ടീമിന്റെ നേതൃത്വത്തെ മാറ്റേണ്ട സമയമാണിത്; അയ്യര്‍ക്കെതിരെ ക്രിസ് ശ്രീകാന്ത്
Cricket
ടീമിന്റെ നേതൃത്വത്തെ മാറ്റേണ്ട സമയമാണിത്; അയ്യര്‍ക്കെതിരെ ക്രിസ് ശ്രീകാന്ത്
ശ്രീരാഗ് പാറക്കല്‍
Monday, 13th July 2026, 10:41 pm

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി-20 പരമ്പരയില്‍ സമ്പൂര്‍ണമായി ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ 56 റണ്‍സിന് വീഴ്ത്തി ഇംഗ്ലണ്ട് 4-0ത്തിനാണ് പരമ്പര കൈപ്പിടിയിലാക്കിയത്. ആദ്യം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

അവസാന മത്സരത്തില്‍ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഇന്ത്യക്കെതിരെ അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ 14 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 27 റണ്‍സ് നേടിയായിരുന്നു പുറത്തായത്. മൂന്ന് മത്സരങ്ങള്‍ ബെഞ്ചിലിരുന്ന ശേഷമായിരുന്നു സഞ്ജു അവസാന മത്സരത്തിന് കളത്തിലെത്തിയത്.

കളിക്കുശേഷം മാധ്യമങ്ങളോട് സംസാരിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരോട് സഞ്ജു സാംസണെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ചോദിച്ചിരുന്നു. വലംകൈയ്യന്‍, ഇടംകൈയ്യന്‍ കോമ്പിനേഷന്‍ വേണമെന്ന് ടീം മാനേജ്മെന്റ് നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു അയ്യര്‍ പറഞ്ഞത്. മാത്രമല്ല സഞ്ജു ടീമിലെ ഒരു പ്രധാന അംഗമാണെന്നും ബാറ്റിങ് കൊണ്ട് നിരവധി മത്സരങ്ങള്‍ ജയിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മത്സര ശേഷം അയ്യര്‍ പറഞ്ഞ ഈ കാര്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ക്രിസ് ശ്രീകാന്ത്.

‘തോല്‍വിക്ക് ശേഷമുള്ള ചര്‍ച്ചയില്‍ എനിക്ക് അസ്വസ്ഥത തോന്നുന്നു. അവന്‍ സംസാരിച്ച രീതി ശരിയായില്ല. നിങ്ങള്‍ കളിക്കാരോട് പെരുമാറുന്ന രീതിയും യുവാക്കളെ ഉള്‍പ്പെടുത്തി നിങ്ങള്‍ എങ്ങനെ ടീം രൂപീകരിക്കുന്നു എന്നതും വളരെ പ്രധാനമാണ്. ഇതാണ് മുന്നോട്ടുള്ള വഴി എങ്കില്‍, ടീമിന്റെ നേതൃത്വത്തെ മാറ്റേണ്ട സമയമാണിത്.

ടീം മുന്നോട്ട് പോകുന്നതില്‍ മികച്ച പാതയിലാണ് എന്ന് ശ്രേയസ് പറഞ്ഞു. ആ തത്വമനുസരിച്ച് നോക്കുകയാണെങ്കില്‍ അയ്യരും ഗംഭീറും പരാജയപ്പെടുകയാണ്. മാത്രമല്ല കളിക്കാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെന്ന് നിങ്ങള്‍ എന്തിനാണ് പറയുന്നത്? നിങ്ങളുടെ പ്രകടനം എന്താണ്? ന്യായമായി പറഞ്ഞാല്‍, ബാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതും ടീമിന്റെ ടോപ് സ്‌കോററായി മാറിയതും ‘ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍’ മാത്രമാണ്,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

Content Highlight: Kris Srikkanth Talking About Shreyas Iyer And Indian Team Management

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