ലാവ്‌ലിന്‍ കേസില്‍ സി.പി.ഐ.എം-ബി.ജെ.പി അന്തര്‍ധാര, കേസ് നീട്ടിവെക്കാനുള്ള സി.ബി.ഐ അപേക്ഷ ദുരൂഹം: മുല്ലപ്പള്ളി രാമചന്ദ്രന്‍
Lavlin Case
ലാവ്‌ലിന്‍ കേസില്‍ സി.പി.ഐ.എം-ബി.ജെ.പി അന്തര്‍ധാര, കേസ് നീട്ടിവെക്കാനുള്ള സി.ബി.ഐ അപേക്ഷ ദുരൂഹം: മുല്ലപ്പള്ളി രാമചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th October 2020, 8:12 am

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട സി.ബി.ഐ നടപടി ദുരൂഹമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ മാസം ആദ്യവാരം കേസ് പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട സി.ബി.ഐയുടെ പുതിയ നീക്കത്തിന് പിന്നില്‍ സി.പി.ഐ.എം-ബി.ജെ.പി ഇടപെടല്‍ ഉണ്ടെന്ന് കരുതുന്നുവെന്നും മുല്ലപ്പള്ളി ഫേസ്ബുക്കിലെഴുതി.

‘ ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവയ്ക്കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയ സി.ബി.ഐയുടെ നടപടി ദുരൂഹമാണ്. ഈ കേസില്‍ സി.ബി.ഐ തുടര്‍ച്ചയായി ഒളിച്ചുകളി നടത്തുകയാണ്. 2018 ന് ശേഷം സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്ന ലാവ്ലിന്‍ കേസ് 20 തവണയാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെട്ട ഈ കേസ് ഇത്രയും തവണ മാറ്റിവെക്കുന്നത് സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമാണ്.’ മുല്ലപ്പള്ളി പറഞ്ഞു.

ഈ മാസം ആദ്യവാരം കേസ് പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന് നിലപാടെടുത്ത സി.ബി.ഐ ആണ് ഇപ്പോള്‍ വീണ്ടും ചുവടുമാറ്റം നടത്തിയത്. ഇതിന് പിന്നില്‍ സി.പി.ഐ.എം-ബി.ജെ.പി ഇടപെടല്‍ ഉണ്ടെന്ന് തന്നെ കരുതണം. സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

സി.ബി.ഐയുടെ സംശയാസ്പദമായ പിന്‍മാറ്റം ഇരുവരും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണോയെന്ന ചോദ്യവും മുല്ലപ്പള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ ഉന്നയിച്ചു. ഏത് ദുഷ്ടശക്തികളുമായി ചേര്‍ന്നും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്, എന്നാലത് വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് വാദം രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് സി.ബി.ഐയുടെ അപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. സുപ്രീം കോടതി ആവശ്യപ്പെട്ട രേഖകള്‍ തയ്യാറാക്കാന്‍ സമയം വേണമെന്നാവശ്യപ്പെട്ടാണ് സി.ബി.ഐ വാദം നീട്ടിവെക്കാന്‍ അപേക്ഷ നല്‍കിയത്.

ഒക്ടോബര്‍ 8ന് വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 16 ലേക്ക് സുപ്രീംകോടതി മാറ്റിയത്.
രണ്ട് കോടതികള്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്നും കേസില്‍ ശക്തമായ വാദവുമായി വേണം സി.ബി.ഐ വരാനെന്നും കോടതി പറഞ്ഞിരുന്നു. സി.ബി.ഐ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിക്കാനുള്ള രേഖകള്‍ തയ്യാറാക്കുന്നതിനാണ് സി.ബി.ഐ സമയം ആവശ്യപ്പെട്ടത്.

സി.ബി.ഐക്ക് വേണ്ടി തുഷാര്‍ മേത്തയും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുമാണ് ഹാജരായിരുന്നത്. പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി തെറ്റെന്ന് തുഷാര്‍ മേത്ത വാദിച്ചു.

അടിയന്തരപ്രാധാന്യമുള്ള കേസാണെന്ന് നേരത്തെ സി.ബി.ഐ കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുമാണ് സുപ്രീം കോടതിയിലെത്തിയത്.

രണ്ട് തരം ഹരജികളാണ് കോടതിയുടെ പരിഗണനയിലുണ്ടാായിരുന്നത്. മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയതാണ് ഒന്നാം അപ്പീല്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദ് ചെയ്ത ഹൈക്കോടതിയെ ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ രണ്ടാം ഹരജികളും കോടതിയുടെ പരിഗണനയിലാണ്.

കേസില്‍ ആരോപണ വിധേയരായ പിണറായി വിജയന്‍, കെ മോഹന്‍ ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്.എന്‍.സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവ്‌ലിന്‍ കേസിന് കാരണമായത്.

കേസന്വേഷിച്ച സി.ബി.ഐയുടെ ആരോപണങ്ങള്‍ തെളിവില്ലെന്ന് കണ്ട് സി.ബി.ഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KPCC President Mullappally Ramachandran alleges CPIM-BJP nexus in Lavlin Corruption Case