എസ്സേയ്‌സ് / കെ.ടി കുഞ്ഞിക്കണ്ണന്‍
മാറാട് കൂട്ടക്കൊലയെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണം അട്ടിമറിക്കുന്നതില്‍ മുസ്ലിംലീഗ് നേതൃത്വവും ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന്‍ പിള്ളയും നടത്തിയ നീചമായ ഗൂഢാലോചനയുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണല്ലോ. മാറാട് സംഭവങ്ങളെ ഉപയോഗിച്ച് ഭീതിദമായ സമുദായ ധ്രുവീകരണത്തിലേക്ക് കേരളീയ സമൂഹത്തെ തള്ളിവിടാന്‍ ബി.ജെ.പിയും മറ്റിതര സംഘപരിവാര്‍ സംഘടനകളും നടത്തിയ വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ എത്രമാത്രമായിരുന്നു. ഒരു കൂട്ടം ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ നിന്ദ്യമായ കൂട്ടക്കൊലയുടെ പേരില്‍ മാറാട് കടപ്പുറത്തു നിന്നും മുസ്ലിം മതവിശ്വാസികളെയാകെ സംഘപരിവാര്‍ സംഘടനകള്‍ അടിച്ചോടിച്ചു. അന്താരാഷ്ട്ര ബന്ധമുള്ള തീവ്രവാദി സംഘടനകളെയും അവരുടെ പ്രാദേശിക രക്ഷാധികാരികളായ മുസ്ലിംലീഗ് നേതൃത്വത്തെയും എതിര്‍ക്കുന്നതിന് പകരം മാറാട് കൂട്ടക്കൊലയെത്തുടര്‍ന്ന് ഭീകരമായ മുസ്ലിം വിരുദ്ധ വികാരം ഇളക്കി വിടാനാണ് ആര്‍.എസ്.എസ്സുകാര്‍ ആസൂത്രിതമായി ശ്രമിച്ചത്.
മാറാട് കൂട്ടക്കൊലക്കുത്തരവാദികളായ തീവ്രവാദികളും അവരുടെ സംരക്ഷകരുമായി ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ളയ്ക്കുള്ള ബാന്ധവം അന്വേഷിക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ തന്നെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യദ്രോഹികളെന്ന് ബി.ജെ.പിയും സംഘപരിവാര്‍ നേതാക്കളും നിരന്തരമായി ആക്ഷേപിക്കുന്ന എല്ലാവിധ വിധ്വംസക ശക്തികളുമായി ബി.ജെ.പി നേതൃത്വം പുലര്‍ത്തിപ്പോരുന്ന രഹസ്യബാന്ധവത്തിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്. സംഘപരിവാര്‍ നേതാക്കളുടെ ഇത്തരം രഹസ്യബാന്ധവങ്ങളുടെ ചരിത്രം ഞെട്ടിപ്പിക്കുന്നതാണ്.
ശ്രീധരന്‍ പിള്ള മലയാളിയുടെ മധ്യവര്‍ഗ്ഗ സെന്‍സിബിലിറ്റിയെ സുഖിപ്പിക്കുന്ന പൊടിക്കൈകളെല്ലാം പയറ്റി ഒരു ലിബറല്‍ പരിവേഷത്തില്‍, ഗോള്‍വാര്‍ക്കര്‍ മുമ്പ് പറഞ്ഞ ‘മറ്റെ പണി’ ഭംഗിയായി നിര്‍വഹിച്ചു പോരുന്നയാളാണ്
ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഗംഗോത്രിയെന്ന് സംഘപരിവാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന പാകിസ്ഥാനും ഐ.എസ്.ഐയുമായി ബി.ജെ.പി നേതാക്കള്‍ക്കുള്ള ബന്ധം മറനീക്കി പുറത്തു കൊണ്ടുവന്ന സംഭവങ്ങളായിരുന്നു ഹവാലാ കേസും കാണ്ഡഹാറിലേക്കുള്ള വിമാന റാഞ്ചല്‍ സംഭവവും. “93ലെ മുംബൈ സ്‌ഫോടനമടക്കമുള്ള ഇന്ത്യയിലെ ഐ.എസ്.ഐ പ്രവര്‍ത്തനങ്ങളുടെ ആസൂത്രകനായ ദാവൂദ് ഇബ്രാഹീമിന്റെ സംഘത്തിന് അഭയം നല്‍കിയത് ബ്രിജ്ഭൂഷണ്‍ ശരണ്‍ദാസ് എന്ന ബി.ജെ.പി എം.പിയായിരുന്നു.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും കേന്ദ്രീകരിച്ച് നടക്കുന്ന മയക്കു മരുന്ന് കള്ളക്കടത്തിലൂടെയാണ് അല്‍ഖ്വയ്ദ തങ്ങളുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നത്. പാകിസ്ഥാനില്‍ നിന്നും ആയിരക്കണക്കിന് കോടികളുടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ പിടിയിലായത് ബി.ജെ.പിയുടെ ഗുജറാത്തിലെ എം.എല്‍.എ ആയിരുന്ന ഹരീഷ് റാവുത്തറായിരുന്നു. വിഘടനവാദത്തിനെതിരെയും രാജ്യത്തെ ശിഥിലീകരിക്കുന്ന പ്രാദേശികവംശീയ സംഘടനകള്‍ക്കെതിരെയും വാചകമടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെയാണ് അദ്വാനി, ടാറ്റ മാനേജ്‌മെന്റും ഉള്‍ഫ തീവ്രവാദികളും തമ്മിലുള്ള രാജ്യദ്രോഹ ബാന്ധവത്തിന് മറയിടാനും ടാറ്റ മുതലാളിയെ രക്ഷിക്കാനും രംഗത്തിറങ്ങിയത്. 1997ല്‍ വിവരമറിഞ്ഞ ഉടന്‍ അദ്വാനി ദല്‍ഹിയില്‍ നിന്ന് ഗോഹട്ടിയിലേക്ക് പറക്കുകയായിരുന്നു.
