തിരുവനന്തപുരം: തന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഹാക്ക് ചെയ്യാന്‍ ആരോ ശ്രമിക്കുന്നതായി എഴുത്തുകാരന്‍ കെ. സച്ചിദാനന്ദന്‍. നിരന്തരമായി പുതിയ ആപ്പുകള്‍ തന്റെ ഫോണില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.

ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളും അടക്കം സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സച്ചിദാനന്തന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ തന്റെ ഫോണും ലാപ്‌ടോപ്പും ഹാക്ക് ചെയ്യാന്‍ ശ്രമമെന്ന് അദ്ദേഹം അറിയിക്കുന്നത്.

വിറളി പിടിച്ച കേന്ദ്രസര്‍ക്കാര്‍ ആരെയും എന്തും ചെയ്യാവുന്ന അവസ്ഥയിലാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. അതു കൊണ്ട് ഒരു ദിവസം കാണാതായാല്‍ ഒട്ടും പരിഭ്രമിക്കേണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

നിരന്തരമായി പുതിയ ആപ്പുകള്‍ ഫോണില്‍ വരുന്നതിനൊപ്പം അവ തുറന്നില്ലെങ്കില്‍ മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിലത് മറച്ചു വെയ്ക്കുന്ന പ്രശ്‌നം താന്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തിരാവസ്ഥയില്‍ രണ്ടു കുറി പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അതിനു ശേഷം അറസ്റ്റ് ചെയ്തപ്പോഴും കുറേക്കാലം പടിക്കല്‍ ക്രൈംബ്രാഞ്ച് നിരീക്ഷണം ഉണ്ടായപ്പോഴും മോദി സര്‍ക്കാര്‍ ഫേസ്ബുക്ക് രണ്ടു തവണ തടഞ്ഞപ്പോഴും കര്‍ഷകസമരത്തിലും ഷഹീന്‍ ബാഗിലും ആദിവാസി സമരത്തിലും നേരിട്ട് പങ്കെടുത്തപ്പോഴും ഒരു സാധാരണ പൗരന്റെ ചുമതലയായേ കരുതിയിരുന്നുള്ളൂ.

ഇപ്പോള്‍ പല രീതിയില്‍ ചെയ്യുന്നതും അഹിംസാത്മകമായ പ്രതിഷേധം തന്നെ. എന്നാല്‍ വിറളി പിടിച്ച കേന്ദ്രസര്‍ക്കാര്‍ ആരെയും എന്തും ചെയ്യാവുന്ന അവസ്ഥയിലാണ്.

അതു കൊണ്ട് ഒരു ദിവസം കാണാതായാല്‍ ഒട്ടും പരിഭ്രമിക്കേണ്ടാ. 80 വര്‍ഷം സാര്‍ത്ഥകമായി ജീവിച്ചു. 60 വര്‍ഷം ജോലി ചെയ്തു. ധാരാളം.’ സച്ചിദാനന്ദന്‍ കുറിച്ചു.

Content Highlight: Koyamparambath Satchidanandan Allleges Hacking targeting on His Mobile Phone and Laptop