്‌ലിം ചെറുപ്പക്കാരും സ്ത്രീകളും തെരുവിലും സോഷ്യല്‍ മീഡിയയിലും ഇറങ്ങാതെ സമരങ്ങള്‍ വിജയിക്കില്ല. രണ്ട്, തങ്ങള്‍ ആഹ്വാനം ചെയ്തത് കൊണ്ട് മാത്രം ആരും സമരം ചെയ്യില്ല, അവരവരെ എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കാന്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും സ്വന്തമായ മാര്‍ഗങ്ങളുണ്ട്.

മുസ്‌ലിം സ്ത്രീകളും യുവാക്കളും തങ്ങളുടെ നേതൃത്വത്തെ നയിക്കാന്‍ തുടങ്ങിയിരിക്കുന്നു. മുസ്‌ലിം നേതൃത്വത്തിന് അത് മനസ്സിലാവുന്നുണ്ട് എന്ന് വേണം കരുതാന്‍.

സി.പി.ഐ.എം സെമിനാറുകള്‍

എല്ലാ പാര്‍ട്ടികള്‍ക്കും ഒരു ആത്മാവ് അല്ലെങ്കില്‍ അടിസ്ഥാന സ്വഭാവമുണ്ട്, അതിനനുസരിച്ചാണ് അണികളും അനുയായികളും ആ പാര്‍ട്ടിയോട് കൂട്ട് കൂടുന്നത്. സി.പി.ഐ.എമ്മിന്റെ അടിസ്ഥാന ഭാവം പുരോഗമനം, സമത്വം തുടങ്ങിയ ഇടതു തത്വങ്ങളില്‍ കൂടി രൂപപ്പെട്ടതാണ്. നിലവിലിരിക്കുന്ന വ്യവസ്ഥക്കെതിരായ നിരന്തരമായ പോരാട്ടമാണ് ഇടതു പക്ഷത്തിന്റെ പൊതു നയം.

‘വ്യവസ്ഥിതിയോട് നിരന്തരം പൊരുതിയും പോരാടിയുമാണ് കമ്മ്യൂണിസ്റ്റുകാര്‍ വളര്‍ന്നത് ‘ എന്നതായിരുന്നു ഡി.വൈ.എഫ്.ഐ സാഹിത്യം. വലതു പക്ഷം പൊതുവെ നിലവിലെ ആചാരം, സംസ്‌കാരം തുടങ്ങിയവ നിലനിര്‍ത്തണം എന്ന അഭിപ്രായക്കാരായിരിക്കും. അതൊക്കെ കാലാകാലമായി അങ്ങനെയാണ്.

അത് കൊണ്ടാണ് ഭൂപരിഷകരണം സി.പി.ഐ.എം നടപ്പാക്കിയതും കോണ്‍ഗ്രസ് അതിനെതിരെ വിമോചന സമരം നടത്തിയതും.

അങ്ങനെ നൂറുനൂറുദാഹരണങ്ങള്‍. ജനങ്ങള്‍ക്കും അതില്‍ പരാതിയുണ്ടായിരുന്നില്ല, ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും ജനങ്ങള്‍ മാറി മാറി ഭരണത്തിലേറ്റിയിട്ടുമുണ്ട്.

ഇ.എം.എസ്

ഏക സിവില്‍ കോഡ് വേണം എന്നത് ഇ.എം.എസ് ഏതെങ്കിലും ഒരവസരത്തില്‍ പ്രസംഗിച്ചോ എഴുതിയോ പോയതല്ല. അത് പാര്‍ട്ടിയുടെ നയമായിരുന്നു. ഇ.എം.എസ് തന്നെ നൂറുകണക്കിന് വിശദീകരണ യോഗങ്ങളില്‍ ഇത് പ്രഖ്യാപിച്ചിട്ടുണ്ട്, രണ്ടാം നിര നേതാക്കള്‍ ആയിരക്കണക്കിന് പൊതുയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. അതൊക്കെ സംഘടിപ്പിച്ച ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അത് കൊണ്ടാണ് സി.പി.ഐ.എം ഇപ്പോള്‍ നടത്തുന്ന സെമിനാര്‍ എന്തിനാണെന്ന് അണികള്‍ക്കോ അനുഭാവികള്‍ക്കോ മനസ്സിലാകാത്തത്.