ദല്‍ഹിയിലെ ബി.ജെ.പി നേതാക്കളുടെ സ്വന്തം സംരക്ഷകനും പണദാതാവുമായ രമേശ് ശര്‍മ്മ എന്ന പ്രമാണിക്ക് ദാവൂദ് ഇബ്രാഹീമുമായുള്ള ബന്ധം പരസ്യമാക്കപ്പെട്ട ഒരു രഹസ്യം മാത്രമാണ്. ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ മുന്നോട്ട് വെക്കുന്ന അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളും അവരുടെ പ്രവൃത്തികളും കൃത്യമായ ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രത്തിലധിഷ്ഠിതമാണ്.
ഏറ്റവും വലിയ രാജ്യസ്‌നേഹികളായി വേഷമിടുന്ന സംഘപരിവാര്‍, ശിഥിലീകരണ ശക്തികള്‍ക്കും ദേശവിരുദ്ധ ശക്തികള്‍ക്കുമെതിരെ വലിയ ആക്രോശം നടത്തുന്നവരാണ്. എന്നാല്‍ എല്ലാവിധ രാജ്യദ്രോഹ ശക്തികളും ഇന്ത്യാവിരുദ്ധ പ്രവൃത്തനങ്ങളുമായി ഗാഢമായ ബന്ധം പുലര്‍ത്തുന്നവരാണ് സംഘപരിവാറെന്ന് അവരുടെ രഹസ്യ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാവും.
ഓരോ ശാഖയിലും ഭക്ത്യാദരപൂര്‍വ്വം നിര്‍വ്വഹിക്കുന്ന അഖണ്ഡഭാരത പ്രതിജ്ഞ മുതല്‍ ആര്‍.എസ്.എസിന്റെ ഓരോ രാജ്യസ്‌നേഹ നാട്യവും കടുത്ത ദേശദ്രോഹ ചെയ്തികളെ മറച്ചു പിടിക്കുവാനുള്ള വേഷം കെട്ടലുകള്‍ മാത്രമാണ്. ഹിന്ദുത്വവും അതിന്റെ പേരിലുള്ള സംഘപരിവാറിന്റെ വര്‍ഗീയവല്‍ക്കരണവും നിഷ്‌കളങ്കരായ സാധാരണ ഹിന്ദുമത വിശ്വാസികളുടെ മതവികാരത്തെ സ്വന്തം കുടില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുവാനുള്ള കുത്സിതമായ ശ്രമം മാത്രം. സംഘപരിവാറിന്റെ ഉത്ഭവം മുതലുള്ള അവരുടെ രാഷ്ട്രീയ പരിണാമങ്ങളും നിലപാടുകളും നിരീക്ഷിച്ചിട്ടുള്ള പല രാഷ്ട്രീയ നിരീക്ഷകരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതിനേക്കാളെല്ലാമുപരി, വളരെ വ്യക്തമായും സാമ്രാജ്യത്വ മൂലധനതാത്പര്യങ്ങളുടെ ഏറ്റവും നല്ല നടത്തിപ്പുകാരും ഏജന്റുമാരുമാണ് സംഘപരിവാര്‍. ബ്രിട്ടീഷ് കാലഘട്ടം മുതല്‍ കൊളോണിയല്‍ വിരുദ്ധ സമരങ്ങളെ വഴിതെറ്റിക്കുവാനും ഇന്ത്യന്‍ ജനതയുടെ ഐക്യം തകര്‍ക്കുവാനുമുള്ള സാമ്രാജ്യത്വ തന്ത്രങ്ങളുടെയും കരുക്കളമായിട്ടാണ് മുസ്ലിംലീഗും ഹിന്ദുമഹാസഭയും പിന്നീട് ആര്‍.എസ്.എസ്സുമെല്ലാം ജന്മമെടുത്തത്. മുസ്ലിംലീഗിന്റെയും ഹിന്ദുമഹാസഭയുടെയും ആവിര്‍ഭാവ ഘട്ടത്തില്‍ തന്നെ അന്നത്തെ എ.ഐ.സി.സി അധ്യക്ഷനായിരുന്ന ഗോപാലകൃഷ്ണ ഗോഖലെ പറഞ്ഞത് രണ്ടും വര്‍ഗ്ഗീയമാണെന്ന പോലെ ഇന്ത്യാവിരുദ്ധവുമാണെന്നാണ്. ആര്‍.എസ്.എസ് എങ്ങിനെ ബ്രിട്ടീഷ് താല്‍പര്യങ്ങളുടെ നിര്‍വാഹകരായി പ്രവര്‍ത്തിച്ചുവെന്ന് ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് രേഖകള്‍ തന്നെ വെളിവാക്കിയിട്ടുണ്ട്.
