എഡിറ്റര്‍
എഡിറ്റര്‍
ഒരു സംഘവിചാരകന്റെ സ്‌കിസോഫ്രീനിക്ക് ചിന്തകള്‍
എഡിറ്റര്‍
Saturday 20th October 2012 11:25am

അയിത്തോച്ഛാടനത്തിനും കീഴാളരുടെ ക്ഷേത്രപ്രവേശനത്തിനും വേണ്ടി നടന്ന ഒരു സമരമുഖത്തും ആര്‍.എസ്.എസ് ഉണ്ടായിരുന്നില്ലല്ലോ. സവര്‍ണ്ണാധികാരത്തെയും മനുസ്മൃതിയെയും താലോലിച്ചും സാധൂകരിച്ചും നടന്നവരാണല്ലോ സംഘപരിവാര്‍ ബുദ്ധിജീവികള്‍. ഭൂമിക്കും കൂലിക്കും വേണ്ടി കമ്മ്യൂണിസ്റ്റു പ്രസ്ഥാനം നടത്തിയ ഐതിഹാസികമായ സമരമുഖങ്ങളിലെല്ലാം ഹിന്ദുത്വവാദികള്‍ മറുഭാഗത്തായിരുന്നല്ലോ


എസ്സേയിസ് / കെ.ടി കുഞ്ഞിക്കണ്ണന്‍

 

kt kunhikannan2012 സെപ്തംബര്‍ 30ന്റെ കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച ‘കേരളം കാത്തിരിക്കുന്ന സൗഹൃദം എന്ന ലേഖനം ഒരു സംഘ വിചാരകന്റെ സ്‌കീസോഫ്രീനിക്കായ ചിന്തകളെയാണ് അവതരിപ്പിക്കുന്നത്. സ്‌കിസോഫ്രീനിക്ക് എന്നത് യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തമില്ലാത്ത വിചാരഭ്രമങ്ങളില്‍ വ്യക്തികള്‍ അകപ്പെട്ടുപോകുന്ന മനോരോഗമാണല്ലോ.

അയഥാര്‍ത്ഥമായ കാര്യങ്ങളെക്കുറിച്ച് യാഥാര്‍ത്ഥ്യ പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് ലോകത്ത് എല്ലാ കാലത്തും ഫാസിസ്റ്റ് സംഘടനകള്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കിയിട്ടുള്ളത്.

കേസരി ലേഖനം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സംഘടിത നേതൃത്വമായ സി.പി.ഐ.എമ്മില്‍ നിന്ന് ന്യൂനപക്ഷ മതവിശ്വാസികളെ അകറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്നു വേണം കരുതാന്‍. യു.ഡി.എഫിന്റെ മാഫിയാവത്കരണ നയങ്ങളും ഭരണ രംഗത്ത് ലീഗ് പുലര്‍ത്തുന്ന സ്വാധീനവും പൊതു സമൂഹത്തിനകത്ത് വലിയ പ്രതിഷേധമുയര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ലേഖനം കേസരി പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നത് യാദൃശ്ചികമല്ലല്ലോ.

Ads By Google

അഞ്ചാം മന്ത്രി വിവാദം മുതല്‍ ഇബ്രാഹിംകുഞ്ഞിന്റെ പ്രസംഗം വരെ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ സമുദായ വല്‍ക്കരണത്തിന്റെയും വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെയും അനഭിലഷണീയമായ പ്രവണതകള്‍ക്ക് ശക്തികൂട്ടിക്കൊണ്ടിരിക്കുന്നുണ്ട്. യു.ഡി.എഫ് നയങ്ങള്‍ക്കും ഭരണരംഗത്തെ മാഫിയാവത്കരണത്തിനുമെതിരെ ഉയര്‍ന്നുവരുന്ന ജനരോഷത്തിന്റെ ഗതിതിരിച്ചുവിടാനാണ് ചില സാമുദായിക സംഘടനകളും സംഘപരിവാറും ഇപ്പോള്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നത്. ഇത് മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള വര്‍ഗ്ഗീയ സംഘടനകള്‍ ആഗ്രഹിക്കുന്നതുമാണ്.

ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയ ശക്തികള്‍ പരസ്പരം എതിര്‍ത്തും സഹായിച്ചുമാണല്ലോ സ്വയം വളരുന്നത്. മുസ്ലീം ലീഗിനെതിരെ ഹിന്ദുലീഗ് രൂപീകരണ പ്രഖ്യാപനം വരെ നടന്നിരിക്കുന്ന സവിശേഷ സന്ദര്‍ഭത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചു വന്നിരിക്കുന്നതെന്നത് സംഘപരിവാറിന്റെ ദുഷ്ടലക്ഷ്യങ്ങളെ കൂടുതല്‍ വ്യക്തമാക്കിതരുന്നുണ്ട്. എന്‍.ആര്‍.ഐ മേലങ്കിയണിഞ്ഞ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്കുമെതിരെ കേരളത്തില്‍ വളര്‍ന്നുവരുന്ന ബഹുജന മുന്നേറ്റങ്ങളെ വഴിതെറ്റിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന വലതുപക്ഷ ഗൂഢാലോചനയുടെ ഭാഗം തന്നെയാണ് കേസരി ലേഖനവും.

കേരളം കാത്തിരിക്കുന്ന സൗഹൃദമെന്ന ലേഖനം സി.പി.ഐ.എമ്മിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ടതും, വിചിത്ര വാദങ്ങളിലൂടെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത അവസരവാദപരവും വഞ്ചനാപരവുമായ നിലപാടുകള്‍ പ്രക്ഷേപിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാന്‍ പറ്റുമോ എന്ന കുത്സിതമായ പരീക്ഷണമാണ്.


ഗോള്‍വാള്‍ക്കറുടെ ഹിന്ദുരാഷ്ട്രവാദത്തെ ഗാന്ധിജിയുടെ ദേീയതാ സങ്കല്‍പ്പങ്ങളോട് സാമ്യപ്പെടുത്തുവാന്‍ പോലും മടിയില്ലാത്ത ആത്മവഞ്ചനാപരവും കപടവുമായ നിലപാടുകള്‍ ആണ് ലേഖനം നിറയെ

ഭൗതികയാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്ത വിചാരഭ്രമങ്ങളിലേക്ക് പൊതു സമൂഹത്തെ തള്ളിവിടാന്‍ കഴിയുമോ എന്ന വൃത്തികെട്ട ഫാസിസ്റ്റ് തന്ത്രമാണ് ഈ ലേഖനത്തില്‍ ഒളിഞ്ഞു കിടക്കുന്നത്. ഒരു പക്ഷേ, സി.പി.ഐ.എം നെതിരെ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണ യുദ്ധത്തിന്റെ ഭാഗമായി ആവിഷ്‌കരിക്കപ്പെട്ട മാധ്യമതന്ത്രങ്ങളുടെ ഭാഗമാകാം ഈ കേസരി ലേഖനവും.

കേസരി വാരികയില്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചു വന്ന ഉടനെ എല്ലാ കോര്‍പ്പറേറ്റ് ചാനലുകളും അത് വിവാദമാക്കുവാനുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ചുനോക്കിയല്ലോ. ഒരു നുണ എല്ലാവരും ഒന്നിച്ചാവര്‍ത്തിച്ച് സത്യമാക്കിയെടുക്കുവാനുള്ള ഗീബല്‍സിയന്‍ തന്ത്രം. സി.പി.ഐ.എം നെയും സംഘപരിവാറിനെയും നന്നായറിയാവുന്ന കേരളീയ സമൂഹത്തിനുള്ളില്‍ ഇത്തരം വേലകളൊന്നും അത്രയെളുപ്പം വിലപ്പോവില്ലെന്നത് വേറെകാര്യം.

എങ്കിലും ഒരു സംഘവിചാരകന്റെ സ്‌കിസോഫ്രീനിക്കായ ഇംഗിതങ്ങള്‍ പുലമ്പുന്ന ഇത്തരമൊരു ലേഖനത്തിന്റെ ലക്ഷ്യത്തെയും സാമൂഹ്യ രാഷ്ട്രീയ വിവക്ഷകളെയും പുരോഗമന ശക്തികള്‍ ഗൗരവാവഹമായിതന്നെ കാണേണ്ടതുണ്ട്. സാമൂഹ്യശാസ്ത്രത്തില്‍ അയഥാര്‍ത്ഥമായ കാര്യങ്ങളെക്കുറിച്ച് യാഥാര്‍ത്ഥ്യ പ്രതീതി സൃഷിക്കുന്ന ഫാസിസ്റ്റ് രീതിശാസ്ത്രം ആഴത്തിലുള്ള അവലോകനങ്ങള്‍ക്ക് വിധേയമായിട്ടുള്ളതാണ്.

