എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസിനോട് സൗഹൃദമോ ?
എഡിറ്റര്‍
Sunday 7th October 2012 11:25am

‘ഇന്ത്യയിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഇന്ത്യന്‍ സമാജത്തിന്റെ സവിശേഷ മേന്മയാണെന്ന് ഉദ്‌ഘോഷിക്കുന്ന ഗുരുജിയുടെ അനുയായിക്ക് ഹിന്ദുക്കള്‍ ഒഴികെ മറ്റെല്ലാവരും ഇരുകാലി മൃഗങ്ങള്‍ ആണെന്ന അഭിപ്രയമില്ലെങ്കില്‍ ആദ്യം ഗോള്‍ വാള്‍ക്കറിനെ തള്ളിപ്പറയട്ടെ. എന്നിട്ടാവാം സി.പി.ഐ.എമ്മുമായി സൗഹൃദത്തിനായുള്ള അഭ്യര്‍ത്ഥന.’ ടി.ജി മോഹന്‍ദാസ് ആര്‍.എസ്.എസ് വാരികയില്‍ എഴുതിയ ലേഖനത്തോടുള്ള പി ജയരാജന്റെ പ്രതികരണം


എസ്സേയ്‌സ് /പി ജയരാജന്‍


P Jayarajan cpimരാഷ്ട്രീയ സ്വയം സേവക് സംഘം ഇറ്റലിയിലെ ഫാസിസത്തിന്റെ മാതൃക അനുകരിച്ചു ഇന്ത്യയില്‍  ആരംഭിച്ച പ്രസ്ഥാനമാണ്. അതിന്റെ ലക്ഷ്യം ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി മാറ്റുക എന്നതാണ്. ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തില്‍ തടസ്സം നില്‍ക്കുന്നതെന്തായാലും അതിനെയെല്ലാം ഇല്ലാതാക്കുക എന്ന ഫാസിസ്റ്റ് രീതിശാസ്ത്രം ആ സംഘടനയുടെ ചരിത്രത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നു.

അത്തരം ഒരു സംഘടനയുമായി യാതൊരു തരത്തിലുമുള്ള സമരസപ്പെടലും സാധ്യമല്ല, എന്തുകൊണ്ടെന്നാല്‍ സി.പി.ഐ.എം മാര്‍ക്‌സിസത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആണ്. മാര്‍ക്‌സിസമാവട്ടെ വിശ്വമാനവീകതയില്‍ അധിഷ്ട്ടിതമാണ്. ആര്‍.എസ്.എസ് തത്വശാസ്ത്രത്തിന്റെ ‘അപായകരമായ അപാകത’ മനസിലാക്കണമെങ്കില്‍ ടി.ജി മോഹന്‍ദാസിനേക്കാള്‍ ആശ്രയിക്കാവുന്നത് ഗോള്‍ വാല്‍ക്കറിനെയാണ്.

Ads By Google

ഗോള്‍ വാല്‍ക്കര്‍ പറയുന്നു ‘ഹിന്ദു ജനതയുടെ കാര്യവും അങ്ങനെയാണ്, ഏതെങ്കിലും നാമത്തിന്റെ ആവിശ്യമില്ലാതിരുന്ന കാലത്തും നാം നിലവിലുണ്ടായിരുന്നു. മനുഷ്യവര്‍ഗത്തിന് ഗുണകരമായ മിക്ക കാര്യങ്ങളെയും നാം ശരിക്കുള്ള ജീവിതത്തില്‍ കൊണ്ട് വന്നു. അക്കാലത്തു മാനവവര്‍ഗത്തിന്റെ ശിഷ്ട്ടഭാഗം വെറും ഇരുകാലി മൃഗങ്ങള്‍ മാത്രമായിരുന്നതിനാല്‍ നമ്മെ തിരിച്ചറിയാന്‍ പ്രത്യേക പേരുകളൊന്നും നല്‍കിയിരുന്നില്ല’ (വിചാരധാര പേജ് 80).

ലോകത്തിലെ ഇതര ജനനവിഭാഗങ്ങളെ മൃഗങ്ങളോട് ഉപമിക്കുന്നത് ഭാരതത്തിന്റെ സംസ്‌കാരത്തിന് നിരക്കുന്നതല്ലല്ലോ. അന്യ മതസ്ഥരോട് കാട്ടുന്ന അസഹിഷ്ണുതാ മനോഭാവത്തിന്റെ ആശയ തലമാണ് ഇത്. ഇതിനെ സങ്കുചിത മത ഭ്രാന്ത് എന്നല്ലാതെ എന്ത് പേര് വിളിക്കാന്‍് കഴിയും? ആര്‍.എസ്.എസ് = മതഭ്രാന്ത് എന്ന സമവാക്യം ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപെടുത്താന്‍ ആവുമോ?