1947ന് ശേഷം അമേരിക്കന്‍ സാമ്രാജ്യത്വവും സി.ഐ.എയും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ തങ്ങളുടെ നവകൊളോണിയല്‍ താത്പര്യങ്ങളുടെ നിര്‍വ്വാഹകരായി സംഘപരിവാറിനെ ഉപയോഗിക്കുന്നുവെന്ന് അമ്പതുകളില്‍ സി.ഐ.എ ഉദ്യോഗസ്ഥനായ ജെ. എക്വറാന്റെ റിപ്പോര്‍ട്ടുകള്‍ തെളിവുകള്‍ നല്‍കുന്നുണ്ട്. പാവപ്പെട്ട ഹിന്ദു മത വിശ്വാസികളെ ഇളക്കി വിട്ട് നാടിനെയാകെ വര്‍ഗ്ഗീയ വത്കരിക്കുന്ന ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്ന ഇന്ത്യാവിരുദ്ധ ശക്തികളുമായി രഹസ്യബന്ധം തുടരുന്നുവെന്നാണ് നിരവധി സംഭവങ്ങള്‍ അനാവരണം ചെയ്യുന്നത്.
തങ്ങളുടെ തന്നെ വര്‍ഗ്ഗീയ പ്രത്യയ ശാസ്ത്രത്തിന്റെയും പ്രയോഗത്തിന്റെയും പ്രതിപ്രവര്‍ത്തനമെന്ന നിലയില്‍ സൃഷ്ടിക്കപ്പെടുന്ന വിഘടനവിധ്വംസക ശക്തികളുമായി കൈകോര്‍ത്തു പിടിക്കുന്ന സംഘപരിവാര്‍ നേതാക്കളുടെ കപട മുഖമാണ് ദാവൂദ് ഇബ്രാഹീമുമായുള്ള ബന്ധം മുതല്‍ മാറാട് കൂട്ടക്കൊലക്കുത്തരവാദികളായവരുമായുള്ള അവരുടെ ബന്ധം വരെ തുറന്നു കാട്ടുന്നത്.
സി.ബി.ഐ അന്വേഷണവും ശ്രീധരന്‍ പിള്ളയും
പി.എസ് ശ്രീധരന്‍ പിള്ളയെ മലയാളികള്‍ക്കെല്ലാമറിയാം. സംഘപരിവാറിന്റെ ലിബറല്‍ മുഖമാണ് ശ്രീധരന്‍ പിള്ളയെന്നാണ് പല മാധ്യമ ബുദ്ധിജീവികളും അദ്ദേഹത്തിന് കല്‍പിച്ചു നല്‍കിയിരിക്കുന്ന പരിവേഷം. സംഘപരിവാറിന്റെ ഹാര്‍ഡ്‌കോറില്‍ ഉള്‍പ്പെട്ട ശ്രീധരന്‍ പിള്ള മലയാളിയുടെ മധ്യവര്‍ഗ്ഗ സെന്‍സിബിലിറ്റിയെ സുഖിപ്പിക്കുന്ന പൊടിക്കൈകളെല്ലാം പയറ്റി ഒരു ലിബറല്‍ പരിവേഷത്തില്‍, ഗോള്‍വാര്‍ക്കര്‍ മുമ്പ് പറഞ്ഞ “മറ്റെ പണി” ഭംഗിയായി നിര്‍വഹിച്ചു പോരുന്നയാളാണ് (സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പ് പഞ്ചാബില്‍ നടന്ന ഒരി ഒ.ടി.സി ക്യാമ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബ്രിട്ടീഷ് ഭരണത്തില്‍ ചെയ്തതു പോലുള്ള പണി സംഘം തുടരുമെന്നാണ് ഒരു സ്വയം സേവകന്റെ ചോദ്യത്തിന് ഗോള്‍വാര്‍ക്കര്‍ മറുപടി നല്‍കിയത്.)