ഏക സിവില്‍ കോഡിനെതിരെ സി.പി.ഐ.എം നടത്തുന്ന സെമിനാറിന്റെ പോസ്റ്റര്‍

ശബരിമല സ്ത്രീപ്രവേശന പ്രശ്‌നങ്ങളും അതിനെ തുടര്‍ന്നുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയവുമാണ് സി.പി.ഐ.എമ്മിനെ അടിമുടി മാറ്റിയത്. കേരളത്തില്‍ ഇനി പുരോഗമന രാഷ്ട്രീയത്തിന് സ്‌കോപ്പില്ല എന്ന് സി.പി.ഐ.എം അനൗദ്യോഗികമായി വിലയിരുത്തി. സമൂഹത്തിലെ ഏറ്റവും പിന്തിരിപ്പന്‍ ആശയങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ക്ക് വേണ്ടി നിലകൊള്ളുന്നതാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് നല്ലത് എന്ന് അവര്‍ക്ക് തോന്നി.

സവര്‍ണ സംവരണം, മന്ത്രി വാസവന്റെ ആശ്വസിപ്പിക്കല്‍ യാത്രകള്‍, ഇപ്പോഴത്തെ സെമിനാറുകള്‍ ഒക്കെ ഈ തിരിച്ചറിവിന്റെ ഫലങ്ങളാണ്. സെമിനാര്‍ പോസ്റ്ററുകളില്‍ ഒരു മുസ്ലിം സ്ത്രീയുടെ പേര്‌ വെക്കുന്നതിന് പോലും ധൈര്യമില്ലാത്ത പാര്‍ട്ടിയായി മാറി സി.പി.ഐ.എം.

പാര്‍ലമെന്റ്ററി വ്യാമോഹം എന്ന് പറഞ്ഞാല്‍ വലിയ ഹറാം ആയിരുന്നു ഒരു കാലത്തു സി.പി.ഐ.എമ്മിന്. പാര്‍ലമെന്റിലോ നിയമസഭയിലോ ഒക്കെ എത്തിപ്പെടാന്‍ ഒത്തു തീര്‍പ്പുകള്‍ ചെയ്യുന്നതില്‍ നിന്ന് പ്രവര്‍ത്തകരെയും നേതാക്കളെയും തടയാന്‍ നിരന്തരം സ്റ്റഡി ക്ളാസ്സുകള്‍ നടത്താറുണ്ടായിരുന്നു അവര്‍. ഇപ്പോള്‍ അത്തരം സ്റ്റഡി ക്ളാസ്സുകള്‍ ഉണ്ടോ എന്നറിയില്ല.

വലതു പക്ഷ വ്യതിയാനം എന്നതും അത്തരം ഒരു നിഷിദ്ധമായ കാര്യമായിരുന്നു. ഇന്ന് നമ്മള്‍ കാണുന്നത് പാര്‍ലമെന്ററി വ്യാമോഹം മൂലമുള്ള വലതുപക്ഷ വ്യതിയാനം മാത്രമാണ്. ഈ വ്യതിയാനം ഒരു പക്ഷെ ദീര്‍ഘ കാലം ഭരണത്തില്‍ തുടരാന്‍ സി.പി.ഐ.എമ്മിനെ സഹായിച്ചേക്കാം. നാലു പ്രധാന പാര്‍ട്ടികളും (കോണ്‍ഗ്രസ്, സി.പി.ഐ.എം, ലീഗ്, ബി.ജെ.പി) വലതു പക്ഷത്താകുന്നതും പിന്തിരിപ്പന്‍ നിലപാടുകളെടുക്കുന്നതും കേരളം ഇത് വരെ കൈവരിച്ച നവോഥാനത്തെ മുഴുവന്‍ പിന്നോട്ടടിപ്പിക്കും എന്നതാണ് സാധാരണ മലയാളികള്‍ ഭയക്കേണ്ടത്.

ഒരു ബൈബിള്‍ വചനമുണ്ട് – ഒരാള്‍ എന്തൊക്കെ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപെടുത്തിയാല്‍ എന്ത് പ്രയോജനം.

CONTENT HIGHLIGHTS: Farooq writes about the Uniform Civil Code

 

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