ഇന്ത്യയിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഇന്ത്യന്‍ സമാജത്തിന്റെ സവിശേഷ മേന്മയാണെന്ന് ഉദ്‌ഘോഷിക്കുന്ന ഗുരുജിയുടെ അനുയായിക്ക് ഹിന്ദുക്കള്‍ ഒഴികെ മറ്റെല്ലാവരും ഇരുകാലി മൃഗങ്ങള്‍ ആണെന്ന അഭിപ്രയമില്ലെങ്കില്‍ ആദ്യം ഗോള്‍ വാള്‍ക്കറിനെ തള്ളിപ്പറയട്ടെ. എന്നിട്ടാവാം സി.പി.ഐ.എമ്മുമായി സൗഹൃദത്തിനായുള്ള അഭ്യര്‍ത്ഥന.

Karl Marx1962 ലെ ഇന്ത്യ-ചൈന യുദ്ധവസരത്തില്‍ സി.പി.ഐ.എം കൈക്കൊണ്ട നയത്തില്‍ എന്തോ മാറ്റം വരുത്തിയതായി ലേഖനത്തില്‍ പറയുന്നു. രണ്ടു അയല്‍രാജ്യങ്ങള്‍ എന്ന നിലയില്‍ അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കണം എന്നും യുദ്ധമല്ല മാര്‍ഗം എന്നുമാണ് സി.പി.ഐ.എം കൈകൊണ്ട നിലപാട്. പില്‍ക്കാലത്ത് വാജ്‌പേയ് അടക്കം സ്വീകരിച്ച മാര്‍ഗം ഇതുതന്നെയാണ്. അന്ന് ചൈന വിരുദ്ധ അപസ്മാരം പരത്തി സി.പി.ഐ.എമ്മിനെ വേട്ടയാടാന്‍ കോണ്‍ഗ്രസ്സിനൊപ്പം സംഘപരിവാരവും അണിനിരന്നതാണ് ചരിത്രം.

മാര്‍ക്‌സിസത്തിന്റെ ആണിക്കല്ലാണ് വര്‍ഗസമരം. അത് ലോകത്താകെ ശക്തിപ്പെടുകയാണ്. വാള്‍ സ്ട്രീറ്റ് സമരം മുതല്‍ ഇന്ത്യയിലെ തൊഴിലാളി വര്‍ഗം കൊടിയുടെ നിറവ്യത്യാസം കൂടാതെ 2013 ഫെബ്രുവരി മാസത്തില്‍ നടത്താന്‍ തീരുമാനിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് വരെ ഇതിന്റെ തെളിവാണ്. സംഘപരിവാറിനു ഇന്ത്യയിലെ ചില മേഖലകളില്‍ സ്വാധീനം ഉറപ്പിക്കാനായി എന്നത് വസ്തുതയാണ്, ഇവിടെങ്ങളിലെല്ലാം കോണ്‍ഗ്രസ്സിനായിരുന്നു സ്വാധീനം.

മതഭ്രാന്തന്മാര്‍ വെടിവെച്ചു കൊന്ന മഹാത്മജിയുടെ ജന്മസംസ്ഥാനം പോലും നരേന്ദ്രമോഡിക്ക് കീഴ്‌പ്പെട്ടു നില്‍ക്കുന്നുണ്ടെങ്കില്‍ വര്‍ഗീയതക്കെതിരെ ഒന്നും ചെയ്യാതിരിക്കുകയോ അല്ലെങ്കില്‍ അതുമായി സമരസപ്പെടുകയോ ചെയ്യുന്ന കോണ്‍ഗ്രസാണ് ഉത്തരവാദി. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വാധീനമുള്ള കേരളത്തില്‍ ആശയതലത്തില്‍ മാത്രമല്ല പ്രായോഗികമായും അവരുടെ നുഴഞ്ഞു കയറ്റത്തെ പ്രതിരോധിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. ഇതിന്റെ ഫലമായാണ് കേരളത്തിലോട്ടാകെ 200 സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ് കൊലക്കത്തിക്കിരയായത്. രക്തസാക്ഷിത്വത്തിന്റെ മഹത്വവും അവരുടെ ജീവന്റെ വിലയും നന്നായി അറിയാവുന്ന പാര്‍ട്ടിക്ക് ആര്‍.എസ്.എസ്സുമായി സൗഹൃദം പങ്കിടാന്‍ ആവില്ല.
അടുത്ത പേജില്‍ തുടരുന്നു

Advertisement