കവിത എഴുത്തും മാധ്യമ അഭിമുഖങ്ങളുമെല്ലാമായ ഒരു ഹാര്‍ഡ്‌കോര്‍ സ്വയം സേവകനില്‍ നിന്ന് താന്‍ അല്‍പം വ്യത്യസ്തനാണെന്ന് ഈ ബി.ജെ.പി നേതാവ് എപ്പോഴും നടിക്കുന്നു. എല്ലാം പ്രഛന്ന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന വര്‍ത്തമാന കാലമെന്നത് ആത്മ വഞ്ചനയുടെയും കാപട്യത്തിന്റെയും കാലം കൂടിയാണല്ലോ. ബ്രെഹത് പറഞ്ഞത് പോലെ കാപട്യം ഇല്ലാത്ത വാക്ക് വിഢിത്തമാകുന്ന ഒരു ഇരുണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
വിദേശ പണവും ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടും കൂടി നടന്ന മാറാട് കൂട്ടക്കൊലയുടെ പേരില്‍ നിരപരാധികളും സാധാരണക്കാരുമായ മാറാട്ടെ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ ക്രൂരമായി വേട്ടയാടപ്പെട്ടു.
അടുത്ത പേജില്‍ തുടരുന്നു
കേരളീയ അന്തരീക്ഷത്തിലേക്ക് ഗുജറാത്തുകള്‍ സൃഷ്ടിക്കപ്പെടുമോ എന്ന ഉത്കണ്ഠകള്‍ അസ്ഥാനത്തായിരുന്നില്ല. പ്രവീണ്‍ തൊഗാഡിയ പോലുള്ള ഹിന്ദുത്വ ഭീകരര്‍ മുസ്ലിം വിരുദ്ധ കലാപങ്ങള്‍ക്ക് പരസ്യമായി തന്നെ ആഹ്വാനങ്ങള്‍ മുഴക്കി. ശ്രീധരന്‍ പിള്ളയുടെ ബി.ജെ.പിയും കുമ്മനം രാജശേഖരന്റെ ഹിന്ദു ഐക്യവേദിയും മാറാട് കൂട്ടക്കൊലയെക്കുറിച്ച് സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചു.
വിദേശ രാജ്യങ്ങളിലേക്ക് നീളുന്ന ഗൂഢാലോചനകളും അന്താരാഷ്ട്ര ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകളും പങ്കാളിത്തവും സാമ്പത്തിക സഹായവും മാറാട് കൂട്ടക്കൊലക്ക് പിറകിലുണ്ടെന്ന വസ്തുത സി.ബി.ഐയെ പോലുള്ള ഒരന്വേഷണ ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാക്കുന്നതാണ്. മാറാട് കൂട്ടക്കൊലയെക്കുറിച്ചന്വേഷിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ സി.ബി.ഐ അന്വേഷണം ശുപാര്‍ശ ചെയ്യുകയും 2006ല്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് സി.ബി.ഐ അന്വേഷണം ആവര്‍ത്തിച്ചു ആവശ്യപ്പെടുകയും ചെയ്തു.
സംഭവകാലത്ത് യു.ഡി.എഫ് സര്‍ക്കാറില്‍ കുഞ്ഞാലിക്കുട്ടിയും മുസ്ലിംലീഗും അന്വേഷണത്തിനെതിരെ ചെലുത്തിയ സമ്മര്‍ദ്ദത്തിനു മുന്നില്‍ യു.ഡി.എഫ് സര്‍ക്കാറും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറും വഴങ്ങുകയായിരുന്നു. സി.ബി.ഐ അന്വേഷണത്തെ ലീഗ് നേതൃത്വം ഭയപ്പെട്ടിരുന്നു. യു.പി.എ സര്‍ക്കാറിനോട് ആവര്‍ത്തിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടും ലീഗിന്റെ സമ്മര്‍ദ തന്ത്രങ്ങള്‍ക്കു മുന്നില്‍ സി.ബി.ഐ അന്വേഷണം നിരസിക്കപ്പെടുകയാണുണ്ടായത്. അപ്പോഴെല്ലാം ബി.ജെ.പി തീവ്രഹിന്ദുത്വ വികാരമുണര്‍ത്തിച്ചുകൊണ്ട് യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും അധിക്ഷേപിക്കുകയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തു.
