ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം കൈവരിച്ച രാജ്യത്തെ ആദ്യ എം.എന്‍.ബി.സിയായി കെ.എസ്.എഫ്.ഇ
Kerala
ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം കൈവരിച്ച രാജ്യത്തെ ആദ്യ എം.എന്‍.ബി.സിയായി കെ.എസ്.എഫ്.ഇ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th August 2025, 8:12 pm

തിരുവനന്തപുരം: മിസലേനിയസ് നോണ്‍ബാങ്കിങ് കമ്പനി വിഭാഗത്തില്‍ (എംമ്പസി) രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി ധനകാര്യ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇ. ഒരു ലക്ഷം കോടി രൂപയുടെ ബിസിനസെന്ന ചരിത്ര നേട്ടത്തിലെത്താനും കെ.എസ്.എഫ്.എയ്ക്ക് സാധിച്ചു.

കെ.എസ്.എഫ്.ഇയുടെ ഈ നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം ചന്ദ്രശേഖര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം.

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, എം.എല്‍.എ ആന്റണി രാജു, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, നടന്‍ സൂരജ് വെഞ്ഞാറമൂട് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

കെ.എസ്.എഫ്.ഇയുടെ ഈ നേട്ടം കേരളത്തിനും സംസ്ഥാന ധനകാര്യ വകുപ്പിനും അഭിമാനം നല്‍കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സ്ഥാപനം ബാങ്കിങ് ഇതര മേഖലയില്‍ ഗംഭീരമായ ഒരു നേട്ടം കൈവരിക്കുന്നത്. അതും ഒരു പൊതുമേഖലാ സ്ഥാപനമാണ് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസെന്ന നേട്ടത്തിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തികൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

കേരളത്തില്‍ സ്ഥാപിതമായി പിന്നീട് എല്ലാ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ച കെ.എസ്.എഫ്.ഇ ഒരു ട്രില്യണ്‍ രൂപ ബിസിനസ് നേടിയ ചരിത്ര നിമിഷത്തിലാണ് നില്‍ക്കുന്നതെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കെ.എസ്.എഫ്.എയുടെ ഈ നേട്ടം കേരളത്തിലെ ജനങ്ങള്‍ക്ക് അഭിമാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ തലമുറകളുടെ പ്രയത്‌നമാണ് കെ.എസ്.എഫ്.ഇയെ ഈ നേട്ടത്തിലെത്തിച്ചതെന്നും കെ.എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്, അതായത് ഒമ്പത് വര്‍ഷം മുമ്പ് 30,000 കോടി ആയിരുന്നു കെ.എസ്.എഫ്.ഇയുടെ ബിസിനസ് നേട്ടം. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് 50,000 കോടിയായി വര്‍ധിച്ചു.

നാല് വര്‍ഷം കൂടി കഴിഞ്ഞപ്പോഴാണ് കെ.എസ്.എഫ്.ഇ ഇപ്പോഴത്തെ ചരിത്ര നേട്ടത്തിലെത്തിയതെന്നും കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങളുമായാണ് കെ.എസ്.എഫ്.ഇ മുന്നോട്ടുപോകുന്നത്. വീടുകള്‍ നിര്‍മിക്കാനും വാഹനം വാങ്ങാനും കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്താനുമെല്ലാം കെ.എസ്.എഫ്.ഇ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ഉണ്ടെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ബിസിനസുകാര്‍ക്ക് നിതാന്തമായി സഹായം നല്‍കുന്ന സ്ഥാപനം കൂടിയാണ് കെ.എസ്.എഫ്.ഇ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Content Highlight: KSFE becomes the first MNBC in the country to achieve a business profit of Rs. 1 lakh crore