തങ്ങളുടെ പ്രതിലോമപരമായ ഇംഗിതങ്ങള്‍ക്കനുസൃതമായി സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങളെ വ്യാഖ്യാനിക്കുവാനും പ്രചാരണ യുദ്ധമാക്കി മാറ്റുവാനുമുള്ള ഫാസിസ്റ്റ് സംഘടനകളുടെ പ്രത്യയശാസ്ത്ര പദ്ധതി ഇറ്റലിയിലെയും ജര്‍മ്മിനിയിലെയും രക്തപങ്കിലമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ക്‌സിറ്റുകള്‍ വിശകലനം ചെയ്തിട്ടുണ്ട്. നുണകളെയും അയഥാര്‍ത്ഥമായ കാര്യങ്ങളെയും സത്യമാണെന്നുവരുത്തുന്ന ഫാസിസ്റ്റ് രീതി മാത്രമല്ല അത് സ്വീകരിക്കപ്പെടുന്ന ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രവും വില്യം റീഹിനെപ്പലുള്ളവര്‍ ഗഹനമായിത്തന്നെ പഠന വിധേയമാക്കിയിട്ടുണ്ട്.

പ്രതിലോമകരമായ ഒരു സാമൂഹ്യവ്യവസ്ഥക്കകത്ത് എങ്ങനെയാണ് ഫാസിസ്റ്റുകള്‍ ചരിത്രനിരപേക്ഷവും ലളിതയുക്തിയില്‍ അധിഷ്ഠിതവുമായ വാദമുഖങ്ങളിലൂടെ ജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിച്ച് തങ്ങളുടെ പ്രതിലോമപരമായ ആശയങ്ങളുടെ പ്രചാരകരും അനുയായികളുമാക്കിതീര്‍ക്കുന്നതെന്ന് അധീശത്വത്തെയും പ്രത്യശാസ്ത്രത്തെയും കുറിച്ചുള്ള തന്റെ അപഗ്രഥനങ്ങളിലൂടെ ഗ്രാംഷി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജനങ്ങളെ അവരുടെ ചരിത്രബോധത്തില്‍നിന്നും രാഷ്ട്രീയ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും, നാനാവിധമായ പ്രചാരവേലകളിലൂടെയും പ്രത്യയശാസ്ത്ര യുദ്ധങ്ങളിലൂടെയും അന്യവല്‍ക്കരിക്കാനാണ് വലതുപക്ഷ ശക്തികള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഫാസിസത്തിന്റെ ചരിത്രവും രീതിയും ലോകത്തെല്ലായിടത്തും ഇത് തന്നെയാണ്. ഇന്ത്യയിലും കേരളത്തിലും ആര്‍.എസ്.എസ് ഇതേതന്ത്രമാണ് പയറ്റിക്കൊണ്ടിരിക്കുന്നത്. കേസരി ലേഖനം മലയാളി മധ്യവര്‍ഗ്ഗവിഭാഗങ്ങളെ ഉദ്‌ബോധിപ്പിക്കുവാന്‍ ശ്രമിക്കുന്നത് വര്‍ദ്ധിച്ചുവരുന്ന മുസ്ലീം ഭീകരതയെ നേരിടാന്‍ സി.പി.ഐ.എം ഉം ആര്‍.എസ്.എസും ഒന്നിക്കണമെന്നാണല്ലോ!

ഈയൊരു നിലപാടിന് സാധൂകരണം തേടിക്കൊണ്ട് ലേഖകന്‍ അവതരിപ്പിക്കുന്ന നിരീക്ഷണങ്ങളെല്ലാം ശുദ്ധ അസംബന്ധവും യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കുറുന്യായങ്ങളും മാത്രമാണ്. ആര്‍.എസ്.എസിനെയും സി.പി.ഐ.എംനെയും ശത്രുതയില്‍ നിര്‍ത്തുന്ന സാമൂഹ്യസാഹചര്യം സാവധാനത്തില്‍ കേരളത്തില്‍ ഇല്ലാതായിക്കഴിഞ്ഞുവെന്നും, ഇനി ഇരുകൂട്ടരും മുസ്ലീം ഭീകരവാദത്തിനെതിരെ ഒന്നിച്ചുപോരാടാനുള്ള സന്ദര്‍ഭമാണ് ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നതെന്നുമാണ് ലേഖകന്‍ വൃഥാ വാദിച്ചുനോക്കുന്നത്.