എന്നാലിപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന വിവരങ്ങള്‍ സംഘപരിവാറിന്റെ കാപട്യവും ഇരട്ടറോളും വ്യക്തമാക്കുന്നതാണ്. കൂട്ടക്കൊല നടന്ന ഉടനെയും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷവും സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടു തവണയും കോടതിയില്‍ സി.ബി.ഐ അന്വേഷണത്തിനായി വാദിക്കുവാനും വിധി വാങ്ങിക്കുവാനും ബി.ജെ.പി നേതാവും ഹൈക്കോടതിയില്‍ കേന്ദ്രത്തിന്റെ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലുമായിരുന്ന ശ്രീധരന്‍പിള്ള ശ്രമിച്ചില്ലെന്ന കാര്യം ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. ബി.ജെ.പി അധ്യക്ഷന്‍ കൂടിയായിരിക്കുന്ന സ്റ്റാന്‍ഡിംഗ് കൗണ്‍സിലായ ശ്രീധരന്‍പിള്ള കോടതിയില്‍ ഹാജരായില്ലെന്നത് സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്ന മുസ്ലിംലീഗ് നേതൃത്വവുമായുളള രഹസ്യബന്ധത്തിന്റെ ഫലമായിട്ടാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
2003 മെയ് മൂന്നിന്റെ കൂട്ടക്കൊലയെ തുടര്‍ന്ന്, പാലക്കാട്ടുകാരനായ ഗോകുല്‍ പ്രസാദ് അഡ്വ. തോട്ടത്തില്‍ രാധാകൃഷഅണന്‍ മുഖേനെയാണ് ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കുന്നത്. അന്ന് കേന്ദ്ര സര്‍ക്കാറി (എന്‍.ഡി.എ) ന്റെ സീനിയര്‍ കൗണ്‍സിലായിരുന്ന ശ്രീധരന്‍ പിളള കോടതിയില്‍ ഹാരജരായില്ല. പകരം കെ.ബി സജീഷ് എന്ന സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന്റെ ജൂനിയറായ പി. ഗോപിനാഥാണ് ഹാജരായത്.
കേന്ദ്രത്തില്‍ ബി.ജെ.പി ഭരണമായിരിക്കുക, സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെയായിരിക്കുക, ഈ അനുകൂല ഘടകങ്ങളെല്ലാമുണ്ടായിട്ടും കേടതിയില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പറയാനുള്ള അവസരം എന്തുകൊണ്ട് നഷ്ടപ്പെടുത്തി? ഇതിന് സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലറായ ശ്രീധരന്‍പിള്ള ഉത്തരവാദിയല്ലേ? ഇത് സംഘപരിവാര്‍ നേതൃത്വവും തീവ്രവാദികളും തമ്മിലുള്ള രഹസ്യ ധാരണയെയല്ലേ സൂചിപ്പിക്കുന്നത്? ഈ ലളിതമായ ചോദ്യങ്ങളെല്ലാം ഹിന്ദുമുസ്ലിം വര്‍ഗീയ വാദികള്‍ തമ്മിലുള്ള അവിശുദ്ധമായ ബാന്ധവത്തിലേക്കാണ് വെളിച്ചം വീശുന്നത്. സാദിഖലി ശിഹാബ് തങ്ങള്‍ മാത്രമല്ല കുഞ്ഞാലിക്കുട്ടിയുടെ രഹസ്യദൂതന്‍ വരെ ശ്രീധരന്‍പിള്ളയെ കണ്ടു! ഇവര്‍ മുട്ടന്റെയും കുട്ടന്റയും കഥയിലെ ചെന്നായയെ അനുസ്മരിപ്പിക്കുന്ന രക്തദാഹികളാണ്. എന്നുമാത്രമല്ല, ആപത്തില്‍ പെട്ടാല്‍ അവര്‍ പരസ്പരം സഹായിക്കുന്ന കൂട്ടാളികളുമാണ്.
സമസ്ത വര്‍ഗീയവാദികളും രാജ്യാന്തരമായൊഴുകുന്ന മാഫിയ മൂലധന രാഷ്ട്രീയത്തിന്റെ ജാരസന്തതികളാണ്. വിദേശ രാജ്യങ്ങളില്‍ നിന്നൊഴുകി എത്തുന്ന മാഫിയ മൂലധനത്തിന്റെ വെള്ളവും വളവും വലിച്ചെടുത്താണ് എല്ലാ വര്‍ഗ്ഗീയ തീവ്രവാദസംഘങ്ങളും ഇവിടെ വളരുന്നത്. ക്രൂരതയെ ജീവിത തുല്ല്യമാക്കുവാന്‍ പഠിപ്പിക്കുന്ന വര്‍ഗ്ഗീയ ശക്തികള്‍, മാധ്യകാലിക ആശയങ്ങളുടെ പുനരുജ്ജീവനത്തിലൂടെ സമൂഹത്തെയാകെ വിഷലിപ്തമാക്കുകയാണ്.
