പിണറായി വിജയന്റെ ഭീരുത്വത്തിന് സംരക്ഷണം നല്‍കാന്‍ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും ദ്രോഹിക്കരുത്; പൊലീസിനോട് കെ. സുധാകരന്‍
Kerala News
പിണറായി വിജയന്റെ ഭീരുത്വത്തിന് സംരക്ഷണം നല്‍കാന്‍ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും ദ്രോഹിക്കരുത്; പൊലീസിനോട് കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th June 2022, 10:35 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പൊലീസിനെ കടന്നാക്രമിച്ചായിരുന്നു കെ. സുധാകരന്റെ പ്രതികരണം.

പിണറായി വിജയന്‍ എന്നൊരു ഭീരുവിന്റെ സ്ഥലകാല ബോധമില്ലാത്ത ഉത്തരവുകള്‍ അതുപോലെ നടപ്പാക്കാനിറങ്ങിയാല്‍ പൊലീസ് ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരായിപോകുമെന്ന് സുധാകരന്‍ പറഞ്ഞു.

‘കേരളാ പോലീസിനോട്. തെറ്റ് ചെയ്യുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ നിയമപരമായ അവകാശമുള്ളവരാണ് നിങ്ങള്‍. നാട്ടിലെ സമാധാനവും സ്വസ്ഥതയും ഉറപ്പാക്കേണ്ടവരാണ് നിങ്ങള്‍. ആ നിങ്ങള്‍ തന്നെ ജനങ്ങളോട് തെറ്റ് ചെയ്യാനിറങ്ങിയാല്‍ പരാജയപ്പെടുന്നത് നിയമവാഴ്ചയാണ്, ജനാധിപത്യമാണ്.
രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാന്‍ എന്ത് വൃത്തികേടിനും കേരള പൊലീസ് കൂട്ടു നില്‍ക്കരുത്,’ സുധാകരന്‍ പറഞ്ഞു.

പൊലീസ് സേനയിലെ നല്ലൊരു വിഭാഗവും ന്യായത്തിന് വേണ്ടി നില്‍ക്കുന്നവരാണെന്നതില്‍ ഞങ്ങള്‍ക്ക് തര്‍ക്കമില്ല. പക്ഷെ സി.പി.ഐ.എമ്മിന് വേണ്ടി വിടുവേല ചെയ്യുന്നവരും നിര്‍ഭാഗ്യവശാല്‍ ആ കൂട്ടത്തിലുണ്ട്.

പിണറായി വിജയന്‍ എന്നൊരു ഭീരുവിന്റെ സ്ഥലകാല ബോധമില്ലാത്ത ഉത്തരവുകള്‍ അതുപോലെ നടപ്പാക്കാനിറങ്ങിയാല്‍ പോലീസ് ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരായിപോകും. സമരം ചെയ്യുന്ന സ്ത്രീകളെ സൈബറിടങ്ങളില്‍ ക്രൂരമായി അപമാനിക്കുന്ന സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണടയ്ക്കുന്ന പോലീസ്, കറുത്ത മാസ്‌ക് ധരിക്കുന്നവരെ, കറുത്ത വസ്ത്രം ധരിച്ചവരെ ഒക്കെ അടിച്ചോടിക്കുന്നത് ഏത് നിയമത്തിന്റെ ഭാഗമായാണെന്നും സുധാകരന്‍ ചോദിച്ചു.

യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡുകള്‍ അടച്ചിടുന്നതും പൊതുജനങ്ങളെ അകാരണമായി വഴി തടയുന്നതും ആര്‍ക്ക് വേണ്ടിയാണ്? എന്ത് നീതിയാണ് നിങ്ങള്‍ നടപ്പിലാക്കുന്നത്?
ഒരു വ്യക്തിയുടെ ഭീരുത്വത്തിന് സംരക്ഷണം നല്‍കാന്‍ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും ദ്രോഹിക്കരുത്.

ആയിരക്കണക്കിന് പൊലീസുകാരുടെ ഒത്ത നടുക്ക് നിന്ന് ‘എന്നെ വിരട്ടാന്‍ നോക്കേണ്ടെന്ന’ അടിമുടി ഭയന്നുനില്‍ക്കുന്ന മനുഷ്യന്റെ ജല്‍പനങ്ങള്‍ കേട്ട് തലകുലുക്കുന്ന പൊലീസുകാരോടാണ്.
ലോകത്തുള്ള മുഴുവന്‍ മലയാളികള്‍ക്കും അപമാനമായ പിണറായി വിജയനെതിരെ സമരങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതതിന്റെ വഴിക്ക് തന്നെ ഞങ്ങള്‍ നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടിയത്. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തിയിരുന്നു. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

CONTENT HIGHLIGHTS:  KPCC President K Sudhakaran has strongly criticized Chief Minister Pinarayi Vijayan for increasing security