കൊളോണിയല്‍ സമരചരിത്രത്തിന്റെ സമരാഗ്നിയില്‍ രാജ്യമാകെ ജ്വലിച്ചുനിന്ന ആ കാലത്ത് ആര്‍.എസ്.എസ് ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു ധര്‍ണ്ണാസമരം പോലും നടത്തിയിട്ടില്ല. ഓരോ സ്വാതന്ത്ര്യ സമര മുന്നേറ്റത്തെയും ഹിന്ദു മുസ്ലീം ലഹളകളഴിച്ചുവിട്ട് ശിഥിലീകരിക്കുകയെന്ന ബ്രിട്ടീഷ് അജണ്ടയുടെ നിര്‍വ്വാഹകരായിരുന്നു അവര്‍.

 

കടുത്ത മുസ്ലീം വിരോധത്തിന്റെ, സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ അജണ്ട കേരളത്തില്‍ സി.പി.ഐ.എം ന്റെ ചെലവില്‍ നടപ്പാക്കുവാന്‍ പറ്റുമോ എന്നാണ് ഈ സംഘവിചാരകന്‍ ഇത്തരമൊരു ലേഖനത്തിലൂടെ ശ്രമിച്ചുനോക്കുന്നത്. സംഘപരിവാറിന്റെ ആദര്‍ശമെന്നത് ചതിയും വഞ്ചനയും സ്വാര്‍ത്ഥ ബുദ്ധിയും ഭീരുത്വവുമെല്ലാം ചേര്‍ന്ന കാപട്യവും കരണംമറിച്ചിലുകളുമാണല്ലോ.

ആധുനിക കേരള നിര്‍മ്മിതിയുടെ ചരിത്രത്തെയാകെ നിര്‍ണ്ണയിച്ച മഹാപ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സി.പി.ഐ.എമ്മും. മലയാളിയുടെ സ്വാഭാവികമായ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും തടസ്സം നിന്ന ഭൗതിക ഉത്പാദന ബന്ധങ്ങളോടും വ്യവസ്ഥയോടും ഏറ്റുമുട്ടിയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വേറുറപ്പിച്ചത്. സംഘപരിവാറിന്റെ വര്‍ഗ്ഗീയ വിദ്വേഷ രാഷ്ട്രീയത്തിന് എതിര്‍ദിശയില്‍ പ്രവര്‍ത്തിക്കുന്ന മാനവികതയുടെ മഹാ ആശയങ്ങളെ പിന്‍പറ്റിയാണ് സി.പി.ഐ.എം കേരളത്തിലെ ജനങ്ങളുടെ നേതൃത്വമായി മാറിയത്.

അത് ആര്‍.എസ്.എസ് പ്രതിനിധീകരിക്കുന്ന ഭരണവര്‍ഗ്ഗ താല്‍പര്യങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്. ആര്‍.എസ്.എസും സി.പി.ഐ.എംഉം ത്യാഗ സന്നദ്ധരായ പ്രവര്‍ത്തകരുള്ള സംഘടനകളാണെന്നും അവര്‍ ഒന്നിച്ചുകഴിഞ്ഞാല്‍ വലിയ മാറ്റങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും ലേഖകന്റെ നിരീക്ഷണങ്ങള്‍ ആര്‍.എസ്.എസിനെക്കുറിച്ചുള്ള ഗാന്ധിജിയുടെ വാക്കുകളെയാണ് ഓര്‍മ്മിപ്പിക്കുന്നത്. വാര്‍ധയിലെ ദുരിതാശ്വാസകേമ്പ് സന്ദര്‍ശിക്കാനെത്തിയ ഗാന്ധിജിക്കുമുമ്പില്‍ ആര്‍.എസ്.എസുകാരുടെ സേവനോത്സുകതയെക്കുറിച്ച് സംസാരിച്ചവര്‍ക്ക് ഗാന്ധി നല്‍കിയ മറുപടി ഹിറ്റ്‌ലറുടെ ബ്രൗണ്‍ ഷേര്‍ട്ട്‌സ് എന്ന ഫാസിസ്റ്റ് സംഘടനയിലെ പ്രവര്‍ത്തകരും വലിയ സേവനോത്സുകത കാണിച്ചിരുന്നുവെന്നാണ്. സി.പി.ഐ.എം ന്റെ ജനകീയ ചരിത്രത്തെ ആര്‍.എസ്.എസിന്റെ ജനവിരുദ്ധ ഫാസിസ്റ്റ് ചരിത്രവുമായി സമീകരിക്കുന്നവരുടെ താല്‍പര്യമെന്താണെന്ന് കാര്യവിവരമുള്ളവര്‍ക്കെല്ലാം മനസ്സിലാകും.
അടുത്ത പേജില്‍ തുടരുന്നു

Advertisement