ഗോകുല്‍ പ്രസാദിന്റെ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടു കൊണ്ടുള്ള കേസിനെ ഹൈക്കോടതിയില്‍ സമര്‍ത്ഥമായി പൊളിച്ച ശ്രീധരന്‍പിള്ള തന്നെയാണ് കലാപത്തില്‍ മക്കള്‍ നഷ്ടപ്പെട്ട ഒരമ്മയെക്കൊണ്ട് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹരജി കൊടുപ്പിച്ചത്! പുഷ്പരാജിന്റെയും സന്തോഷിന്റെയും അമ്മ ശ്യമള ദേവിയുടെ കേസില്‍ ശ്രീധരന്‍പിള്ളയുടെ ജൂനിയര്‍മാരായ സി.എസ് സുനില്‍, സി.എസ് ശ്രീജിത്ത്, പി.ഗോപിനാഥ് എന്നിവരാണ് ഹാജരായത്. വിചിത്രമായൊരു വസ്തുത ഈ കേസില്‍ കേന്ദ്ര സര്‍്ക്കാറിനെ കക്ഷി ചേര്‍്ത്തില്ല എന്നതാണ്. സ്റ്റാന്‍ഡിംഗ് കൗണ്‍സിലായ ശ്രീധരന്‍പിള്ളക്ക് കേസ് വരുമ്പോള്‍ കോടതിയില്‍ നിന്ന് മാറിനില്‍ക്കുവാനാണ് പോലും ഇങ്ങനെ ചെയ്തത്! എങ്ങിനെയുണ്ട് ശ്രീധരന്‍പിള്ളയുടെ ബുദ്ധി?
ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗോകുല്‍ പ്രസാദ് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് വീണ്ടും കോടതിയിലെത്തി. അതിനു പിന്നാലെ ശ്യാമള ദേവിയുടെ ഹരജിയും എത്തി. അപ്പോള്‍ ശ്യാമള ദേവിക്കു വേണ്ടി ശ്രീധരന്‍ പിള്ള തന്നെയാണ് ഹാജരായത്. ഈ അവസരത്തിലാണ് സി.എസ് ബാബു എന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ കേസില്‍ കക്ഷി ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കോടതിയിലെത്തുന്നത്. പോലീസ് അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്നും ഈ അവസരത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കലായിരിക്കുമെന്നുമായിരുന്നു ബാബുവിന്റെ വാദം. ബാബുവിനു വേണ്ടി കോടതിയില്‍ ഹാജരായത് ശ്രീധരന്‍ പിള്ളയുടെ ജുനിയറായ അഡ്വ. ശ്രീകുമാറായിരുന്നു!
സീനിയര്‍ വക്കീല്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെടുന്ന പെറ്റീഷന് വേണ്ടി ഹാജരാവുക. സ്വന്തം ജൂനിയര്‍ വക്കീല്‍ തന്നെ സി.ബി.ഐ അന്വേഷണം പാടില്ലെന്ന് പറഞ്ഞ പെറ്റീഷന് വേണ്ടി കോടതിയില്‍ ഹാജരാകുക. ഇതെല്ലാം സി.ബി.ഐ അന്വേഷണത്തെ അട്ടിമറിക്കുവാനുള്ള ഗൂഢാലോചനയും വ്യവഹാരഭ്യാസങ്ങളുമല്ലാതെ മറ്റെന്താണ്?
ബ്രിജ്ഭൂഷണ്‍ ശരണ്‍ദാസും ദാവൂദ് ഇബ്രാഹീമും
ബി.ജെ.പിയുടെ യു.പിയില്‍ നിന്നുള്ള എം.പിയായിരുന്നു ബ്രിജ്ഭൂഷണ്‍ ശരണ്‍ദാസ്. 1993-ലെ മുംബൈ സ്‌ഫോടനത്തനു ശേഷം ദാവൂദ് സംഘത്തെ ഒളിപ്പിച്ചു വെച്ചത് ഇദ്ദേഹമാണ്. മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന് ബി.ജെ.പി നിരന്തരം ആരോപിച്ച അധോലോക നായകന്റെ അടുത്ത സഹായിയായിരുന്നു പോലും ബ്രിജ്ഭൂഷണ്‍ ശരണ്‍ദാസ്.
മുംബൈ സ്‌ഫോടനം അന്വേഷിച്ച കുറ്റാന്വേഷണ ഉദ്യാഗസ്ഥര്‍ ഇദ്ദേഹത്തിന്റെ ദാവൂദ് ബന്ധവും സ്‌ഫോടനം നടത്തിയവര്‍ക്ക് ഇദ്ദേഹം ചെയ്തുകൊടുത്ത സഹായങ്ങളും കണ്ടെത്തി. ടാഡ കോടതി ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്റ് അയച്ചതോടെ ബി.ജെ.പി നേതൃത്വം വെട്ടിലായി. ബ്രിജ്ഭൂഷണെ സംരക്ഷിക്കുവാന്‍ ബി.ജെ.പി നേതൃത്വം കിണഞ്ഞു പരിശ്രമിച്ചു. അതെല്ലാം ദയിനീയമായി പൊളിഞ്ഞു പോയതോടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി അടല്‍ ബിഹാരി വാജ്‌പേയിക്ക് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കി ആദരിച്ചു.
ദല്‍ഹിയിലെ നേതാക്കള്‍ക്ക് പണം കൊടുക്കുന്ന രമേശ് ശര്‍മ്മയും ദാവൂദും തമ്മിലുള്ള ബന്ധമന്വേഷിച്ചാല്‍ ബി.ജെ.പി നേതൃത്വത്തിന്റെ ദാവൂദ് ബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന ചുരുളുകളാണ് അഴിയുക.
ഇന്ത്യന്‍ ദേശീയതയെക്കുറിച്ചും കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വെട്ടിമുറിക്കുന്ന തീവ്രവാദികള്‍ക്കെതിരെയും വാചകമടിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ കാശ്മീര്‍ തീവ്രവാദികള്‍ക്ക് പണമെത്തിച്ചു കൊടുക്കുന്ന ജെയിന്‍ സഹോദരന്മാരില്‍ നിന്നും പണം പറ്റുന്ന വിവരമാണല്ലോ ഹവാല കേസിലൂടെ അനാവരണം ചെയ്യപ്പെട്ടത്. അദ്വാനി മുതല്‍ ബി.ജെ.പിയുടെ ഉന്നതരെല്ലാം ജെയിന്‍ ഡയറിയില്‍ പേരുള്ളവരായിരുന്നല്ലോ.
ജമ്മുകാശ്മീര്‍ തീവ്രവാദികള്‍ വാങ്ങിയതിനേക്കാള്‍ എത്രയോ വലിയ തുക ബി.ജെ.പിയുടെ ആറ് സീനിയര്‍ നേതാക്കള്‍ കെപ്പറ്റിയതായി ജെയിന്‍ ഹവാലാ കേസ് വ്യക്തമാക്കുകയുണ്ടായി. പുറമേക്ക് പാകിസ്ഥാന്‍ വിരോധവും ഐ.സ്.ഐ വിരുദ്ധതയുമെല്ലാം പറയുമ്പോഴും ഇത്തരം ദേശവിരുദ്ധ ശക്തികളുടെ പേറോളില്‍ പ്രവര്‍ത്തിക്കുന്നവരാണ് പല സംഘപരിവാര്‍ നേതാക്കളുമെന്നതാണ് വാസ്തവം. ജെയിന്‍ സഹോദരന്മാര്‍ ബഹുരാഷ്ട്ര കമ്പനികളുടെ മാത്രല്ല, ഐ.എസ്.ഐ ഉള്‍പ്പെടെയുള്ള ചാരസംഘനടകളുടെയും പണം ഹവാല വഴി ഇന്ത്യയില്‍ എത്തിച്ച് വിതരണം ചെയ്തിരുന്നവരായിരുന്നു.
എന്‍.ഡി.എ ഭരണകാലത്ത് പ്രതിരോധ മന്ത്രിയുടെ നിര്‍ദേശ പ്രകാരം അന്നത്തെ പ്രതിരോധ സെക്രട്ടറി അജിത്കുമാര്‍ മൂന്ന് സേനാവിഭാഗങ്ങള്‍ക്കയച്ച ഒരു സര്‍ക്കുലര്‍ ഔട്ട്‌ലുക്ക് വാരിക പുറത്തു കൊണ്ടുവന്നു. അത്യന്തം സ്‌തോഭജനകമായ വിവരങ്ങളായിരുന്നു ആ സര്‍ക്കുലറിന്റെ ഉള്ളടക്കം. അന്തമാന്‍ കടലിലൂടെ ചിറ്റഗോങ്ങിലെ ബോക്‌സ് ബസാറിലേക്ക് ആയുധക്കള്ളക്കടത്ത് നടത്തുന്ന കപ്പലുകളെക്കുറിച്ച് വിവരം കിട്ടിയാലും യാതൊരു നടപടിയും എടുക്കാന്‍ പാടില്ലെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. ഒരു കാരണവശാലും ആയുധക്കടത്ത് നടത്തുന്ന കപ്പലുകളെ പിടിക്കരുതെന്ന് ചുരുക്കം. കോക്‌സ് ബസാര്‍ ബംഗ്ലാദേശിലെ ഹുജി ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികളുടെ പ്രധാന താവള പ്രദേശമാണ്. 1998 ജൂലൈ 27നാണ് പ്രതിരോധ സെക്രട്ടറി സേനാ വിഭാഗങ്ങള്‍ക്ക് ഇങ്ങനെയൊരു സര്‍ക്കുലര്‍ അയച്ചത്.
കംബോഡിയയുടെയും തായ്‌ലണ്ടിന്റെയും മ്യാന്‍മറിന്റെയും അതിര്‍ത്തി പ്രദേശങ്ങളിലെ വനമേഖല ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും വിപണിയാണ്. ലോകത്തിലെ ഒട്ടുമിക്ക തീവ്രവാദ ഗ്രൂപ്പുകളും അധോലോക സംഘങ്ങളും ഇവിടെ നിന്നാണ് ആയുധങ്ങള്‍ വാങ്ങിക്കുന്നതും അതിനായി മയക്കുമരുന്നു കച്ചവടം നടത്തുന്നതും. ഇവിടെ നിന്നും എ.കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വഹിച്ചു പോകുന്ന കള്ളക്കടത്ത് കപ്പലുകളെ അന്തമാന്‍ കടലിലൂടെ കടന്നു പോകാന്‍ അനുവദിക്കണമെന്നാണ് ബി.ജെ.പി നേതൃത്വം കൊടുത്ത സര്‍ക്കാര്‍ സേനാവിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
1998 ഫെബ്രുവരി മാസത്തില്‍ അന്തമാന്‍ കടലില്‍ നിന്ന് ഇന്ത്യന്‍ സേന ഇത്തരമൊരു ആയുധക്കള്ളക്കടത്ത് കപ്പല്‍ പിടിച്ചു. അതില്‍ ഭീമമായ ആയുധം കണ്ടെത്തുകയും എട്ടുപേരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. അതേപോലെ പിന്നീട് വരുന്ന കപ്പലുകള്‍ പിടിക്കാതിരിക്കുവാന്‍ വേണ്ടിയാണ് ഉത്തരവെന്നത് വിശദീകരിക്കേണ്ടതില്ലല്ലോ. ഈ ഉത്തരവ് ഇറങ്ങിയതിന്റെ ഫലമായി നിറയെ ആയുധങ്ങളുമായി സഞ്ചരിക്കുന്ന മൂന്ന് കപ്പലുകളെക്കുറിച്ച് വിവരം ലഭിച്ചിട്ടും അവയെ പിടികൂടാന്‍ സേനാവിഭാഗങ്ങള്‍ക്ക് കഴിയാതെ പോയി.
ഇങ്ങനെ കടത്തപ്പെടുന്ന ആയുധങ്ങളില്‍ സിംഹഭാഗവും വടക്കു കിഴക്കന്‍ മേഖലകളിലെ തീവ്രവാദ സംഘങ്ങള്‍ക്കാണ് ലഭിക്കുന്നത്. നാഗാലാന്‍ഡിലും മണിപ്പൂരിലും ത്രിപുരയിലും അസമിലും ബോഡോ മേഖലയിലും പ്രവര്‍ത്തിക്കുന്ന ദേശവിരുദ്ധ ശക്തികളുമായി സംഘപരിവാറിനുള്ള രഹസ്യ ബാന്ധവത്തെയാണ് ഈ സംഭവം വെളിച്ചത്ത് കൊണ്ടുവന്നത്.
പാകിസ്ഥാനും താലിബാനുമെതിരെ തീ തുപ്പുന്ന ബി.ജെ.പിക്കാരുടെ തനിനിറമാണ് കാണ്ഡഹാറിലേക്കുള്ള വിമാന റാഞ്ചല്‍ സംഭവത്തോടെ വ്യക്തമാക്കപ്പെട്ടത്. താലിബാന്റെ ഭീഷണിക്ക് വഴങ്ങി റാഞ്ചികളാവശ്യപ്പെട്ട മൗലാനാ മുഹമ്മദ് അസറിനു പുറമെ അല്‍ ഉമര്‍ മുജാഹിദീന്‍ മേധാവിയായ മുഷ്ത്താഖ് അഹമ്മദ് സര്‍ഗാരിനെയും മറ്റൊരു തീവ്രവാദി നേതാവായ അഹമ്മദ് ഒമര്‍ സയീദ് ഷേക്കിനെയും വിട്ടയച്ചു. വിമാന റാഞ്ചലിന് പിറകില്‍ പ്രവര്‍ത്തിച്ച് ഹര്‍ക്കത്ത് ഉള്‍ അന്‍സാര്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ ആവശ്യപ്പെട്ടതെല്ലാം ബി.ജെ.പി നേതാവായ അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് സമ്മതിച്ചു കൊടുക്കുകയായിരുന്നു.


